കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ സ്ഥിതിഗതികൾ വിലയിരുത്തി പൊലീസ്

Mail This Article
ശബരിമല ∙ ഓരോ മണിക്കൂറിലും പമ്പയിൽ നിന്നു മലകയറുന്ന തീർഥാടകർ, ദർശനം കഴിഞ്ഞു മലയിറങ്ങുന്നവർ, സന്നിധാനത്ത് വിരിവച്ചു വിശ്രമിക്കുന്നവരുടെ കണക്കുകൾ, മഴ വന്നാൽ അവർ ഓടിക്കയറാൻ സാധ്യതയുള്ള സ്ഥലങ്ങൾ. അവിടത്തെ സ്ഥിതി തുടങ്ങി കൃത്യമായ കണക്കുകൂട്ടലിലാണ് സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ എം.കെ.ഗോപാലകൃഷ്ണൻ. കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സന്നിധാനത്ത് അപകട സാധ്യതയുള്ള ഓരോ സ്ഥലങ്ങളിലും കർശന നിരീക്ഷണവും സുരക്ഷാ ക്രമീകരണവും ഏർപ്പെടുത്തി. തിരക്കുള്ള സമയത്ത് പ്രധാന സ്ഥലങ്ങളിൽ ഓടി എത്തി വേണ്ട നിർദേശങ്ങൾ നൽകുന്നു.
സന്നിധാനത്ത് തിരക്കു നിയന്ത്രണത്തിനുള്ള ക്രമീകരണങ്ങളും സുരക്ഷാ പരിശോധനയും ജാഗ്രതയും ഒരുപോലെ വർധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. തീർഥാടകർക്ക് സുഖമായ ദർശനം ലഭിക്കാനാണ് ശ്രമിക്കുന്നത്. 3 സെക്കൻഡ് എങ്കിലും ദർശനത്തിനു കിട്ടുമോ എന്നു നോക്കുന്നുണ്ട്. തിരക്കു കൂടുമ്പോൾ സോപാനത്തിനു മുൻപിൽ നിന്നു വേഗം തള്ളിവിടേണ്ടി വരും. കൊച്ചുകുട്ടികളെ പൊലീസുകാർ എടുത്ത് ഉയർത്തി തൊഴാൻ അവസരം നൽകുന്നുണ്ട്. ദർശനം കിട്ടിയില്ലെന്ന് ഇതുവരെ ആരും പരാതി പറഞ്ഞിട്ടില്ല.
പുലർച്ചെ 3 മുതൽ രാത്രി 11 വരെ 17 മണിക്കൂറാണ് തീർഥാടകർക്ക് ദർശനത്തിന് അവസരം ലഭിക്കുന്നത്. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് രാത്രി 12 മുതൽ 6 വരെയുള്ള സമയത്താണ്. ഈ സമയം വലിയ നടപ്പന്തൽ, പതിനെട്ടാംപടി, താഴെ തിരുമുറ്റം, വടക്കേനട, മാളികപ്പുറം എന്നിവിടങ്ങളിലാണ് തിരക്കു കൂടുതൽ. രാത്രി 11ന് നട അടച്ചാലും തിരക്കു കുറയ്ക്കാൻ പതിനെട്ടാംപടി കയറാൻ അനുവദിക്കുന്നുണ്ട്. ഇവരെ താഴെ തിരുമുറ്റത്ത് വിശ്രമിക്കാൻ അനുവദിക്കും.
വാവരുനട, മരാമത്ത് ഓഫിസിന് എതിർവശം,പാണ്ടിത്താവളം എന്നിവിടങ്ങളിലെ തുറസ്സായ സ്ഥലത്ത് ഇവരെ വിശ്രമിക്കാൻ അനുവദിക്കും. പുലർച്ചെ 3ന് നട തുറക്കുമ്പോൾ ദർശനം ആഗ്രഹിക്കുന്നവരെ വടക്കേനടയിൽ ഭണ്ഡാരം കെട്ടിടത്തിനു മുകളിലെ ക്യൂവിൽ കയറ്റി ഇരുത്തും. 1000 പേർ ആകുമ്പോഴേക്കും അവിടം നിറയും. പിന്നെ മാളികപ്പുറം നടപ്പന്തലിൽ. അവിടെ 1500 വരെ കയറ്റി വരിയായി ഇരുത്തും. പുലർച്ചെ 2 ആകുമ്പോഴേക്കും മാളികപ്പുറം നടപ്പന്തലും നിറഞ്ഞ് പാണ്ടിത്താവളം ഭാഗത്ത് ക്യു നീളുന്നുണ്ട്.
തിക്കും തിരക്കും ഉണ്ടാകാതിരിക്കാൻ സെക്ടർ തിരിച്ചാണ് ഇവരെ നിയന്ത്രിച്ചിരുത്തുന്നത്. ഓരോ സെക്ടറിലും പൊലീസിന്റെ സേവനവും ഉറപ്പാക്കി. പതിനെട്ടാംപടി കയറാൻ വലിയ നടപ്പന്തലിൽ 8 നിരയായിട്ടാണു തീർഥാടകരെ നിർത്തുന്നത്. ഒരു നിരയിൽ 350 പേർ ഉണ്ടാകും. വലിയ നടപ്പന്തൽ നിറഞ്ഞു യു ടേൺ വരെ ക്യു നീണ്ടാൽ സന്നിധാനത്തേക്കുള്ള തീർഥാടകരെ മരക്കൂട്ടത്തു നിന്നു നിയന്ത്രിച്ച് കടത്തിവിടും മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിലെ ക്യു കോംപ്ലക്സിൽ വിശ്രമിച്ച് സന്നിധാനത്തേക്ക് പോകാൻ അനുവദിക്കും.
സന്നിധാനത്തിൽ മാത്രം 7 ഡിവൈഎസ്പി, 24 സിഐ, 90 എസ്ഐ, 750 പൊലീസ് എന്നിവർ ഉണ്ട്. ഇതിനു പുറമേ കേരള പൊലീസിന്റെ കമാൻഡോ , സ്പെഷൽ ബ്രാഞ്ച്, വയർലെസ് സെൽ, ബോംബ് സ്ക്വാഡ്, മഫ്ടി പൊലീസ്, കേന്ദ്ര ദുരന്തനിവാരണ സേന, ദ്രുതകർമ സേന എന്നിവരും സേവനത്തിനുണ്ട്. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ പൊലീസ് സ്പെഷൽ ഓഫിസർമാരുമായി ഇടയ്ക്കിടെ ബന്ധപ്പെട്ട് സ്ഥിതി മനസ്സിലാക്കും.
കൂടാതെ സന്നിധാനത്ത് 72 ക്യാമറകളിലെ ദൃശ്യങ്ങൾ നോക്കി ഓരോ സ്ഥലത്തെയും തിരക്ക് മനസ്സിലാക്കി വേണ്ട നിർദേശങ്ങൾ നൽകും. തടസ്സമില്ലാതെ നടന്നുപോകാനുള്ള അവസരം നൽകും. തടസ്സം ഉണ്ടാകുമ്പോഴാണ് തിക്കും തിരക്കും ഉണ്ടാകുന്നത്. പമ്പയിലേക്കുള്ള വരുന്ന വാഹനങ്ങളുടെ എണ്ണം, പമ്പാ ഗണപതികോവിൽ നിന്നു സന്നിധാനത്തേക്ക് മല കയറിയവർ എന്നിവരുടെ എണ്ണം കണക്കാക്കിയാണ് ഓരോ മണിക്കൂറിലും തിരക്കു നിയന്ത്രണത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നത്. ശരംകുത്തി ഇറക്കം, യുടേൺ എന്നിവിടങ്ങളിൽ മഴ വന്നാൽ തെന്നി വീഴാൻ സാധ്യത കണക്കിലെടുത്ത് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
90–ാം വയസ്സിലും പെരുമാൾ മലകയറി; അയ്യനെ കാണാൻ
ശബരിമല∙ നേരെ നിൽക്കാൻ ദേഹബലം ഇല്ലെങ്കിലും 90ാം വയസ്സിലും നടന്നു നീലിമലയും അപ്പാച്ചിമേടും കയറി അയ്യപ്പ ദർശനം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പോണ്ടിച്ചേരി സ്വദേശി പെരുമാൾ. വാർധക്യത്തെ തുടർന്ന് പെരുമാളിന്റെ ദേഹം 90 ഡിഗ്രി വളഞ്ഞു. കൂനിയാണു നടക്കുന്നത്. നിവർന്നു നിൽക്കാനും കഴിയില്ല . എങ്കിലും ശബരിമല എത്തി അയ്യപ്പ ദർശനം നടത്തണമെന്നത് അതിയായ ആഗ്രഹമായിരുന്നു.

4 വർഷമായി മണ്ഡല കാലത്ത് വ്രതം നോക്കിയെങ്കിലും സന്നിധാനത്ത് എത്തി ദർശനം നടത്താൻ കഴിഞ്ഞില്ല. ഇത്തവണ പെരുമാളിന്റെ ആഗ്രഹം സഫലമാക്കാൻ ജേഷ്ഠസഹോദരന്റെ മകൻ മുരുകേശൻ തയാറായി. പോണ്ടിച്ചേരിയിൽ നിന്നു കെട്ടുനിറച്ച് ശനിയാഴ്ച പുറപ്പെട്ടു. ഇന്നലെ പുലർച്ചെ പമ്പയിൽ എത്തി. രണ്ടര മണിക്കൂർ കൊണ്ട് മലകയറി. നീലിമലയും അപ്പാച്ചിമേടും കയറിയപ്പോൾ 8 സ്ഥലത്ത് ഇരുന്നു വിശ്രമിച്ചു. അല്ലാതെ കുഴപ്പം ഒന്നും ഇല്ലെന്ന് മുരുകേശൻ ഓർക്കുന്നു,
പതിനെട്ടാംപടി കയറി വന്ന പെരുമാളിനു ഉദ്യോഗസ്ഥർ ദർശനത്തിനു പ്രത്യേക സൗകര്യം ഒരുക്കി. ദർശനത്തിനു ശേഷം കേന്ദ്ര ദുരന്തനിവാരണ സേനാംഗങ്ങൾ തിരുമുറ്റത്തു നിന്ന് എടുത്ത് സ്റ്റാഫ് ഗേറ്റ് വഴി താഴെ ഇറക്കി. നടന്നാണ് പെരുമാൾ മലയിറങ്ങിയതും.
ഡ്രോൺ പരിശോധന തുടങ്ങി
ശബരിമല∙ തീർഥാടന കാലത്ത് മോഷ്ടാക്കൾ, രാജ്യവിരുദ്ധ പ്രവർത്തകർ, സാമൂഹിക വിരുദ്ധർ എന്നിവർ പൂങ്കാവനത്തിലെ ഒരിടത്തും ഇല്ലെന്ന് ഉറപ്പുവരുത്താൻ പൊലീസ് ഡ്രോൺ പരിശോധന തുടങ്ങി. കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ പ്രാർഥനാ കേന്ദ്രത്തിൽ ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് സുരക്ഷാ പരിശോധന കർശനമാക്കിയത്. പമ്പ, മരക്കൂട്ടം,

സന്നിധാനം, ളാഹ, ഇലവുങ്കൽ, നിലയ്ക്കൽ എന്നിവിടങ്ങളിലെ വനമേഖലയിലാണ് പരിശോധന നടത്തുന്നത്. തീർഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തി സുഖമായ ദർശനം ഒരുക്കുകയാണ് പൊലീസിന്റെ പ്രധാന കടമയെന്ന് ജില്ലാ പൊലീസ് മേധാവി വി.അജിത് പറഞ്ഞു. അസി. കമാൻഡന്റ് ചന്ദ്രശേഖരൻ, പമ്പ സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കുമാർ, എസ്ഐ ആദർശ് എന്നിവരുടെ നേതൃത്വത്തിൽ പമ്പയിൽ ഡ്രോണ് പരിശോധന നടത്തി.