കെട്ടി നാട്ടിയത് പൊലീസുകാരനാണ്; വിളവു മോശമാകുമോ?

Mail This Article
കടുത്തുരുത്തി ∙ കെട്ടി നാട്ടി നെൽക്കൃഷിയിൽ സിവിൽ പൊലീസ് ഓഫിസറുടെ വിജയഗാഥ. വയനാട്ടിൽ വികസിപ്പിച്ച കുള്ളൻ തൊണ്ടി നെൽവിത്ത് ഒന്നര ഏക്കറിൽ ജൈവകൃഷി ചെയ്ത് വിളവെടുപ്പു നടത്തിയിരിക്കുകയാണ് തലയോലപ്പറമ്പ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറായ കല്ലറ പനപ്പറമ്പിൽ പി.കെ.രാജേഷ് കുമാർ. ഏറെ ഔഷധഗുണമുള്ള ജൈവ നെല്ലായ കുള്ളൻ തൊണ്ടി അരിയാക്കി വിപണിയിലും ഇറക്കി. കുള്ളൻ തൊണ്ടി നെൽവിത്ത് പ്രത്യേക രീതിയിലാണ് മുളപ്പിച്ചെടുക്കുന്നതും കൃഷി ചെയ്യുന്നതും. 40 ഇനം പച്ചില തനതുരീതിയിൽ ചതച്ച മിശ്രിതത്തിൽ നാടൻപശുവിന്റെ ചാണകവും മൂത്രവും ചേർത്ത് കുഴച്ച് നെൽവിത്തിടും. പിന്നീട് ചെറിയ ഉരുളകളാക്കി ഉണക്കിയെടുക്കും . ഇതിനിടയിൽ നെൽവിത്തു മുളയ്ക്കും.
10–ാം ദിവസം ഇവ ഒരുക്കിയ പാടത്തിടും. വളത്തിൽ പൊതിഞ്ഞ വിത്ത് പക്ഷികൾ കൊണ്ടുപോകില്ല. മാത്രമല്ല പറിച്ചുനടീലും ഇല്ല. ഈ കൃഷിരീതിയാണ് കെട്ടി നാട്ടി കൃഷി. ഒന്നര ഏക്കർ പാടത്തായിരുന്നു രാജേഷ് കുമാർ കുള്ളൻ തൊണ്ടി കെട്ടി നാട്ടി രീതിയിൽ കൃഷി ചെയ്തത്. വയനാട്ടിലെ കർഷകനായ അജി തോമസിൽ നിന്നാണ് രാജേഷ് കുള്ളൻ തൊണ്ടി വിത്തു സംഘടിപ്പിച്ചത്. 120 ദിവസം കൊണ്ട് നെല്ല് വിളവെടുപ്പിന് പാകമായി. ഒന്നര ഏക്കറിൽനിന്ന് 22 ക്വിന്റൽ നെല്ല് കിട്ടി. രാജേഷിന്റെ കെട്ടി നാട്ടി നെൽക്കൃഷി കാണാൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. ആറര കിലോ നെൽവിത്ത് മതി ഒരേക്കർ പാടത്ത് വിതയിറക്കാൻ. സാധാരണ നെൽക്കൃഷിക്ക് 40 കിലോ വിത്ത് വരെ വേണ്ടിവരും. ജോലിക്ക് പോകും മുൻപും ജോലി കഴിഞ്ഞ് എത്തിയ ശേഷവുമായിരുന്നു രാജേഷിന്റെ കൃഷിപരിചരണം.
ഭാര്യ അധ്യാപികയായ സുജയും മക്കളായ സായതിയും സർവതിയും അച്ഛന്റെ ജൈവകൃഷിക്ക് പിന്തുണ നൽകി. പൂർണമായി ചാണകവും മൂത്രവും പഞ്ചഗവ്യവും മാത്രമാണ് വളമായി കൃഷിക്ക് ഉപയോഗിച്ചത്. വിളവെടുത്ത നെല്ലിൽ 13 ക്വിന്റൽ പുഴുങ്ങി അരിയാക്കി മാറ്റി. തവിട് കളയാതെയാണ് അരിയെടുത്തത്. ഔഷധഗുണമേറിയ കുള്ളൻ തൊണ്ടി ജൈവ അരി മാഞ്ഞൂർ റൈസ് എന്ന പേരിൽ കർഷക കൂട്ടായ്മയായ പച്ച ഗ്രൂപ്പ് വിൽപന നടത്തും. കിലോയ്ക്ക് 70 രൂപയാണ് വില. ആദ്യ വിൽപന മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജിന് കൈമാറി നിർവഹിച്ചു. കൃഷി ഓഫിസർ കെ. ഷിജില, വൈസ് പ്രസിഡന്റ് ബിജു കൊണ്ടൂക്കാല, ജയിംസ് പുല്ലാപ്പള്ളി, ബിനോയി ഇമ്മാനുവൽ, കെ.ബി. രാജേഷ്, കെ. ശ്രീദേവി, ബാബു തൂമ്പുങ്കൽ, കെ.ബി. രാജേഷ്, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
ഇതാണ് പ്രത്യേകത
കുള്ളൻ തൊണ്ടി അല്ലെങ്കിൽ തോണ്ടി, വയനാടൻ തോണ്ടി നെൽവിത്ത് വയനാട്ടിലെ ആദിവാസികളുടെ ഇടയിൽ പ്രചാരത്തിലുള്ള നാടൻ നെൽവിത്താണ്. മറ്റു നെല്ലിനങ്ങളെ അപേക്ഷിച്ച് ചെടി ചെറുതാണ്.നെൽച്ചെടി വരൾച്ചയെ പ്രതിരോധിക്കും. ഇത് മഴ കുറവുള്ള പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നതിനു യോജിച്ച ഇനമാണ്. ഈ അരിയിൽ തവിടു കൂടുതലാണ്.