പാലക്കാട് ജില്ലയിൽ ഇന്ന് (31-01-2025); അറിയാൻ, ഓർക്കാൻ

Mail This Article
പ്രാദേശിക പിടിഎ പരിശീലന ക്യാംപ് നടത്തി
കൊപ്പം ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ എസ്എസ്എല്‍സി വിദ്യാര്‍ഥികളുടെ ഗ്രേഡ് ഉയർത്തുക എന്ന ലക്ഷ്യത്തോടെ കുലുക്കല്ലൂർ, വിളയൂർ, കൊപ്പം പഞ്ചായത്തുകളിൽ പ്രാദേശിക പിടിഎ പരിശീലന ക്യാംപ് നടത്തി. കുലുക്കല്ലൂർ സാംസ്കാരിക നിലയത്തിൽ പഞ്ചായത്ത് അധ്യക്ഷ വി.രമണിയും വിളയൂർ പഞ്ചായത്തില്‍ പഞ്ചായത്ത് ഉപാധ്യക്ഷന്‍ കെ.പി.നൗഫലും കൊപ്പം പഞ്ചായത്തില്‍ പഞ്ചായത്ത് അധ്യക്ഷന്‍ ടി.ഉണ്ണിക്കൃഷ്ണനും ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ടി.കൃഷ്ണകുമാർ അധ്യക്ഷനായി. കുട്ടികളുടെ പരീക്ഷാ പരിശീലനങ്ങള്‍ക്കായി 30 പഠനവീടുകള്‍ തുടങ്ങാന്‍ തീരുമാനിച്ചു. കൊപ്പം പഞ്ചായത്ത് ഉപാധ്യക്ഷ കെ.ബീന, പഞ്ചായത്തംഗങ്ങളായ എസ്.മിനി, എം.കെ.ഷഫീഖ്, കെ.ബാലഗംഗാധരൻ, പ്രധാനാധ്യാപിക കെ.ടി.ജലജ, ടി.കെ.സാജിദ്, ടി.കെ.അബ്ദുല്‍ ഷുക്കൂർ തുടങ്ങിയവര്‍ പ്രസംഗിച്ചു.
താലപ്പൊലി ഇന്ന്
തൃത്താല ∙ കോട്ടപ്പാടം നെച്ചിക്കോട്ട്കാവ് ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ഇന്നു നടക്കും. രാവിലെ നടക്കുന്ന വിശേഷാൽപൂജകൾക്കു തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും. ഉച്ചയ്ക്കു ശേഷം വിവിധ ദേശങ്ങളുടെ ഉത്സവക്കാഴ്ചകൾ കാവിലെത്തും. രാത്രി കലാപരിപാടികളും ഉണ്ടാകും.
ലാബ് ടെക്‌നീഷ്യൻ ഒഴിവ്
നല്ലേപ്പിള്ളി ∙ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയമുള്ള നിശ്ചിത യോഗ്യതയുള്ളവർ ഫെബ്രുവരി 7 ന് രാവിലെ 11 നു കൂടിക്കാഴ്ചയ്ക്കു ഹാജരാകണം. 04923 282313, 94960 47221.
നടപ്പന്തൽ നിർമിക്കും
ആലത്തൂർ∙ കുനിശ്ശേരി പൂക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നടപ്പന്തൽ നിർമിക്കും. 20 ലക്ഷം രൂപ വകയിരുത്തിയാണ് പന്തൽ നിർമിക്കുന്നത്. ക്ഷേത്രം മേൽശാന്തി കെ.എൻ.വേണുഗോപാൽ ഭൂമിപൂജ നടത്തി. മാനേജിങ് ട്രസ്റ്റി കെ.എൻ.മധുസൂദനൻ, ട്രസ്റ്റിമാരായ ശാരംങധരൻ, പി.കെ.ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.