50 ലക്ഷം രൂപാ ചെലവിൽ വരുന്നു സി.അച്യുതമേനോൻ പ്രതിമ

Mail This Article
തിരുവനന്തപുരം∙ മുൻമുഖ്യമന്ത്രി സി.അച്യുതമേനോന്റെ സ്മരണ നിലനിർത്താൻ തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ പൂർണകായ പ്രതിമ സ്ഥാപിക്കും. സിപിഐയുടെ സഹ സ്ഥാപനമായി പ്രവർത്തിക്കുന്ന സി.അച്യുതമേനോൻ ഫൗണ്ടേഷനാണ് പ്രതിമ നിർമിക്കുന്നത്. 50 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. കേരളത്തെ വികസനപാതയിൽ നയിച്ച മുഖ്യമന്ത്രി എന്ന് അറിയപ്പെടുന്ന അച്യുതമേനോന് തലസ്ഥാനത്ത് ഉചിത സ്മാരകം ഇല്ലെന്ന പരാതിക്ക് പരിഹാരമായാണ് പ്രതിമ സ്ഥാപിക്കുന്നത്. മ്യൂസിയം പരിസരത്ത് ഇതിനായി സ്ഥലം സർക്കാർ അനുവദിച്ചു.
കെ.കരുണാകരന്റെ പ്രതിമയ്ക്ക് എതിർവശത്തും ശ്രീനാരായണ ഗുരുവിന്റെ പ്രതിമയോടു ചേർന്നും ആയിരിക്കും അച്യുതമേനോന്റെ പ്രതിമ ഉയരുക. ശിൽപി ഉണ്ണി കാനായിയെ നിർമാണച്ചുമതല ഏൽപിച്ചു. അച്യുതമേനോന്റെ ചരമവാർഷിക ദിനമായ ഓഗസ്റ്റ് 16നു മുൻപ് പൂർത്തിയാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വെങ്കലത്തിൽ നിർമിക്കുന്ന പ്രതിമയ്ക്ക് 24.50 ലക്ഷം ആണ് ചെലവ്. പ്രതിമ സ്ഥാപിക്കുന്ന ഇടത്തെ അനുബന്ധ നിർമാണങ്ങൾക്കും മറ്റുമാണ് ബാക്കി 25 ലക്ഷത്തോളം രൂപ ചെലവു പ്രതീക്ഷിക്കുന്നത്.
ലളിത ജീവിതത്തിന് ഉടമയായിരുന്ന അച്യുതമേനോന്റെ പ്രതിമ നിർമിക്കാൻ 50 ലക്ഷം രൂപ ചെലവഴിക്കണോ എന്നു ചോദിക്കുന്നവരും ഇടതുപക്ഷത്തുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താനായി ഒന്നും ചെയ്യുന്നില്ലെന്ന് വിമർശിക്കുന്നവർ തന്നെയാണ് ഇതും ചോദിക്കുന്നതെന്നും അക്കൂട്ടരിൽ പാർട്ടിക്കാരില്ലെന്നും അച്യുതമേനോൻ ഫൗണ്ടേഷൻ പ്രസിഡന്റ് കൂടിയായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഫൗണ്ടേഷന്റെ പണമാണ് ഇതിനു നീക്കി വയ്ക്കുന്നതെന്നും ആരിൽ നിന്നും പണം പിരിക്കുന്നില്ലെന്നും കാനം വ്യക്തമാക്കി.