പൈപ്പ് പൊട്ടി: 10 പഞ്ചായത്തുകളിൽ ശുദ്ധജല വിതരണ തടസ്സം

Mail This Article
കയ്പമംഗലം ∙ എടത്തിരുത്തിയിൽ വീണ്ടും പ്രധാന പൈപ്പ് പൊട്ടി.10 പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം തടസ്സപ്പെടും. പറയൻ കടവ് പാലത്തിന് അടുത്താണ് പൈപ്പ് പൊട്ടി വൻ തോതിൽ ശുദ്ധജലം പാഴായത്. നാല് ദിവസമായി എടത്തിരുത്തി ഏറാക്കലിൽ പ്രധാന പൈപ്പ് ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ട് പമ്പിങ് നിർത്തി വച്ചിരിക്കുകയായിരുന്നു.
ബുധനാഴ്ച പണി പൂർത്തിയാക്കി പമ്പിങ് പുനരാരംഭിച്ച ശേഷം ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മറ്റൊരിടത്ത് പൈപ്പ് പൊട്ടിയത്. ഇതോടെ പമ്പിങ് വീണ്ടും നിർത്തി വച്ചു. ഇന്ന് പുതിയ പൈപ്പ് മാറ്റിയിട്ട ശേഷമേ ശുദ്ധജല വിതരണം പുനർ സ്ഥാപിക്കാൻ കഴിയൂ. കനോലി കനാലിന് സമീപത്ത് ആയതിനാൽ ദിവസങ്ങൾ നീണ്ട് നിൽക്കുന്ന പണികൾ നടത്തേണ്ടി വരും.
തീരദേശത്തെ ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം പഞ്ചായത്തുകളിൽ വെള്ളി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ശുദ്ധജലവിതരണം മുടങ്ങുമെന്ന് അധികൃതർ പറഞ്ഞു. തുടർച്ചയായി മേഖലയിൽ ശുദ്ധജല വിതരണം തടസ്സം വരുന്നതിനാൽ ജനങ്ങൾ ദുരിതത്തിലായി.