മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം

Mail This Article
കൊല്ലം ∙ മുത്തച്ഛനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവിനു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കാപ്പ നിയമപ്രകാരം തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ കഴിയുന്ന കേരളപുരം കരിമ്പിൻപുഴ ഉഷസ്സിൽ വാടകയ്ക്ക് താമസിക്കുന്ന ഷിബുവിനെ (35) ആണ് മുത്തച്ഛനായ പുരുഷോത്തമൻ ആചാരിയെ (78) കൊലപ്പെടുത്തിയ കേസിൽ കൊല്ലം നാലാം അഡീഷvൽ സെഷൻസ് കോടതി ജഡ്ജി എസ്.സുഭാഷ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി അധികം കഠിന തടവ് അനുഭവിക്കണം .
2021 മാർച്ച് 31 രാത്രി 11.30നായിരുന്നു കേസിനാസ്പദമായ സംഭവം. ഷിബു ഭാര്യയെ മർദിക്കുന്നത് പുരുഷോത്തമൻ ആചാരി തടയാൻ ശ്രമിച്ചതാണു കൊലപാതകത്തിനു കാരണം. കൈമുറുക്കി നെഞ്ചത്ത് ഇടിക്കുകയും ചവറുമാന്തി കൊണ്ടു മുതുകിൽ അടിക്കുകയും ചെയ്തു. വാരിയെല്ലുകൾ ഒടിയുകയും നട്ടെല്ലിനു പൊട്ടലേൽക്കുകയും ചെയ്തു. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ആയിരുന്നു അന്ത്യം. വിചാരണ വേളയിൽ ദൃക്സാക്ഷികളായ പ്രതിയുടെ ഭാര്യയും പ്രായപൂർത്തിയാകാത്ത മകളും ഉൾപ്പെടെ പ്രധാന സാക്ഷികളെല്ലാം കൂറു മാറിയെങ്കിലും പുരുഷോത്തമൻ ആചാരിയുടെ മരണമൊഴിയും പ്രോസിക്യൂഷൻ ഹാജരാക്കിയ മറ്റു തെളിവുകളുമാണ് നിർണായകമായത്.
പുരുഷോത്തമൻ ആചാരിയെ ആശുപത്രിയിൽ എത്തിച്ച ഓട്ടോഡ്രൈവർ അബ്ദുൽ സലീമിന്റെ മൊഴിയും നിർണായകമായി. പൊലീസിനെ ആക്രമിച്ചത് ഉൾപ്പെടെയുള്ള കേസിൽ പ്രതിയാണു ഷിബു. കുണ്ടറ ഇൻസ്പെക്ടർ ആയിരുന്ന എസ്.എസ്.സജികുമാർ റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയ കേസിൽ സിഐ എസ്.മഞ്ജു ലാൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ അഡീഷനൽ ഗവൺമെന്റ് പ്ലീഡർ അഡ്വ. കെ.കെ.ജയകുമാർ കുന്നത്തൂർ ഹാജരായി. സിപിഒമാരായ അജിത്ത്,വിദ്യ എന്നിവർ ആയിരുന്നു പ്രോസിക്യൂഷൻ സഹായികൾ