ചുങ്കം ചെക് പോസ്റ്റ് കെട്ടിടം ഓർമയാകുന്നു, പകരം മിനി സിവിൽ സ്റ്റേഷൻ കെട്ടിടമുയരും
Mail This Article
ഫറോക്ക് ∙ ചുങ്കത്ത് മിനി സിവിൽ സ്റ്റേഷൻ നിർമാണ നടപടിയുടെ ഭാഗമായി പഴയ ചെക്ക് പോസ്റ്റ് കെട്ടിടം പൊളിച്ചു തുടങ്ങി. മേൽക്കൂരയിലെ ഷീറ്റുകൾ നീക്കി കോൺക്രീറ്റ് ഭാഗം പൊളിക്കുന്ന പണികൾ പുരോഗമിക്കുകയാണ്. ഇതു പൂർണമായും പൊളിച്ചു നീക്കുന്നതോടെ മിനി സിവിൽ സ്റ്റേഷൻ പ്രവൃത്തി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
ബേപ്പൂർ നിയോജക മണ്ഡലത്തിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസുകൾ ഒരു കുടക്കീഴിലേക്കു മാറ്റാൻ 10 കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിട സമുച്ചയം നിർമിക്കുന്നത്. ഫറോക്ക് സബ് ട്രഷറി, വില്ലേജ് ഓഫിസ്, അസിസ്റ്റന്റ് ലേബർ ഓഫിസ്, എഇഒ ഓഫിസ് എന്നിവ പുതിയ കെട്ടിടത്തിലേക്ക് മാറും. ജിഎസ്ടി നടപ്പാക്കിയതോടെ ഏറെക്കാലമായി ചെക്ക് പോസ്റ്റ് കെട്ടിടം ഉപയോഗമില്ലാതെ കിടക്കുകയായിരുന്നു. വാണിജ്യ നികുതി വകുപ്പിനു കീഴിൽ ചുങ്കം ദേശീയപാതയോരത്ത് 26 സെന്റ് ഭൂമിയുണ്ട്.
ഇതു പ്രയോജനപ്പെടുത്തിയാണ് മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമാക്കുന്നത്. പുതിയ കെട്ടിടത്തിൽ താഴത്തെ നില പൂർണമായും പാർക്കിങ് സൗകര്യത്തിനു വിനിയോഗിക്കും. പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഫറോക്ക് വില്ലേജ് ഓഫിസ്, സബ് ട്രഷറി എന്നിവ ഒന്നാം നിലയിലും എഇഒ ഓഫിസ്, അസി.ലേബർ ഓഫിസ് എന്നിവ രണ്ടാം നിലയിലുമാണ് വിഭാവനം ചെയ്യുന്നത്.
മൂന്നാം നില പൂർണമായും ജിഎസ്ടി ഓഫിസുകൾക്ക് അനുവദിക്കാനാണ് ധാരണ. തികച്ചും ഭിന്നശേഷി സൗഹൃദമായി രൂപകൽപന ചെയ്തിരിക്കുന്ന കെട്ടിടത്തിൽ ലിഫ്റ്റ് സൗകര്യം, ലോബി, ശുചിമുറി, വിശ്രമ മുറി, കുടിവെള്ളം, ഇലക്ട്രിക്കൽ റൂം, തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.