ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലും ചാരായ വാറ്റ് സജീവം; വെട്ടിക്കുഴിയിൽ വൻ ചാരായ വേട്ട

Mail This Article
ചാലക്കുടി ∙ വെട്ടിക്കുഴിയിൽ എക്സൈസ് വൻ ചാരായ വേട്ട നടത്തി. 50 ലീറ്റർ ചാരായം പിടികൂടി. പ്രതി വെട്ടിക്കുഴി പണ്ടാരപ്പാറ സ്വദേശി ചാലപ്പറമ്പിൽ പ്രതാപനെ (56) എക്സൈസ് അസി. ഇൻസ്പെക്ടർ വി.എസ്. പ്രദീപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പ്രതിയുടെ വീട് വളഞ്ഞു നടത്തിയ പരിശോധനയിലാണു പ്രതി കുടുങ്ങിയത്. വീടിനു പിറകിലെ ഷെഡിൽ 10 ലീറ്ററിന്റെ 5 കന്നാസുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു ചാരായം. കോട സൂക്ഷിക്കാനും ചാരായം വാറ്റാനുമായി ഉപയോഗിച്ച വാറ്റുപകരണകളും പിടിച്ചെടുത്തു.
ലോക്ഡൗണിനെ തുടർന്ന് ബാറുകളും ബവ്റിജസ് ഔട‌്‌ലെറ്റുകളും അടച്ചതോടെ ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലും ചാരായ വാറ്റ് സജീവമാണെന്നു പരാതി ഉയർന്നിരുന്നു. എക്സൈസ് വിവിധയിടങ്ങളിൽ നടത്തിയ പരിശോധനകളിൽ 2500 ലീറ്ററോളം കോട ഇതിനകം പിടികൂടിയിരുന്നു. പ്രിവന്റീവ് ഓഫിസർമാരായ ജീസ്മോൻ, പി.പി.ഷാജു, ടി.എസ്.ഷനൂജ്, എം.എസ്.ശ്രീരാജ്, ഡ്രൈവർ എം.ആർ.ഷാജി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.