ADVERTISEMENT

തിരുവനന്തപുരം∙ തലസ്ഥാനം വേദിയാകുന്ന കേരള–ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിന് ഒരാഴ്ച മാത്രം ശേഷിക്കെയാണു കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ കായിക മന്ത്രി വി.അബ്ദു റഹിമാൻ വിവാദ വെടി പൊട്ടിച്ചത്. കളിയിലൂടെ ക്രിക്കറ്റ് അസോസിയേഷനും(കെസിഎ) ബിസിസിഐക്കും കിട്ടുന്ന വൻ തുക കായിക മേഖലയുടെയും ക്രിക്കറ്റിന്റെയും വികസനത്തിനായി ചെലവാക്കുന്നില്ലെന്നായിരുന്നു  മന്ത്രിയുടെ ആദ്യ വിമർശനം. 

ഇതിനു പിന്നാലെയാണ് കളി കാണാനുള്ള ടിക്കറ്റിന്റെ വിനോദ നികുതി സർക്കാർ കൂട്ടിയതിനോട് ‘പട്ടിണി കിടക്കുന്നവർ കളി കാണാൻ വരേണ്ട’ എന്ന വിവാദ പരാമർശവും നടത്തിയത്. ഇത്തരം കളികൾക്ക് ഇളവുകൾ വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതിനെതിരെ വൻ വിമർശനം ഉയർന്നതോടെ കെസിഎക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി മന്ത്രി വീണ്ടും രംഗത്തെത്തി. മന്ത്രി പറഞ്ഞതിനോട് പരസ്യ പ്രതികരണത്തിന് കെസിഎ തയാറായിട്ടില്ല. മന്ത്രി ഉന്നയിച്ച ആക്ഷേപങ്ങളിൽ എത്രത്തോളം വസ്തുതയുണ്ട്? കണക്കുകളും രേഖകളും വ്യക്തമാക്കുന്നതെന്ത്? 

∙ മന്ത്രി പറഞ്ഞത്: വിനോദ പരിപാടികൾക്ക് കുറഞ്ഞത് 24% വിനോദ നികുതി ഏർപ്പെടുത്തേണ്ട സ്ഥാനത്താണ് ക്രിക്കറ്റ് മത്സരത്തിന് 12% നികുതി മാത്രം ഈടാക്കുന്നത്. കോർപറേഷന് ലഭിക്കുന്ന നികുതി കളിയുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങളുടെ നിർമാർജനത്തിനു പോലും തികയില്ല.

വസ്തുത: സംസ്ഥാനത്ത് കായിക മത്സരങ്ങളിൽ ക്രിക്കറ്റിന് മാത്രമാണ് നിലവിൽ വിനോദ നികുതി ഈടാക്കുന്നത്. സിനിമയ്ക്ക് 100 രൂപയിൽ താഴെയുള്ള ടിക്കറ്റിന് 5%, അതിനു മുകളിൽ 8.5% എന്നിങ്ങനെയാണ് വിനോദ നികുതി. കഴിഞ്ഞ സെപ്റ്റംബറിൽ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരത്തിന്റെ വിനോദ നികുതിയായി കോർപറേഷനു ലഭിച്ചത് 22.32 ലക്ഷം രൂപ. ഇതിൽ 21.75 ലക്ഷം രൂപയും കളിക്കു മുൻപേ കെസിഎ അടച്ചു. 5% ആയിരുന്നു അന്ന് വിനോദ നികുതി. സ്റ്റേഡിയത്തിലെ ശുചീകരണമെല്ലാം നടത്തിയത് സ്വകാര്യ ഏജൻസിയാണെങ്കിലും ശേഖരിച്ച മാലിന്യങ്ങൾ കൊണ്ടുപോകാനായി 6 ലക്ഷം രൂപയും കളിയുടെ തലേദിവസം തന്നെ കോർപറേഷൻ കെസിഎയിൽ നിന്ന് ഈടാക്കി. 

∙ മന്ത്രി പറഞ്ഞത്: ക്രിക്കറ്റ് മത്സരം നടക്കുമ്പോൾ ക്രമസമാധാന പാലനം, ഗതാഗത സൗകര്യം, മാലിന്യ നിർമാർജനം, വൈദ്യുതി- ജല വിതരണം തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കാൻ വൻ തുകയാണു സർക്കാർ ചെലവഴിക്കുന്നത്. ക്രിക്കറ്റ് മത്സരത്തിൽ നിന്നും വരുമാനം ലഭിക്കുന്നവർ അതിന്റെ  ഒരു വിഹിതം പോലും ഈ ചെലവുകൾക്കായി നൽകുന്നില്ല. 

വസ്തുത:  സർക്കാരുമായി ബന്ധപ്പെട്ട് ലഭ്യമാക്കുന്ന സേവനങ്ങൾക്ക് കെസിഎയിൽ നിന്ന് പണം ഈടാക്കുന്നുണ്ട്. പൊലീസ്, ഫയർ ഫോഴ്സ് സേവനങ്ങൾക്ക് സേനാംഗങ്ങളുടെയും യൂണിറ്റിന്റെയും എണ്ണത്തിന് അനുസരിച്ചാണു ലക്ഷങ്ങളുടെ ബിൽ നൽകുന്നത്. കഴിഞ്ഞ മത്സരത്തിന്റെ പൊലീസ് ചെലവിന്റെ ബിൽ ഇതുവരെ നൽകിയിട്ടില്ല. ഡ്യൂട്ടിക്ക് എത്തുന്നവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങളും കെസിഎ ഒരുക്കും. സ്റ്റേഡിയത്തിലേക്കു വേണ്ട വെള്ളം ജല അതോറിറ്റിക്ക് പണം നൽകി വാങ്ങുകയാണ്. മത്സര ദിവസം  ജനറേറ്റർ ഉപയോഗിച്ചാണ് സ്റ്റേഡിയം മുഴുവൻ വൈദ്യുതി ലഭ്യമാക്കിയത്.

ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷ വകുപ്പ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് തുടങ്ങിയ വകുപ്പുകളുടെ സേവനങ്ങൾക്കും ഫീസ് നൽകുന്നുണ്ട്. മത്സര ദിവസം സ്റ്റേഡിയത്തിലേക്കും തിരിച്ചും അധിക സർവീസ് നടത്തുന്നതിലൂടെ കെഎസ്ആർടിസിക്ക് അധിക വരുമാനമുണ്ട്. സ്റ്റേഡിയത്തിലെ ഭക്ഷണ വിതരണം, കളിക്കാരുടെ ഉൾപ്പെടെ താമസം, മറ്റ് കരാറുകൾ തുടങ്ങി കളി കാണാനായി എത്തിയ നാൽപതിനായിരത്തോളം പേർ ചെലവാക്കുന്ന തുകയിൽ നിന്നു വരെയുള്ള നികുതി വരുമാനവും ഖജനാവിലേക്ക് എത്തുന്നു. 

∙ മന്ത്രി പറഞ്ഞത്: സർക്കാർ വലിയ നികുതി ഇളവ് നൽകുമ്പോൾ സംഘാടകർ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് കൊണ്ടിരിക്കുകയാണ്. അതു കുറയ്ക്കാൻ തയാറാകുമോ?

വസ്തുത: കഴിഞ്ഞ തവണ ട്വന്റി20 മത്സരത്തിന് ഗാലറിയിലെ മുകൾ തട്ടിൽ 1500 രൂപയും താഴെത്തട്ടിൽ  2750 രൂപയുമായിരുന്നു ടിക്കറ്റ് നിരക്ക്. അന്ന് വിനോദ നികുതി 5% മാത്രം. ഇത്തവണ വിനോദ നികുതി 12% ആയി സർക്കാർ ഉയർത്തിയപ്പോൾ ഏകദിന മത്സരമായിട്ടും ടിക്കറ്റ് നിരക്ക് 1000, 2000 ആയി കുറയ്ക്കുകയായിരുന്നു. നിരക്ക് അതിലും കുറയ്ക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടത് വിവാദങ്ങൾക്കൊടുവിൽ മാത്രം. 

∙ മന്ത്രി പറഞ്ഞത്: കളി നടക്കുമ്പോൾ ബിസിസിഐക്കും കേരള ക്രിക്കറ്റ് അസോസിയേഷനും ലഭിക്കുന്ന കോടിക്കണക്കിന് രൂപ വരുമാനത്തിൽ ന്യായമായ തുക സ്റ്റേഡിയം പരിപാലനത്തിനു ചെലവഴിക്കപ്പെടുന്നില്ല. 

വസ്തുത: ടിക്കറ്റ് വിൽപനയിലൂടെയും സ്റ്റേഡിയത്തിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങളിലൂടെയും ഉള്ള വരുമാനമാണ് കെസിഎക്ക് ലഭിക്കുന്നത്. മത്സരങ്ങളുടെ ടിവി സംപ്രേഷണ വരുമാനമാണ് ബിസിസിഐയ്ക്കുള്ളത്. സർക്കാർ സേവനങ്ങൾക്കു നൽകുന്ന തുകയടക്കം മത്സര നടത്തിപ്പിന്റെ ചെലവെല്ലാം വഹിക്കേണ്ടത് കെസിഎ ആണ്. ഓരോ വർഷവും 180 ദിവസം ഉപയോഗിക്കാനാവുന്ന വിധത്തിൽ 15 വർഷത്തേക്കാണ് സ്റ്റേഡിയം നിർമിച്ചു പരിപാലിക്കുന്ന കെഎസ്എഫ്എല്ലിൽ നിന്നു  കെസിഎ സ്റ്റേഡിയം പാട്ടത്തിനെടുത്തിരിക്കുന്നത്. ഒരു ദിവസം 4000 രൂപ നിരക്കിലാണു വാർഷിക പാട്ടത്തുക.   

ടിക്കറ്റ് വരുമാനത്തിന്റെ 15 ശതമാനവും നൽകണം. ടീമുകളുടെ പരിശീലന ദിവസങ്ങളിൽ 1.5 ലക്ഷം രൂപ ഫീസുമുണ്ട്. കെഎസ്എഫ്എൽ സാമ്പത്തിക പ്രതിസന്ധിയിലായതോടെ മത്സരങ്ങൾക്കായി സ്റ്റേഡിയം ഒരുക്കുന്നതിന്റെ ചെലവും ഏതാനും വർഷങ്ങളായി കെസിഎ വഹിക്കുകയാണ്. കഴിഞ്ഞ സർക്കാർ ആർമി റിക്രൂട്മെന്റിനു നൽകിയതു മൂലം തകർന്ന സ്റ്റേഡിയം കെസിഎ നവീകരിച്ചത് 70 ലക്ഷം രൂപ മുടക്കിയാണ്. ഫ്ലെഡ് ലൈറ്റ് നവീകരണത്തിനും ഇത്രയേറെ തുക ചെലവഴിച്ചു. വർഷം മുഴുവൻ പിച്ചും ടർഫും പരിപാലിക്കുന്നുമുണ്ട്. 2019ൽ രാജ്യാന്തര മത്സരത്തിന് മുൻപ് നഗരസഭയ്ക്ക് കെഎസ്എഫ്എൽ വരുത്തിയ നികുതി കുടിശികയിൽ 30 ലക്ഷം രൂപയും കെസിഎ അടച്ചു. 

∙ മന്ത്രി പറഞ്ഞത്:  ക്രിക്കറ്റ് അസോസിയേഷനു കളിയിലൂടെ ലഭിക്കുന്ന വൻ തുകയിൽ ഒരു ശതമാനമെങ്കിലും കായിക വികസനത്തിനും ക്രിക്കറ്റ് പ്രേത്സാഹനത്തിനും അനുവദിക്കണം. ക്രിക്കറ്റ് അസോസിയേഷൻ മൈതാനങ്ങൾ ആർക്കും സൗജന്യമായി അനുവദിക്കുന്നില്ല. പണം വിനിയോഗിക്കാൻ ശേഷിയില്ലാത്ത കുട്ടിക്ക് സൗജന്യ ക്രിക്കറ്റ് പരിശീലനത്തിന് നെറ്റ്സ് സൗകര്യം ഏർപ്പെടുത്താൻ ഇവർക്കു സാധിച്ചിട്ടുണ്ടോ?

വസ്തുത: സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമുള്ള കെസിഎയുടെ പരിശീലന നെറ്റ്സുകളിലും വനിതകൾക്കുൾപ്പെടെയുള്ള അക്കാദമികളിലും പരിശീലനം പൂർണമായി സൗജന്യമാണ്. രാജ്യാന്തര സ്റ്റേഡിയമായ തിരുവനന്തപുരം സ്പോർട്സ് ഹബ് കൂടാതെ സംസ്ഥാനത്ത് 12 ഫസ്റ്റ് ക്ലാസ് മൈതാനങ്ങളും കെസിഎ പരിപാലിക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം സ്റ്റാഫിനെ നിയോഗിച്ച് പുല്ല് ഉണങ്ങാതെയും കാടു കയറാതെയും ടർഫ് പരിപാലിക്കുന്നതിന് 30 ലക്ഷം രൂപയോളമാണ് മാസ ചെലവ്.

അംഗീകൃത ടൂർണമെന്റുകൾക്കും പരിശീലനങ്ങൾക്കും മൈതാനം സൗജന്യമായി നൽകുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂൾ ക്രിക്കറ്റിനും സൗജന്യമായാണു സ്റ്റേഡിയങ്ങൾ നൽകുന്നത്. കോർപറേറ്റുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നു മാത്രമാണു ഫീസ് ഈടാക്കുന്നത്. പ്രധാന ടൂർണമെന്റുകൾക്ക് ഗ്രാന്റും നൽകുന്നുണ്ട്. കേരളത്തിന്റെ എല്ലാ തലങ്ങളിലുമുള്ള ടീമുകളുടെ പരിശീലനം, മത്സര ടൂർ എന്നിവയുടെയെല്ലാം  ചെലവ് വഹിക്കുന്നതും കെസിഎ ആണ്. 

∙ മന്ത്രി പറഞ്ഞത്: കഴിഞ്ഞ രാജ്യാന്തര മത്സര സമയത്ത് സ്റ്റേഡിയവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന വൈദ്യുതി, കുടിവെള്ളം, വസ്തു കരം എന്നിവയുമായി ബന്ധപ്പെട്ട  കുടിശിക മുഴുവൻ തീർക്കാൻ സർക്കാർ 6 കോടി രൂപ നൽകി.  

വസ്തുത: ഡിസൈൻ, ബിൽഡ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ(ഡിബിഒടി) വ്യവസ്ഥയിലാണ് കെഎസ്എഫ്എൽ സ്റ്റേഡിയം നിർമിച്ചത്. ഇതനുസരിച്ച് നിർമാണ കാലാവധിയായ 5 വർഷം കഴിഞ്ഞുള്ള 10 വർഷം കൊണ്ട് സർക്കാർ 300 കോടി രൂപ(പ്രതിവർഷം 30 കോടി വീതം) കെഎസ്എഫ്എല്ലിന് അന്യുറ്റിയായി നൽകണം. 2027ൽ സ്റ്റേഡിയം സർക്കാരിന് സ്വന്തമാകും. സ്റ്റേഡിയം പരിപാലനത്തിൽ കമ്പനി വീഴ്ച വരുത്തിയതിനൊപ്പം സർക്കാരിന്റെ അന്യൂറ്റിയും മുടങ്ങി. 90 കോടിയോളം രൂപ അന്യൂറ്റി ഇനത്തിൽ കുടിശികയാണെന്നാണ് വിവരം. സർക്കാർ നൽകാനുള്ള ഈ കുടിശിക തുകയിലെ 6 കോടിയാണ് സർക്കാരിന് തന്നെ ലഭിക്കാനുള്ള കുടിശികകൾ വീട്ടാനായി നൽകിയത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com