ടീച്ചർക്കും കുട്ട്യോൾക്കും യൂണിഫോം!

Mail This Article
ജനുവരി 3; അന്നൊരു ബുധനാഴ്ചയായിരുന്നു. നാലാം ക്ലാസിലെത്തിയ അധ്യാപിക സാബിറയുടെ വസ്ത്രത്തിൽ കൗതുകത്തോടെ നോക്കിയ കുട്ടികൾ ഒരു കാര്യം ശ്രദ്ധിച്ചു. ടീച്ചർ അണിഞ്ഞിരിക്കുന്നത്, തങ്ങളുടെ യൂണിഫോമിന്റെ അതേ നിറങ്ങളുള്ള വസ്ത്രമാണ്. ഇന്റർവെൽ സമയത്ത് പുറത്തിറങ്ങിയപ്പോളാണ് കുട്ടികൾക്ക് കാര്യം പൂർണമായി മനസ്സിലായത്. സ്കൂളിലെ എല്ലാ അധ്യാപികമാരുടെ വസ്ത്രത്തിനും തങ്ങളുടെ യൂണിഫോമിന്റെ അതേ നിറങ്ങൾ തന്നെ. തിരൂർ തൃക്കണ്ടിയൂർ ജിഎൽപി സ്കൂളിലാണ് ഈ നിറക്കാഴ്ച. എല്ലാ ബുധനാഴ്ചകളിലും ഇവിടെയുള്ള അധ്യാപികമാരുടെ വസ്ത്രത്തിന്റെ നിറം ഒന്നാണ്. ചന്ദന നിറമുള്ള കുർത്തയും ചാരനിറമുള്ള സൽവാറുമാണ് അവരുടെ വേഷം. കൂടെയുള്ള ദുപ്പട്ടയ്ക്കും ചാരനിറമാണ്. കുട്ടികളുടെ യൂണിഫോമിലേക്കു നോക്കിയാലും കാണുന്നത് അതേ നിറങ്ങൾ തന്നെ. ഓരോ സ്കൂളിനും ഓരോ തനതു പദ്ധതി നടത്താനുള്ള അവസരം എസ്എസ്കെ നൽകാറുണ്ട്. തൃക്കണ്ടിയൂർ ജിഎൽപി സ്കൂൾ ഇത്തവണ ദീപ്തം – പറക്കാം, പറന്നുയരാം എന്ന പേരിൽ 2 പദ്ധതികൾ ഏറ്റെടുത്തു. ഒന്ന് ഇതായിരുന്നു. കഴിഞ്ഞ 3നാണ് യൂണിഫോം ധരിച്ചെത്തി അധ്യാപികമാർ പദ്ധതിക്കു തുടക്കമിട്ടത്.
കഥ പറയലാണ് ഇവരേറ്റെടുത്ത മറ്റൊരു പദ്ധതി. എല്ലാ ദിവസവും രാവിലെ ക്ലാസിലെത്തുന്ന അധ്യാപികമാർ കുട്ടികൾക്ക് ഓരോ കഥ ചൊല്ലിക്കൊടുക്കും, ഗുണപാഠമുള്ള കഥയായിരിക്കുമത്. അടുത്തയാഴ്ച കുട്ടികൾ ആ കഥ ഉൾക്കൊണ്ട് വായനക്കുറിപ്പ്, ദൃക്സാക്ഷി വിവരണം, ചിത്രങ്ങൾ എന്നിങ്ങനെ എന്തെങ്കിലും തയാറാക്കിക്കൊണ്ടുവരികയും ചെയ്യും. പ്രധാനാധ്യാപികയ്ക്കു പുറമേ എം.സാബിറ, എസ്.ടി.പ്രേമ, കെ.ടി.ഫിർദൗസ്, ആർ.അശ്വതി, ആതിര.എസ്.സുരേഷ്, പി.രാധിക, കെ.ടി.റാഷിദ എന്നിവരടക്കം 7 അധ്യാപികമാർ കൂടി ഇവിടെയുണ്ട്. അധ്യാപകന്മാരില്ല. രക്ഷിതാക്കളും ഇവരുടെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയുമായി കൂടെയുണ്ട്.