റോളർ സ്കേറ്റിങ്ങിൽ നേട്ടങ്ങൾ കൊയ്ത് സഹോദരങ്ങൾ

Mail This Article
പാമ്പാടി ∙ കോവിഡ് കാലത്ത് ആളൊഴിഞ്ഞ റോഡുകളിൽ സ്കേറ്റിങ്ങിൽ പരിശീലനം. ഇപ്പോൾ ഹൈവേയിൽ ബസുകൾ എത്തുന്നതിന് മുൻപ് പുലർച്ചെ 4.30 മുതൽ പരിശീലനം. കഠിന പരിശീലനത്തിനൊടുവിൽ റോളർ സ്കേറ്റിങ്ങിൽ നേട്ടങ്ങൾ കൊയ്‌ത 3,4 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥി സഹോദരങ്ങൾ. 19മത് സഹോദയ കോട്ടയം ഇന്റർ സ്കൂൾ റോളർ സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ 400, 800 മീറ്ററിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് പാമ്പാടി ക്രോസ് റോഡ്സ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ആൻ റിയ താരമായത്.
ആൻ റിയ സഹോദരൻ ആൻവിൻ വർഗീസിനെ മാതൃകയാക്കിയാണ് സ്കേറ്റിങ് രംഗത്തേക്ക് ഇറങ്ങിയത്. ഇരുവരും സംസ്ഥാനതലത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് നേട്ടങ്ങൾ കരസ്ഥമാക്കി. ആൻവിനും കഴിഞ്ഞ 4 വർഷമായി സ്കേറ്റിങ് മത്സരങ്ങളിൽ നേട്ടം കൊയ്‌ത വിദ്യാർഥിയാണ്. കോവിഡ് കാലത്ത് ആളൊഴിഞ്ഞ റോഡിലേക്ക് സഹോദരങ്ങൾ പരിശീലനത്തിനിറങ്ങി. അന്ന് വാഹന തിരക്കൊന്നുമില്ലാത്ത റോഡിലെ പരിശീലനമാണ് ആൻ റിയയെ സ്കേറ്റിങ് താരമാക്കിയത്.
സഹോദരനും ക്രോസ് റോഡ്സ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയുമായ ആൻവിൻ ആൻ റിയയുടെ ആദ്യ ഗുരുനാഥനാണ്. സ്കേറ്റിങ്ങിൽ ആൻ റിയ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ സ്കൂൾ അധികൃതരും ആൻ റിയയുടെ രക്ഷിതാക്കളും ചേർന്ന് വിദഗ്‌ദ പരിശീലനം നൽകി. പാമ്പാടി വെള്ളക്കട ജെ.ജെസ്‌വിന്റെയും അനുമോളുടെയും മക്കളാണ് ആൻവിനും ആൻ റിയയും. വിദ്യാർഥികളായ ഇരുവരും ഇപ്പോൾ പുലർച്ചെ രക്ഷിതാക്കളുടെയും പരിശീലകന്റെയും ഒപ്പമാണ് പരിശീലനത്തിന് ഇറങ്ങുന്നത്.
അതും ഹൈവേയിൽ ബസുകളും മറ്റ് വാഹനങ്ങളുമില്ലാത്ത സമയത്ത്. ഇതിന് പുറമേ എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് 1.15 മുതൽ 2.30 വരെ പാമ്പാടി ക്രോസ് റോഡ്സ് സ്കൂളിലെ ഗ്രൗണ്ടിലും ഇവർക്ക് പരിശീലന സൗകര്യം ഒരുക്കി നൽകിയിട്ടുണ്ട്.