വഴികാട്ടിയായി ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ; എവറസ്റ്റിലെ മനുഷ്യ മൈല്‍കുറ്റികള്‍

Mail This Article
ഏതൊരു നാട്ടിലേക്കും വഴികാട്ടികളായി സൂചകങ്ങളും മൈല്‍കുറ്റികളുമൊക്കെ ഉണ്ടാകാറുണ്ട്. ഭൂമിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റിലും ഇത്തരം സൂചകങ്ങളുണ്ട്. ജീവനറ്റ മനുഷ്യരുടെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ശരീരങ്ങളാണ് എവറസ്റ്റിലെ വഴികാട്ടികളെന്നു മാത്രം. പലവിധ കാരണങ്ങളാല്‍ എവറസ്റ്റെന്ന സ്വപ്‌നമെത്തും മുമ്പും തിരിച്ചിറങ്ങുമ്പോഴും വീണുപോയ ഇരുന്നൂറിലേറെ സാഹസികരുടെ മൃതദേഹങ്ങളാണ് ഭൂമിയിലെ ഏറ്റവും ഉയർന്ന പ്രദേശത്തുള്ളത്.
കാലാവസ്ഥയും അപകടങ്ങളുമാണ് എവറസ്റ്റ് കയറുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. മലകയറ്റത്തിനിടെയുള്ള വീഴ്ച്ച, ഓക്‌സിജന്‍ കുറയുന്നതിനെതുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍, മഞ്ഞിടിച്ചില്‍, മലയിടിച്ചില്‍ മിനിട്ടുകള്‍കൊണ്ടു രൗദ്രഭാവത്തിലാകുന്ന കാലാവസ്ഥ തുടങ്ങി ഓരോ സഞ്ചാരിയേയും മരണത്തിലേക്കെത്തിച്ച കാരണങ്ങള്‍ പലതാണ്. എവറസ്റ്റിലേക്കുള്ള പാതയില്‍ പലപ്പോഴും പൊടുന്നനെ ചുഴലിക്കാറ്റുകള്‍ പ്രത്യക്ഷപ്പെടാം. മലകയറ്റക്കാരെ പറിച്ചെറിയാന്‍ പോന്ന ശേഷിയുണ്ടാകും ഇത്തരം കാറ്റുകളില്‍ പലതിനും. തളര്‍ച്ചയെ തുടര്‍ന്ന് ഒരല്‍പനേരം വിശ്രമിക്കാന്‍ ഇരുന്നവര്‍ ഉറക്കത്തിലേക്കും തുടര്‍ന്നു ശരീരം മരവിച്ച് മരണത്തിലേക്കും യാത്രയായിട്ടുണ്ട്. എവറസ്റ്റ് കീഴടക്കുന്ന ഏതൊരാളോടു ചോദിച്ചാലും ഈ മരവിച്ച ദേഹങ്ങളെക്കുറിച്ചറിയാം. ഇവരുടെ മനസില്‍ ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ക്കു കാരണമായിട്ടുണ്ട് പലയിടത്തായി ചിതറിക്കിടക്കുന്ന ഇരുന്നൂറിലേറെ സഞ്ചാരികളുടെ മഞ്ഞിലുറഞ്ഞ ദേഹങ്ങള്‍.

എവറസ്റ്റ് ബേസ് ക്യാമ്പിലെത്തണമെങ്കില്‍ തന്നെ ഏഴു ദിവസം മലകയറണം. രണ്ടാഴ്ച്ച കാലാവസ്ഥയോടു പൊരുത്തപ്പെടുന്നതിനായി ഇവിടെ ചിലവഴിച്ച ശേഷമാണ് എവറസ്റ്റ് കീഴടക്കാന്‍ ഓരോ സഞ്ചാരികളും ശ്രമിക്കുക. എവറസ്റ്റിലേക്കുള്ള ഈ ദിവസങ്ങളില്‍ ഓരോ ശ്വാസോച്ഛ്വാസത്തിലും മരണം പതിയിരിപ്പുണ്ട്. ലോകമെങ്ങുമുള്ള പര്‍വ്വതാരോഹകരുടെ സ്വപ്‌നം എവറസ്റ്റ് കീഴടക്കുകയാണ്. ഏറ്റവും വലിയ കൊടുമുടി എന്നതിനൊപ്പം ഭൂമിയിലെ ഏറ്റവും സാഹസികമായ പര്‍വ്വതാരോഹണം കൂടിയാണ് എവറസ്റ്റിലേത്. എവറസ്റ്റിന്റെ ബേസ് ക്യാമ്പ് 17,700 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. 20,000 അടി ഉയരത്തിലാണ് ഒന്നാം ദിനത്തിലെ ക്യാമ്പുള്ളത്. ഇവിടെനിന്നും വിശ്രമിച്ച ശേഷം അഡ്വാന്‍സ്ഡ് ബേസ് ക്യാമ്പ്(എബിസി) എന്നു വിളിപ്പേരുള്ള ക്യാമ്പിലേക്കു കയറി തുടങ്ങും. 24500 അടിയാണ് ഇവിടുത്തെ ഉയരം. എബിസിയില്‍ ഓക്‌സിജന്റെ അളവ് വളരെയധികം കുറയും. മല കയറുമ്പോള്‍ മാത്രമല്ല ഉറങ്ങുമ്പോള്‍ പോലും ഓക്‌സിജന്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇവിടെവെച്ചു മരണം സംഭവിക്കാം. അടുത്ത ക്യാമ്പ് 26000 അടി ഉയരത്തിലാണ്. ഇനിയങ്ങോട്ട് ജീവന്മരണ പോരാട്ടമാണ് ഓരോ പര്‍വ്വതാരോഹകരും നടത്തുക. മുകളിലേക്കു കയറണോ തിരിച്ചിറങ്ങണോ എന്ന നിര്‍ണ്ണായക തീരുമാനമെടുക്കുന്നതും ഇവിടെ നിന്നു തന്നെ. ഇവിടെ നിന്നും കയറി തുടങ്ങിയശേഷം തിരിച്ചിറങ്ങണമെന്നു കരുതിയാലും പിന്നീട് സാധിച്ചെന്നു വരില്ല. കാലൊന്ന് തെന്നിയാല്‍, ഒരു തെറ്റായ തീരുമാനമെടുത്താല്‍ ഒക്കെ മരണം മേല്‍ക്കൈ നേടും.

ഓക്‌സിജന്റെ അളവു കുറയുന്നത് തലച്ചോറിലെ ഓക്‌സിജന്റെ സാന്നിധ്യം കുറയ്ക്കുകയും തീരുമാനങ്ങളെടുക്കാനുള്ള ശേഷിയെ പോലും ബാധിക്കുകയും ചെയ്യും. എവറസ്റ്റ് കയറുമ്പോഴോ തിരിച്ചിറങ്ങുമ്പോഴോ മരണത്തിനു കീഴടങ്ങിയവരുടെ ശരീരങ്ങളെല്ലാം ആ കൊടുമുടിയുടെ ഭാഗമായി മാറിക്കഴിഞ്ഞു. എല്ലാ ശരീരങ്ങളും തിരിച്ചു ഭൂമിയിലെത്തിക്കുക അസാധ്യമാണ്. കാരണം ഓരോ പര്‍വ്വതാരോഹകരും കാണുന്ന ശവശരീരങ്ങളേക്കാള്‍ കൂടുതലാണ് ഹിമാലയം മഞ്ഞിലൊളിപ്പിച്ച ഒരിക്കലും കാണാത്ത മൃതദേഹങ്ങള്‍. എങ്കിലും ചിലരുടെ ശരീരങ്ങള്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. അതിനു വേണ്ടി വരുന്ന മനുഷ്യ പ്രയത്‌നം വളരെ കൂടുതലാണെന്നു മാത്രം.

മറ്റൊരു വസ്തുത മരിച്ചവരുടെ ശരീരങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ ഇവിടെ പ്രകൃതി സംരക്ഷിക്കുന്നുവെന്നതാണ്. എവറസ്റ്റിലെ കാലാവസ്ഥ തന്നെയാണ് ഈ മറിമായത്തിനു പിന്നില്‍. പതിറ്റാണ്ടുകള്‍ക്കു മുൻപ് മരിച്ചവരുടെ ദേഹങ്ങള്‍ക്കു പോലും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. എല്ലാക്കാലത്തുമുള്ള കൊടുംതണുപ്പും മഞ്ഞും വരണ്ട ഹിമക്കാറ്റും മൃതദേഹങ്ങൾ അഴുകാതെ സഹായിക്കുന്നു. മനുഷ്യശരീരങ്ങള്‍ വഴികാട്ടിയാകുന്നതിനു പിന്നില്‍ ഇതും ഒരു കാരണമാണ്.

ഡേവിഡ് ഷാര്‍പ്പ് എന്ന പര്‍വ്വതാരോഹകന്റെ ശരീരം ഒരു ഗുഹക്ക് സമീപം ഇരിക്കുന്ന നിലയിലാണുള്ളത്. ഗ്രീന്‍ ബൂട്ട്‌സ് കേവ് എന്നാണ് ഈ ഗുഹ അറിയപ്പെടുന്നത്. 2005ലാണ് ഡേവിഡ് എവറസ്റ്റ് കീഴടക്കാന്‍ ശ്രമിച്ചത്. ഇതിനിടെ ഗുഹക്കുസമീപം അല്‍പസമയത്തേക്ക് ഇരുന്ന അദ്ദേഹത്തിന്റെ ശരീരം അനങ്ങാനാകാത്തവിധം തണുത്തുറയുകയായിരുന്നു. ഡേവിഡ് ഷാര്‍പ് വിറങ്ങലിച്ചുകൊണ്ട് മരണത്തിലേക്ക് നീങ്ങുമ്പോള്‍ മുപ്പതോളം പര്‍വതാരോഹകര്‍ അദ്ദേഹത്തെ കടന്നുപോയി. കൂട്ടത്തില്‍ ഒരാള്‍ വിശ്രമിക്കാനിരിക്കുന്നു എന്ന് മാത്രമേ ഇവര്‍ കരുതിയുള്ളൂ. ഒടുവിലെത്തിയ ചില പര്‍വ്വതാരോഹകരാണ് ഡേവിഡില്‍ നിന്നും ചില ഞരക്കങ്ങള്‍ വരുന്നത് ശ്രദ്ധിച്ചത്. കൂടുതല്‍ പരിശോധിച്ചതോടെ ഇവര്‍ക്ക് സുഹൃത്ത് മരണത്തിലേക്ക് നീങ്ങുകയാണെന്ന് മനസിലായി. അപ്പോഴും ബോധം നശിച്ചിരുന്നില്ലെങ്കിലും ശരീരം അനക്കാനാകാത്ത അവസ്ഥയിലായിരുന്നു ഡേവിഡ് ഷാര്‍പ്പ്.

ഇന്ത്യക്കാരന്‍ ഗ്രീന്‍ ബൂട്ട്‌സ്
എവറസ്റ്റിലേക്കുള്ള പാതയില്‍ മറ്റൊരു ഗുഹയ്ക്ക് സമീപമാണ് ഇന്ത്യക്കാരനായ സെവാങ് പല്‍ജോറിന്റെ ശരീരം ഉള്ളത്. പച്ച ബൂട്ട് ധരിച്ച അദ്ദേഹത്തിന്റെ ശരീരം കിടക്കുന്ന നിലയിലാണ്. 1996ലാണ് സ്വപ്‌നസഞ്ചാരത്തിനിടെയിൽ അദ്ദേഹത്തനു ജീവന്‍ നഷ്ടമായത്. കൂട്ടം തെറ്റിപോയതാണ് സെവാങ് പല്‍ജോറിന് തിരിച്ചടിയായത്. കൊടും തണുപ്പില്‍ നിന്നും രക്ഷനേടാന്‍ ഒരു ചെറിയ ഗുഹാ കവാടത്തില്‍ അഭയം തേടിയ അദ്ദേഹം അവിടെ തന്നെ മരിച്ചുവീണു. ലക്ഷ്യം എത്രത്തോളം അടുത്താണെന്ന് ഒാരോ പര്‍വ്വതാരോഹകനേയും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ആ പച്ച ബൂട്ടുകള്‍ ഇപ്പോഴും എവറസ്റ്റില്‍ വിശ്രമിക്കുന്നത്.

ശരീരങ്ങളെ കേടുകൂടാതെ സൂക്ഷിക്കുന്ന എവറസ്റ്റ്
93 വര്‍ഷങ്ങള്‍ക്കു മുമ്പ് എവറസ്റ്റ് കയറാനുള്ള ശ്രമത്തിനിടെ മരിച്ച ജോര്‍ജ് മല്ലോറിയുടെ ദേഹം ഇപ്പോഴും കാര്യമായ പ്രശ്‌നങ്ങളില്ലാതെ കൊടുമുടിക്കു മുകളിലുണ്ട്. എവറസ്റ്റ് കീഴടക്കുന്ന ആദ്യ മനുഷ്യനാകാനുള്ള ശ്രമത്തിനിടെയാണ് ആ സാഹസികന്‍ മരണത്തിനു കീഴടങ്ങിയത്. 1953ല്‍ എവറസ്റ്റിനു മുകളിലെത്തിയ ടെന്‍സിംങ് നോര്‍ഗെയ്ക്കും എഡ്മണ്ട് ഹിലാരിക്കും മുമ്പ് 245 മീറ്ററുകളുടെ വ്യത്യാസത്തില്‍ പരാജയപ്പെട്ട സാഹസികനായിരുന്നു ജോര്‍ജ് മല്ലോറി. അദ്ദേഹത്തിന്റെ മൃതദേഹം 1999ലാണ് തിരിച്ചറിഞ്ഞത്. അദ്ദേഹം എവറസ്റ്റ് കീഴടക്കിയശേഷം ഇറങ്ങുമ്പോഴാണോ അപകടത്തില്‍ പെട്ടത് എന്നത് ഇപ്പോഴും എവറസ്റ്റിനു മാത്രം അറിയാവുന്ന പല രഹസ്യങ്ങളിലൊന്നായി അവശേഷിക്കുന്നു. മരിച്ച പര്‍വ്വതാരോഹകരുടെ ശരീരങ്ങള്‍ക്കു ചുറ്റും കല്ലുകള്‍ വെച്ച് ഇപ്പോഴും പര്‍വതാരോഹകര്‍ ഈ സാഹസികരെ ബഹുമാനിക്കുന്ന പതിവുണ്ട്. പല ശരീരങ്ങളും വിചിത്രമായ രീതിയിലാണ് കിടക്കുന്നത്. തലകുത്തനെ വീണ നിലയിലുള്ളവയും കിടന്നിടത്തു നിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന നിലയിലുള്ളവയും ഉണ്ട്.

ഏതൊരു പര്‍വ്വതാരോഹകന്റേയും ഏറ്റവും വലിയ ആഗ്രഹമായിരിക്കും എവറസ്റ്റ് കീഴടക്കുക എന്നത്‍. അതുകൊണ്ടുതന്നെ ജീവിതം മുഴുവന്‍ കൊതിച്ച ആ സ്വപ്‌നത്തിനു മുകളില്‍ നില്‍ക്കാന്‍ ആരും ആഗ്രഹിക്കും. എന്നാല്‍ എവറസ്റ്റിന് മുകളില്‍ പരമാവധി മിനുറ്റുകള്‍ മാത്രം തങ്ങാനേ പര്‍വതാരോഹകര്‍ക്ക് അനുവാദമുള്ളു. മുകളില്‍ തങ്ങുന്ന ഓരോ സെക്കന്റും മരണത്തിലേക്കുള്ള ദൂരം കുറയ്ക്കുന്നുവെന്നതാണ് ഇതിനു പിന്നില്‍.

നേപ്പാളില്‍ ജനിച്ച് കാനഡയില്‍ ജീവിച്ചിരുന്ന ശ്രിയ ഷാ ലോര്‍ഫിന് സംഭവിച്ചത് അതാണ്. എവറസ്റ്റിന് മുകളില്‍ ശ്രിയ എവറസ്റ്റിന് മുകളില്‍ 25 മിനുറ്റോളം കഴിഞ്ഞെന്നാണ് കരുതപ്പെടുന്നത്. ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ തിരിച്ചിറങ്ങുമ്പോഴാണ് ശ്രിയ മരിക്കുന്നത്. എവറസ്റ്റില്‍ കാര്യമായ അനുഭവപരിചയമില്ലാത്ത ഗൈഡിംങ് കമ്പനിയാണ് ശ്രിയക്കും കൂട്ടരേയും സഹായിച്ചിരുന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. 2012 മെയ് ഒമ്പതിനാണ് ശ്രിയ മരിക്കുന്നത്. പിന്നീട് പത്തു ദിവസത്തിന് ശേഷം ശരീരം അതിസാഹസികമായി 8000 മീറ്റര്‍ താഴേക്കെത്തിച്ചു. അവിടെ നിന്നും ഹെലിക്കോപ്റ്ററില്‍ താഴെയെത്തിക്കാനായി.

തിരുത്താനാത്ത റെക്കോഡ് ആ സ്ലീപിംങ് ബ്യൂട്ടിക്ക് സ്വന്തം
അമേരിക്കക്കാരി ഫ്രാന്‍സിസ് അര്‍സ്യനേവ് എവറസ്റ്റ് കീഴടക്കി ഇറങ്ങുമ്പോഴാണ് അപകടത്തില്‍പെടുന്നത്. ഭര്‍ത്താവടങ്ങുന്ന സംഘത്തോടൊപ്പമായിരുന്നു ഇവരുടെ എവറസ്റ്റ് കയറ്റം. ഫ്രാന്‍സിയസ് അപകടത്തില്‍ പെട്ട വിവരം സെര്‍ജി അര്‍സ്യനേവ് അറിയുന്നത് വൈകിയാണ്. ഭാര്യയെ തിരഞ്ഞ് മുകളില്‍ പോയാല്‍ തിരികെ ബെയ്‌സ് ക്യാമ്പിലെത്താന്‍ ആവശ്യമായ ഓക്‌സിജന്‍ അദ്ദേഹത്തിന്റെ പക്കലില്ലായിരുന്നു. എന്തും വരട്ടെയെന്ന തീരുമാനത്തില്‍ ഫ്രാന്‍സിസിനെ തിരഞ്ഞ് തിരിച്ചുകയറി. വീണുകിടക്കുന്ന ഭാര്യക്കരികിലേക്കെത്താന്‍ ശ്രമിക്കുന്നതിനിടെ സെര്‍ജിയും കാല്‍തെന്നി മരണത്തിലേക്ക് വീണുവെന്നാണ് കരുതപ്പെടുന്നത്. ഇതിനിടെ എവറസ്റ്റ് കയറുന്ന ഉസ്ബക്ക് സംഘത്തിലെ രണ്ട് പേര്‍ മരണത്താസന്നയായി കിടക്കുന്ന ഫ്രാന്‍സിയ അര്‍സ്യനേവിനരികിലെത്തി. അപകടത്തിനൊപ്പം കൊടും തണുപ്പും ഓക്‌സിജന്റെ കുറവും മൂലം അവര്‍ അപ്പോഴേക്കും അനങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. സ്ലീപിംങ് ബ്യൂട്ടി എന്നാണ് മരിക്കുമ്പോള്‍ നാല്‍പതു വയസുണ്ടായിരുന്ന ഫ്രാന്‍സിസിന്റെ മൃതശരീരം എവറസ്റ്റു കയറ്റക്കാര്‍ക്കിടയില്‍ അറിയപ്പെടുന്നത്. മരണത്തിനു മുന്നില്‍ കീഴടങ്ങിയെങ്കിലും ആര്‍ക്കും തകര്‍ക്കാനാകാത്ത ഒരു റെക്കോഡ് സ്വന്തമാക്കിയാണ് ഫ്രാന്‍സിസ് പോയത്. ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായമില്ലാതെ എവറസ്റ്റ് കീഴടക്കിയ ആദ്യ അമേരിക്കന്‍ വനിതയെന്ന തിരുത്താനാത്ത റെക്കോഡ് ഇന്നും ആ സ്ലീപിംങ് ബ്യൂട്ടിക്ക് സ്വന്തം.

സ്വന്തം സ്വപ്‌നങ്ങള്‍ക്കുവേണ്ടി ജീവന്‍ നല്‍കാന്‍ തയ്യാറായവരെന്ന പേരില്‍ ഈ മനുഷ്യര്‍ ബഹുമാനം അര്‍ഹിക്കുന്നു. പ്രകൃതിയുടെ മരണാനന്തര ശുശ്രൂഷകള്‍ ഏറ്റുവാങ്ങിക്കൊണ്ട് അവര്‍ ഇനിയും നൂറ്റാണ്ടുകളോളം എവറസ്റ്റിന് മുകളിലുണ്ടാകും. എവറസ്റ്റിന് മുകളിലെത്തുന്ന ഓരോ സാഹസികര്‍ക്കും ഒരിക്കലും മറക്കാനാകാത്ത പാഠങ്ങള്‍ പകര്‍ന്നു നല്‍കിക്കൊണ്ട്.
English Summary: The Bodies Of Dead Climbers On Mount Everest