ഇതാണോ പുതിയ സണ്ണി ? - വിഡിയോ

Mail This Article
രാജ്യാന്തര വിപണിയിലെ നിസാന്റെ ഏറ്റവും വിൽപ്പനയുള്ള മോഡലുകളിലൊന്നായ സണ്ണിയുടെ പുതിയ രൂപം ന്യൂയോർക്ക് ഇന്റർനാഷണൽ ഓട്ടോഷോയിൽ പ്രദർശിപ്പിച്ചു. നിസാൻ വേർസ എന്ന പേരിൽ യുഎസിൽ പുറത്തിറക്കുന്ന കാറിന്റെ അമേരിക്കൻ പതിപ്പാണ് പ്രദർശിപ്പിച്ചത്. ഈ വർഷം തന്നെ യുഎസ് വിപണിയിലെത്തുന്ന സണ്ണി അടുത്ത വർഷം ഇന്ത്യയിലുമെത്തിയേക്കാം. 1966 മുതൽ വിപണിയിലുള്ള സണ്ണിയുടെ പതിനൊന്നാം തലമുറയാണ് ഇപ്പോൾ പ്രദർശിപ്പിച്ച മോഡൽ.

നിസാൻ കിക്സ്, മൈക്ര എന്നിവയുടെ ഗ്ലോബൽ മോഡലിൽ ഉപയോഗിക്കുന്ന വി പ്ലാറ്റ്ഫോമാണ് പുതിയ വേർസയിലും ഉപയോഗിക്കുന്നത്. 2010ൽ പുറത്തിറങ്ങിയ പത്താം തലമുറയ്ക്ക് ശേഷം ഒമ്പത് വർഷത്തെ ഇടവേളയിലാണ് പതിനൊന്നാം തലമുറ ഇറങ്ങുന്നത്. ഇന്ത്യയിൽ സണ്ണി പുറത്തിറങ്ങുന്നത് 2011 ലാണ്. അമേരിക്കൻ വിപണിയിലെ അൾട്ടിമ െസഡാനിനോട് സാമ്യം തോന്നുന്ന രൂപമാണ് പുതിയ സണ്ണിക്ക്. നിസാന്റെ വി മോഷൻ ഗ്രില്ലും ബുമറാങ്ങിന്റെ രൂപത്തിലുള്ള എൽഇഡി ഹെഡ്‍ലാംപും ഡേടൈം റണ്ണിങ് ലാംപും ഡ്യുവൽ ടോണ്‍ ബംബറും മുൻവശത്തെ വ്യത്യസ്തമാക്കുന്നുണ്ട്.

വശങ്ങളിൽ പത്താം തലമുറ സണ്ണിയേക്കാൾ കൂടുതൽ സ്പോർട്ടിയാണ്. ഡയമണ്ട് കട്ട് അലോയ് വീലുകൾ, മനോഹരമായ എൽഇഡി ടെയിൽ ലാംപ്, വലിയ ബുട്ട് എന്നിവ മികച്ച ലുക്ക് സമ്മാനിക്കുന്നു. മനോഹരമായ ഇന്റീയരിയറാണ് കാറിന്. ബ്ലാക് തീമിലുള്ള ഇന്റീരിയറിൽ ലതർ ഫിനിഷുകളുമുണ്ട്. അമേരിക്കൻ പതിപ്പിൽ 1.6 ലീറ്റർ നാലു സിലിണ്ടർ പെട്രോൾ എൻജിനാണ്. 122 എച്ച്പി കരുത്തും 155 എൻഎം ടോർക്കുമുണ്ട് എൻജിന്. എക്സ്ട്രോണിക് ട്രാൻസ്മിഷനും 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമുണ്ട്.