ഇങ്ങെത്താറായി വികസന‘സമൃദ്ധി’
Mail This Article
മുംബൈ ∙ മുംബൈ- നാഗ്പുർ സമൃദ്ധി എക്സ്പ്രസ് പാതയിൽ അഹമ്മദ്നഗർ ജില്ലയിലെ ഷിർഡിക്കും നാസിക് ജില്ലയിലെ ഭർവീറിനും ഇടയിലെ 80 കിലോമീറ്റർ കൂടി യാത്രക്കാർക്കായി തുറന്നുകൊടുത്തു. ഇതോടെ 701 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ പാതയുടെ 600 കിലോമീറ്ററിലൂടെയും വാഹനങ്ങളോടും. നാസിക്കിൽ നിന്ന് താനെ ജില്ലയിലെ ഭിവണ്ടി വരെ ശേഷിക്കുന്ന 101 കിലോമീറ്റർ ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ മുംബൈ- നാഗ്പുർ യാത്രാസമയം ഇപ്പോഴത്തെ 16 മണിക്കൂറിൽ നിന്ന് 8 മണിക്കൂറായി കുറയും.
ഷിർഡിക്കും നാഗ്പുരിനും ഇടയിലുള്ള 520 കിലോമീറ്റർ ഭാഗം കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തിരുന്നു.നാഗ്പുർ, വാർധ, അമരാവതി, വാശിം, ബുൽഡാന, ഔറംഗബാദ്, ജൽന, അഹമ്മദ്‌നഗർ, നാസിക്, താനെ എന്നീ 10 ജില്ലകളിലൂടെ കടന്നുപോവുകയും മറ്റ് 14 ജില്ലകളിലേക്കുള്ള റോഡ് ഗതാഗതം സുഗമമാക്കുകയും ചെയ്യുന്ന പദ്ധതി നൽകുന്ന വികസനപ്രതീക്ഷകളേറെയാണ്.
ഡൽഹി-മുംബൈ എക്‌സ്‌പ്രസ് പാതയിലേക്കും രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖങ്ങളിൽ ഒന്നായ ജെഎൻപിടി (ജവാഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റ്)യിലേക്കും അജന്ത-എല്ലോറ ഗുഹകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സുഗമയാത്ര സാധ്യമാകും. 55,000 കോടി രൂപയാണ് പദ്ധതിച്ചെലവ്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ചേർന്നാണ് പാത തുറക്കുന്ന ചടങ്ങ് നിർവഹിച്ചത്.