കൊട്ടിയും പാടിയും കുട്ടിക്കൂട്ടം വൈറലായി; താരമായി മാറിയ സരിഗ ശിങ്കാരിമേള ട്രൂപ്പ്– വിഡിയോ

Mail This Article
നാലാം ക്ലാസുകാരായ സായൂജിനും അഭിലാലിനും റിതിനും 50 രൂപ വീതം വേണം. മിഠായി വാങ്ങാനല്ല, മൂവർക്കും ഓരോ പ്ലാസ്റ്റിക് കുടം വാങ്ങണം. സായൂജിന്റെ വീട്ടിലെ പൊട്ടിയ കുടത്തിൽ ഇവർ നന്നായി കൊട്ടുന്നുണ്ട്. ദിവസവും മാറി മാറി കൊട്ടിയതോടെ കുടം കൂടുതൽ പൊട്ടി. കൊട്ടി പഠിക്കാൻ പുത്തൻ കുടം വേണം. മാതാപിതാക്കളോട് ചോദിച്ചിട്ടും കാര്യമൊന്നുമുണ്ടായില്ല. കയ്യിൽ കിട്ടുന്ന പാത്രങ്ങളിൽ കൊട്ട് പുരോഗമിച്ചു കൊണ്ടിരുന്നു. വീട്ടിലെ പാത്രങ്ങളെ രക്ഷിക്കാൻ അവസാനം 50 രൂപ വീതം നൽകി. നേരെ ഓടി കടയിലേക്ക്. 3 കുടവുമായി തിരിച്ചെത്തി.
8 അംഗ സംഘം
തത്തമംഗലം തേക്കിൻകാട്ടിലെ വീടുകൾക്കു സമീപമുള്ള വയലിനോടു ചേർന്ന പറമ്പിലേക്ക് കുടവുമായി മൂവരും ഇറങ്ങി. ഇവരുടെ കൊട്ടുകേട്ട് സഹോദരങ്ങളും ഒപ്പും കൂടി. പൂരവും വേലയും കേട്ടു വളർന്ന ഇവരുടെ ഉള്ളിലെ താളബോധം ഉണർന്നപ്പോൾ പിറന്നത് ഇമ്പമുള്ള മേളം. എൽ.അഭിലാലിന്റെ സഹോദരനും പത്താം ക്ലാസുകാരനുമായ എൽ. അവിനാഷാണ് സംഘത്തിലെ കാരണവർ. എസ്.സായൂജിന്റെ സഹോദരൻ എസ്.സനീഷും സഹോദരങ്ങളായ ആർ.നിവേദും ആർ.മിഥുലും ഒപ്പം കൂടി. നിഥിൻ രാജും ആർ.റിതിനും ചേരുന്നതോട ‘ശിങ്കാരിമേള’ സംഘം ഒരുങ്ങി.
കുടവും ബക്കറ്റും പാത്രവും
മുകൾ ഭാഗം മുറിച്ചു മാറ്റി കയറിൽ കോർത്ത് കുടത്തെ ചെണ്ടയാക്കി. പാത്രത്തിന്റെ അടപ്പിൽ ദ്വാരമിട്ട് കയറിൽ കോർത്ത് ഇലത്താളമുണ്ടാക്കി. പിടിയായി ചെറിയ ചിരട്ട കഷ്ണവും കയറിൽ കോർത്തെടുത്തു. ഡ്രംസായി പെയിന്റു ബക്കറ്റ് കയറിൽ കോർത്തെടുത്തു. രണ്ടു കോലുകൾ കൂടി സംഘടിപ്പിച്ചതോടെ മേളത്തിനുള്ള സംഘമായി. തങ്ങളുടെ സംഘത്തിന് കുട്ടിക്കൂട്ടം ഒരു പേരും കണ്ടെത്തി ‘സരിഗ കലാസമിതി’.
കേട്ടുപഠിച്ച കൊട്ട്
വേലയ്ക്ക് ശിങ്കാരി മേളം കൊട്ടുന്നത് കേട്ടാണ് സംഘം കൊട്ടിപ്പഠിച്ചത്. കുട്ടിക്കൂട്ടത്തിന്റെ മേളം കേട്ട കുടുംബങ്ങളും നാട്ടുകാരും പിന്തുണ നൽകി. ‘താരക പെണ്ണാണേ ...., കരിങ്കാളി’ പാട്ടുകളും പാടി കൊട്ടാൻ സംഘം പടിച്ചു.
വൈറൽ താരങ്ങൾ
ഇവരുടെ ശിങ്കാരിമേളം ഇൻസ്റ്റഗ്രാമിലൂടെ ഒന്നേ മുക്കാൽ കോടി ജനങ്ങൾ ഇതുവരെ കണ്ടു. ഇതോടെ സരിഗ ശിങ്കാരിമേള ട്രൂപ്പ് വയറലായി. ചാനലുകളിൽ പ്രോഗ്രാമുകൾ അവതരിപ്പിക്കാനും അവസരം ഉണ്ടായി. വൈറൽ സംഘത്തിന് ഇനിയും ഉണ്ട് സ്വപ്നങ്ങൾ ഏറെ. ഇത്തരം പരീക്ഷണങ്ങളിലൂടെ പുതിയ താള വിസ്മയങ്ങൾ സൃഷ്ടിക്കണം. തത്തമംഗലം ജിബിയുപി സ്കൂൾ, പെരുവമ്പ് സിഎച്ച്എസ്എസ് സ്കൂളിലെ വിദ്യാർഥികളായ ഇവർക്ക് പിന്തുണയുമായി സുഹൃത്തുക്കളും അധ്യാപകരും ഒരു നാട് തന്നെയും ഒപ്പമുണ്ട്.