ഗൗരാമി, കോയി കാർപ്, ഗോൾഡ് ഫിഷ്, പാരറ്റ്, ഓസ്കാർ..; ഇവിടെ വർണ മത്സ്യങ്ങളുടെ ‘മാരിവില്ലഴക്’
Mail This Article
താമരശ്ശേരി∙ ഓമശ്ശേരി താഴെ മുടൂർ ചിത്താരിക്കൽ അജയ് എന്ന യുവാവിന്റെ വീടിന് ‘മത്സ്യ ഭവനം’ എന്ന പേരാകണം കൂടുതൽ അന്വർഥമാവുക. റെയിൻബോ ഓർണമെന്റൽ ഫിഷ് ഫാം എന്ന പേരിൽ അതിജീവനത്തിനായി വീട്ടിൽ ഒരുക്കിയിരിക്കുന്ന ഈ അലങ്കാര മത്സ്യകൃഷി ഫാമിന് മാരിവില്ലിന്റെ അഴകാണ്. വീടിന്റെ പൂമുഖം മുതൽ രണ്ടാം നിലയുടെ മുകൾ വരെയും നിര നിരയായി നിരത്തി വച്ചിരിക്കുന്ന ഗ്ലാസ് ബോക്സുകൾക്കുള്ളിൽ നിറച്ചിരിക്കുന്ന വെള്ളത്തിൽ കണ്ണഞ്ചിപ്പിക്കുന്ന വർണ മത്സ്യങ്ങളാണ് ഓടിക്കളിക്കുന്നത്. കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ ഗപ്പിയുടെ 30ൽ പരം ഇനം കഞ്ഞുങ്ങൾ അജയിന്റെ മത്സ്യവളർത്തു ഭവനത്തിലുണ്ട്.
ഗൗരാമി, കോയി കാർപ്, ഗോൾഡ് ഫിഷ്, പാരറ്റ്, ഓസ്കാർ തുടങ്ങി നൂറിൽ പരം ഇനത്തിൽ പെട്ട മത്സ്യ കുഞ്ഞുങ്ങൾ ഈ മത്സ്യ ഭവനെ സമ്പന്നമാക്കുന്നു. അലങ്കാര മത്സ്യങ്ങളോടൊപ്പം ഭക്ഷ്യ മത്സ്യങ്ങളായ തിലാപ്പിയ, കട്‌ല, രോഹു, ഗ്രാസ് കാർപ്, അസാം വാള, റെഡ് തിലാപ്പിയ, കരിമീൻ എന്നിവയുടെ കുഞ്ഞുങ്ങളും സുലഭമാണ്. മത്സ്യ കുഞ്ഞുങ്ങളെ വളർത്തുന്നതിലുള്ള വ്യത്യസ്ത പോലെ തന്നെ ഉപയോഗിക്കുന്ന അക്വേറിയങ്ങൾക്കും ഒരു ’അജയ് ടച്ച്’ ഉണ്ട്. ചെറുതും വലുതുമായ ഗ്ലാസ് ബോക്സുകൾ, ജാറുകൾ എന്നിവയോടൊപ്പം പഴയ ഫ്രിജുകൾ സംഘടിപ്പിച്ച് ഉള്ളിലെ അറകൾ ഒഴിവാക്കിയ ബോക്സുകളിലുമായാണ് മത്സ്യ കുഞ്ഞുങ്ങളെ വളർത്തുന്നത്.