എൻഐടിയിൽ വിദ്യാർഥി സംഘർഷം; രാഗം മാറ്റി വച്ചു

Mail This Article
ചാത്തമംഗലം ∙ കോഴിക്കോട് എൻഐടിയിൽ വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിയും സംഘർഷവും. പൊലീസ് ഇടപെടലിലാണ് സ്ഥിതി ശാന്തമായത്. സ്പിരിച്വാലിറ്റി ആൻഡ് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അയോധ്യയിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ പരിപാടികളെ തുടർന്നാണ് സംഘർഷം തുടങ്ങിയത്.
ഇതിന്റെ ചിത്രം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതിന് എതിരെ കമന്റ് ചെയ്ത ഒരു മലയാളി വിദ്യാർഥിയെ ഉത്തരേന്ത്യയിൽ നിന്നുള്ള ഏതാനും വിദ്യാർഥികളുടെ നേതൃത്വത്തിൽ മർദിച്ചത്രേ. ഇന്നലെ രാവിലെ പ്രധാന അക്കാദമിക് കെട്ടിടത്തിന് സമീപം മറ്റൊരു വിദ്യാർഥി പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചപ്പോൾ വീണ്ടും മർദനം ഏറ്റു എന്നാണ് വിദ്യാർഥികൾ പറയുന്നത്.
തുടർന്ന് കൂടുതൽ വിദ്യാർഥികൾ സംഘടിച്ച് എത്തി ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. സംഘർഷ സാധ്യത കണക്കിലെടുത്ത് കുന്നമംഗലം എസ്എച്ച്ഒ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് കാവലേർപ്പെടുത്തി. പിന്നീട് റജിസ്ട്രാർ, ചീഫ് വാർഡൻ തുടങ്ങിയവർ വിദ്യാർഥികളുമായി ചർച്ച നടത്തിയെങ്കിലും കഴിഞ്ഞ ദിവസം നടന്ന പരിപാടികളിൽ എൻഐടി അധികൃതർ പങ്കെടുത്തത് വിദ്യാർഥികൾ ചോദ്യം ചെയ്യുകയും എതിർ വിഭാഗം പിരിഞ്ഞു പോകാതെ പിരിഞ്ഞു പോകില്ല എന്ന് പറഞ്ഞതും വീണ്ടും സംഘർഷ സാധ്യത ഉണ്ടാക്കി.
പിന്നീട് പൊലീസ് ഇടപെടലിലാണ് വിദ്യാർഥികൾ പിരിഞ്ഞു പോയത്. 27 മുതൽ നടത്താനിരുന്ന തത്വ 23, മാർച്ചിൽ നിശ്ചയിച്ചിരുന്ന രാഗം പരിപാടികൾ വിദ്യാർഥി സംഘർഷത്തെ തുടർന്ന് മാറ്റിവച്ചതായി റജിസ്ട്രാർ പിന്നീട് സർക്കുലർ ഇറക്കി.