ചുങ്കം–ഫാറൂഖ് കോളജ് റോഡ് നവീകരണം: കലുങ്കുപണി തുടങ്ങി

Mail This Article
ഫറോക്ക് ∙ ചുങ്കം–ഫാറൂഖ് കോളജ് റോഡ് നവീകരണത്തിന്റെ ഭാഗമായി കലുങ്കുകളുടെ പ്രവൃത്തി തുടങ്ങി. 4.2 കോടി രൂപ ചെലവിട്ടു നടപ്പാക്കുന്ന പദ്ധതിയിൽ 3 കലുങ്കുകളാണു നിർമിക്കുന്നത്. റോഡിനു കുറുകെ 10 മീറ്റർ നീളത്തിലുള്ള കലുങ്കിന് 2 മീറ്റർ ഉയരവും ഒന്നര മീറ്റർ വീതിയുമുണ്ട്. 5 മീറ്റർ നീളത്തിൽ ആദ്യഘട്ടം പൂർത്തീകരിച്ച ശേഷം ഗതാഗത നിയന്ത്രണം നടത്തിയാകും ബാക്കി ഭാഗം നിർമിക്കുക. ഒരു മാസത്തിനകം പ്രവൃത്തി പൂർത്തീകരിക്കുകയാണു ലക്ഷ്യം. മഴവെള്ളം അനായാസം കടന്നു പോകുന്നതിനു സൗകര്യം ഒരുക്കിയാണ് നിർമാണം. കൊക്കിവളവ്, അടിവാരം എന്നിവിടങ്ങളിൽ കലുങ്കുകൾ പുതുക്കിപ്പണിയുന്നതിനൊപ്പം സഹകരണ ബാങ്കിനു സമീപത്താണ് പുതിയതു നിർമിക്കുന്നത്. നിലവിലുള്ള കലുങ്ക് മണ്ണടിഞ്ഞു തൂർന്നതിനാൽ ഒഴുക്ക് തടസ്സപ്പെടുക പതിവാണ്. ഇതു പരിഹരിക്കാനാണ് പുതിയ നിർമാണത്തിനു പദ്ധതിയിട്ടത്.
കലുങ്ക് പൂർത്തിയാകുന്നതോടെ റോഡ് പ്രവൃത്തി തുടങ്ങാനാണ് പദ്ധതി. ഫറോക്ക് ചുങ്കം മുതൽ ജില്ലാ അതിർത്തിയായ അഴിഞ്ഞിലം കരുമകൻ കാവ് പരിസരം വരെ 3.15 കിലോമീറ്ററാണ് നവീകരിക്കുന്നത്. നിലവിലെ പ്രതലത്തിനു മുകളിൽ ബിഎംബിസി സാങ്കേതിക വിദ്യയിലാകും ടാറിങ്. ഇതോടൊപ്പം ട്രാഫിക് മുന്നറിയിപ്പ് ബോർഡുകളും മറ്റു റോഡ് അടയാളങ്ങളും സ്ഥാപിക്കാൻ എസ്റ്റിമേറ്റിൽ തുക ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഫറോക്ക് ചുങ്കത്ത് നിന്നു ദേശീയപാത ബൈപാസിലേക്ക് എളുപ്പം എത്തുന്ന പാതയിൽ കരുമകൻ കാവ് മുതൽ അഴിഞ്ഞിലം ബൈപാസ് ജംക്‌ഷൻ വരെയുള്ള ഭാഗം ഏതാനും മാസം മുൻപ് പുനർ നിർമിച്ചിട്ടുണ്ട്. പണി പൂർത്തിയാകുന്നതോടെ ഇതുവഴി ഗതാഗതം സുഗമവും സുരക്ഷിതവുമാകുമെന്നും മരാമത്ത് റോഡ്സ് വിഭാഗം അധികൃതർ പറഞ്ഞു.