ജലസംഭരണി തകർത്തു; നടപടി സ്വീകരിക്കാതെ അധികൃതർ

Mail This Article
ഭരണങ്ങാനം ∙ പഞ്ചായത്തിലെ 3-ാംവാർഡ് ആലമറ്റത്തെ ജലപദ്ധതിയുടെ 10,000 ലീറ്റർ സംഭരണശേഷിയുള്ള ജലസംഭരണി സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി പരാതി. പ്രദേശത്തെ 45 കുടുംബങ്ങളിൽ ശുദ്ധജലം എത്തിക്കുന്ന ജലസംഭരണിയാണ് പുനർനിർമിക്കാൻ കഴിയാത്ത വിധം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകർത്തത്. പാറമട ലോബിയാണ് ഇതിനു പിന്നിലെന്ന് ആരോപണമുണ്ട്.വേനൽക്കാലത്ത് ശുദ്ധജലത്തിന് കടുത്ത ദൗർലഭ്യം നേരിടുന്ന പ്രദേശമാണ് ആലമറ്റം. 2014ൽ ജലസമൃദ്ധി കുടിവെള്ള പദ്ധതിക്കായി ജലനിധിയുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ചതായിരുന്നു ജലസംഭരണി.
പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ ഉൾപ്പെട്ട ടാങ്ക് തകർത്തിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്.നിയമ നടപടി സ്വീകരിക്കാതെ പ്രശ്നം ഒത്തുതീർപ്പാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ജലസംഭരണി തകർക്കപ്പെട്ടതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിച്ച് നഷ്ടപരിഹാരം ഈടാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.