വക്കത്തെ റോഡ് പണി പാതിവഴിയിൽ പൊടിശല്യത്തിൽ വലഞ്ഞ് ജനം

Mail This Article
ചിറയിൻകീഴ് ∙ ഒരുമാസത്തിലേറെയായി പുനർനിർമാണം നിലച്ചിരിക്കുന്ന നിലയ്ക്കാമുക്ക്–വക്കം പ്രധാനപാതയിലൂടെ സഞ്ചരിക്കുന്ന വക്കം പഞ്ചായത്ത് നിവാസികളിൽ ഒട്ടേറെപ്പേർ ശ്വാസകോശ രോഗം പിടിപെട്ടു ആശുപത്രിയിൽ. ചരൽ പാകിയതിനുമുകളിൽ പാറപ്പൊടിയും സിമന്റും ചേർന്ന മിശ്രിതം വിതറിയ റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ ഉയരുന്ന വായുശ്വസിച്ച് ഇരുനൂറിലേറെപ്പേർ ചികിത്സയിലാണ്. നിലയ്ക്കാമുക്ക്–വക്കം റെയിൽവേ ഒന്നാം ഗേറ്റ് വരെയുള്ള പാതയിൽ പൊടിയിൽപ്പെട്ടു നിയന്ത്രണം തെറ്റി അപകടത്തിൽപെട്ട സൈക്കിൾ യാത്രികരായ നാട്ടുകാരും ഏറെയുണ്ട്. പാതയിൽ വെള്ളമൊഴിക്കണമെന്നുള്ള നിർദേശം കരാറുകാരൻ നാളിതുവരെ പാലിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പിഡബ്ല്യുഡി അധികൃതരോ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളോ പരാതിയിൽ പ്രതികരിച്ചിട്ടുമില്ല. പൊട്ടിപ്പൊളിഞ്ഞ നിലയ്ക്കാമുക്ക്–വക്കം–പണയിൽകടവ്പാലം റോഡ് പണി നാട്ടുകാരുടെ ശക്തമായ പ്രക്ഷോഭത്തിനൊടുവിലാണ് സാധ്യമായത്. പണയിൽകടവ്–ഒന്നാം റെയിൽവേ ഗേറ്റുവരെയുള്ള ടാറിങ് പൂർത്തിയായെങ്കിലും നിലയ്ക്കാമുക്ക് വരെയുള്ള ഭാഗത്തു ഓട നിർമാണമടക്കം പാതിവഴിയിലാണ്. വേനൽ കടുത്തതോടെ രൂക്ഷമായ പൊടിശല്യം മൂലം നാട്ടുകാർ വീടുകളും കടകളും പൂട്ടി മറ്റു സ്ഥലങ്ങളിലേക്കു ചേക്കേറിത്തുടങ്ങി.