പഞ്ചിന്റെ 5 സവിശേഷതകൾ, വില കൊണ്ട് വിപണിയെ വീഴ്ത്തുമോ ടാറ്റ
Mail This Article
ചെറു എസ്‍യുവി വിപണിയിലേക്ക് ടാറ്റ പുറത്തിറക്കുന്ന പുതിയ വാഹനത്തിന്റെ പേരാണ് പഞ്ച്. എച്ച്ബിഎക്സ് എന്ന കോഡുനാമത്തിൽ ടാറ്റ വികസിപ്പിച്ച ചെറു എസ്‍യുവി ഈ വർഷം തന്നെ വിപണിയിലെത്തും. പ്രധാനമായും മാരുതി സുസുക്കി ഇഗ്‌നിസ്, ഉടൻ പുറത്തിറങ്ങുന്ന ഹ്യുണ്ടേയ് കാസ്പർ എന്നിവയോട് മത്സരിക്കാനെത്തുന്ന പഞ്ചിന്റെ 5 പ്രധാനപ്പെട്ട കാര്യങ്ങൾ.
∙ കൺസെപ്റ്റിനോട് ചേർന്നു നിൽക്കുന്ന പ്രൊഡക്ഷൻ മോഡൽ
കൺസെപ്റ്റിനോട് ചേർന്നു നിൽക്കുന്ന പ്രൊഡക്ഷൻ മോഡലുകളാണ് ടാറ്റ പുറത്തിറക്കുന്നത്. നെക്സോൺ, ഹാരിയർ, ആൾട്രോസ് എന്നിവ അതിനുള്ള ഉദാഹരണങ്ങളാണ്. ആ പതിവ് തെറ്റിക്കാതെയാണ് പഞ്ചും എത്തുന്നത്. കഴിഞ്ഞ ഓട്ടോ എക്സ്പോയിലെ ടാറ്റയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു എച്ച്ബിഎക്സ് കൺസെപ്റ്റ്. ജനശ്രദ്ധ നേടിയ കൺപെസ്റ്റിന്റെ സ്റ്റൈൽ ഘടകങ്ങൾ സ്വീകരിച്ചിട്ടുണ്ട് പഞ്ച്. ഹാരിയറിനേയും സഫാരിയേയും അനുസ്മരിപ്പിക്കുന്ന സ്പ്ലിറ്റ് ഹെഡ്‌ലാംപുകൾ, ഹ്യൂമാനിറ്റി ലൈൻ ഗ്രിൽ എന്നിവ പഞ്ചിലുണ്ട്. ടാറ്റയുടെ സിഗ്നേച്ചർ വൈ ഡിസൈനുള്ള മുൻ ബംബറാണ്. കൂടാതെ 16 ഇഞ്ച് അലോയ് വീലുകൾ, ഡ്യുവൽ ടോൺ എക്സ്റ്റീരിയർ പെയിന്റ് ഓപ്ഷനുകൾ, ഫ്ലോട്ടിങ് റൂഫ് എന്നിവയുണ്ട്.
∙ ഇന്റീരിയറിലും എച്ച്ബിഎക്സ് ടച്ച്
കുടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ഇന്റീരിയറിലും കൺസെപ്റ്റിന്റെ സ്വാധീനമുണ്ട് എന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ഫ്രീ സ്റ്റാൻഡിങ് 7 ഇഞ്ച് ടച്ച് സ്ക്രീൻ, ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ് വീൽ തുടങ്ങിയവയുണ്ടാകും.
∙ ആൾട്രോസിന്റെ പ്ലാറ്റ്ഫോം
ടാറ്റയുടെ ഇംപാക്റ്റ് 2 ഡിസൈൻ ഫിലോസഫിയിൽ നിർമിക്കുന്ന വാഹനത്തിന് 3840എംഎം നീളവും 1822 എംഎം വീതിയും 1635എംഎം ഉയരവുമുണ്ട്. പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസ് നിർമിച്ച ആൽഫ പ്ലാറ്റ്ഫോമിൽ തന്നെയാണ് പുതിയ വാഹനത്തിന്റേയും നിർമാണം. പ്രധാന എതിരാളികളായ മാരുതി ഇഗ്നിസിനെക്കാളും ഹ്യുണ്ടേയ് കാസ്പറിനെക്കാളും വലുപ്പം വാഹനത്തിനുണ്ടാകും
∙ രണ്ട് പെട്രോൾ എൻജിനുകൾ, എഎംടി ഗിയർബോക്സ്
പെട്രോൾ എൻജിൻ വകഭേദം മാത്രമായിരിക്കും പുതിയ വാഹനത്തിൽ, എന്നാൽ രണ്ടു പെട്രോൾ എൻജിൻ വകഭേദങ്ങളുണ്ടാകും. ആൾട്രോസിൽ ഉപയോഗിക്കുന്ന 1.2 ലീറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിന് 86 ബിഎച്ച്പി കരുത്തുണ്ടാകും. മാനുവൽ എംഎംടി ഗിയർബോക്സുകളിൽ പുതിയ വാഹനം ലഭിക്കും. ഇതു കൂടാതെ ആൾട്രോസ് ഐ ടർബോയിലെ 1.2 ലീറ്റർ എൻജിനും പഞ്ചിലുണ്ടാകും.
∙ ഇലക്ട്രിക് വകഭേദം, കുറഞ്ഞ വില
വിലയിൽ നെക്സോണിനു തൊട്ടു താഴെ നിൽക്കുന്ന ഇൗ വാഹനം മൈക്രോ എസ്‍യുവി എന്ന പേരിലായിരിക്കും വിപണിയിലെത്തുക. 4.5 ലക്ഷം മുതൽ 7.5 ലക്ഷം രൂപ വരെയായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോൾ എൻജിൻ വാഹനം കൂടാതെ ഇലക്ട്രിക് വകഭേദവും സമീപഭാവിയിൽ പുറത്തിറക്കാൻ ടാറ്റയ്ക്ക് പദ്ധതിയുണ്ട്.
English Summary: Tata Punch micro SUV: 5 things to Know