മണ്ണാർക്കാട് പൂരം: വലിയാറാട്ട് ഇന്ന്

Mail This Article
മണ്ണാർക്കാട് ∙ ആചാരാനുഷ്ഠാനങ്ങളുടെ പെരുമയും ആറാട്ട് എഴുന്നള്ളിപ്പിന്റെ ചാരുതയും കഞ്ഞി പാർച്ചയൊരുക്കുന്ന കൂട്ടായ്മയും സമ്മേളിക്കുന്ന മണ്ണാർക്കാട് പൂരം വലിയാറാട്ട് ഇന്ന് ആഘോഷിക്കും. ചെറിയാറാട്ട് നാളായ ഇന്നലെ പതിനായിരങ്ങൾ ക്ഷേത്രത്തിലെത്തി ഭഗവതിയെ വണങ്ങി. രാവിലെയും വൈകിട്ടും ഭഗവതിയുടെ ആറാട്ടെഴുന്നള്ളത്തിന് ആയിരങ്ങൾ ഭഗവതിയെ അനുഗമിച്ചു. ഇന്നു പുലരുന്നതോടെ അരകുർശി ഉദയർക്കുന്ന് ഭഗവതിയുടെ തിരുസന്നിധിയിലേക്കു ഭക്തരുടെ അണമുറിയാത്ത പ്രവാഹം ഉണ്ടാകും.
രാവിലെ 8.30നു വലിയാറാട്ടിന് ഭഗവതി എഴുന്നള്ളുന്നതോടെ തട്ടകത്തിൽ പൂരാവേശം പെയ്തിറങ്ങും. ആറാട്ടുകടവിൽ പ്രത്യേകം തയാറാക്കിയ കടവിൽ ഭഗവതിയുടെ ആറാട്ടിനൊപ്പം വിശ്വാസികളും പുഴയിൽ മുങ്ങിക്കുളിക്കും. തിരിച്ചെഴുന്നള്ളത്തിനു മേജർസെറ്റ് പഞ്ചവാദ്യത്തിന്റെ അകമ്പടിയുണ്ടാകും. ആറാട്ടെഴുന്നള്ളിപ്പ് കഴിയുന്നതോടെ ആറാട്ടുകടവിൽ മണ്ണാർക്കാട് പൂരത്തിന്റെ മാത്രം പ്രത്യേകതയായ കഞ്ഞിപാർച്ച ആരംഭിക്കും.
12.30 മുതൽ ഒരു മണിവരെ മേളം, നാഗസ്വരം. മൂന്നു മണിക്ക് ഓട്ടൻതുള്ളൽ, വൈകിട്ട് അഞ്ചിനു പാലക്കാട് രാധാകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഡബിൾ നാഗസ്വരം, ആറിനു മണ്ണാർക്കാട് ഹരിദാസും മണ്ണാർക്കാട് മോഹൻദാസും അവതരിപ്പിക്കുന്ന ഡബിൾ തായമ്പക, ഒൻപത് മുതൽ ആറാട്ടെഴുന്നള്ളിപ്പ്, പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ 90 കലാകാരൻമാർ പങ്കെടുക്കുന്ന പാഞ്ചാരിമേളം, കുടമാറ്റം എന്നിവ നടക്കും. നാളെ ചെട്ടിവേലയോടെ പൂരം സമാപിക്കും.