റാന്നി ഗവ. ഐടിഐ കെട്ടിടം: നിർമാണം എന്ന് ? ഉത്തരമില്ല !

Mail This Article
ഉതിമൂട് ∙ പദ്ധതിയും ഫണ്ടുമുണ്ടായിട്ടും റാന്നി ഗവ. ഐടിഐ കെട്ടിടത്തിന്റെ നിർമാണം നടക്കുന്നില്ല. ഐടിഐക്കു കെട്ടിടം നിർമിക്കാൻ പമ്പാ ജലസേചന പദ്ധതിയുടെ (പിഐപി) സ്ഥലം വിട്ടുകൊടുത്തിട്ടു വർഷങ്ങളായി. ഇതുവരെ കെട്ടിടം പണിയാൻ തൊഴിൽ വകുപ്പിനു കഴിഞ്ഞിട്ടില്ല. പിഡബ്ല്യുഡി കെട്ടിട വിഭാഗത്തിന്റെ മെല്ലെപ്പോക്കു നയമാണ് നിർമാണത്തിനു തടസ്സം. തുടരെ എസ്റ്റിമേറ്റ് പുതുക്കുന്നതല്ലാതെ അവർ പണി നടത്താൻ തയാറാകുന്നില്ല. ഓരോ വർഷവും പഠിച്ചിറങ്ങുന്ന ഇരുനൂറോളം വിദ്യാർഥികളുടെ ഭാവിയാണു തുലാസിൽ. 10 വർഷം മുൻപാണ് റാന്നിയിൽ ഗവ. ഐടിഐ അനുവദിച്ചത്. പഞ്ചായത്ത് സ്ഥലവും കെട്ടിടവും ലഭ്യമാക്കണമെന്ന വ്യവസ്ഥയോടെയാണ് സർക്കാർ അനുമതി നൽകിയത്. പെരുമ്പുഴ ബസ് സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിന്റെ ഒന്നും രണ്ടും നിലകളാണ് ഐടിഐക്കായി സർക്കാർ വിട്ടു കൊടുത്തത്.
തുടക്കം മുതൽ ഇവിടെയാണ് പ്രവർത്തനം. ഇതുവരെ മോചനമില്ല. സ്ഥലവും കെട്ടിടവും ലഭ്യമാക്കാത്തതു മൂലം ഷിബു ബേബി ജോൺ തൊഴിൽ മന്ത്രിയായിരുന്നപ്പോൾ ഐടിഐയുടെ അംഗീകാരം റദ്ദാക്കാൻ നീക്കം നടന്നിരുന്നു. പുതിയ പ്രവേശനം തടഞ്ഞതാണ്. എന്നാൽ അന്ന് എംഎൽഎയായിരുന്ന രാജു ഏബ്രഹാം ഇടപെട്ട് ഉത്തരവ് റദ്ദാക്കുകയായിരുന്നു. പിന്നീടാണ് ഉതിമൂട് വലിയകലുങ്കിലെ പിഐപി സ്ഥലം ഐടിഐക്കായി വിട്ടുകൊടുത്തത്. കെട്ടിടം നിർമിക്കാൻ 5 കോടി രൂപയും അനുവദിച്ചിരുന്നു. സ്ഥലം നിരപ്പാക്കിയപ്പോൾ കാണപ്പെട്ട പാറ പൊട്ടിച്ചു നീക്കാൻ തുക എസ്റ്റിമേറ്റിൽ വകയിരുത്തിയിരുന്നില്ല. തുടർന്ന് സമർപ്പിച്ച പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം കിട്ടിയെങ്കിലും കരാറുകാരൻ പിൻവാങ്ങി. വീണ്ടും എസ്റ്റിമേറ്റ് പുതുക്കി സർക്കാരിനു നൽകിയെങ്കിലും കരാർ നടപടി ഇതുവരെ ആരംഭിച്ചിട്ടില്ല. ഇവിടെ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് ആവശ്യത്തിനു പ്രാക്ടിക്കൽ സൗകര്യം പോലുമില്ല. ഇത് എത്രകാലം തുടരുമെന്നാണ് രക്ഷിതാക്കളുടെ ചോദ്യം