ഏഷ്യയിലെ ഏറ്റവും വിസ്താരമേറിയ ടണലുമായി മുംബൈ–പുണെ എക്സ്പ്രസ് ഹൈവേ
![mumbai-pune-expressway-missing-link Image Source: MAHA INFO CENTRE](https://img-mm.manoramaonline.com/content/dam/mm/mo/fasttrack/auto-news/images/2022/11/15/mumbai-pune-expressway-missing-link.jpg?w=1120&h=583)
Mail This Article
മുംബൈ–പുണെ ഹൈവേയുടെ പൂർത്തീകരണത്തിനു തടസമായിരുന്ന പദ്ധതി പുനരാരംഭിച്ച് മഹാരാഷ്ട്ര സർക്കാർ. 60 ശതമാനം പൂർത്തിയായ പദ്ധതി ആവിഷ്കരിക്കപ്പെടുന്നതോടെ ഏഷ്യയിലെ ഏറ്റവും വിസ്താരമേറിയ ടണലെന്ന ഖ്യാതി നേടും. വയഡക്ട് (കാലുകളുള്ള പാലം), കേബിൾ സ്റ്റെഡ് (തൂക്കുപാലം) പാലം എന്നിവ ഉൾപ്പെടെയുള്ള ഈ പദ്ധതിയിൽ 10.55 കിലോമീറ്ററുകൾ തുരങ്കമാണ്. ലോണവാല തടാകത്തിന്റെ താഴ്‌വാരത്ത് ഉദ്ദേശിക്കുന്ന ഈ തുരങ്കം നിയന്ത്രിത സ്ഫോടനം ഉപയോഗിച്ച് നിർമിക്കാനാണ് പദ്ധതി. ഇതു പൂർത്തിയാകുന്നതോടെ ഏഷ്യയിലെ ഏറ്റവും വീതിയേറിയ തുരങ്കമാകും. 23.75 മീറ്ററുകളാണ് ഇതിന്റെ വീതി.
അടുത്തവർഷം ഡിസംബറോടെ പദ്ധതി പൂർത്തീകരിക്കുമെന്നാണ് കരുതപ്പെടുന്നത്. പദ്ധതി പൂർത്തിയായി ഗതാഗതത്തിനു തുറന്നു നൽകുന്നതോടെ മുംബൈ–പുണെ എക്സ്പ്രസ് ഹൈവേയിലെ ഖണ്ഡാല മേഖലയിലുള്ള വലിയ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്. നിരവധി ‘കുപ്പിക്കഴുത്ത്’ ട്രാഫിക് ജാമുകൾ ഉണ്ടാകാറുള്ള മേഖലയാണ് ഇത്. സീറോ ഫാറ്റലിറ്റി കോറിഡോർ എന്ന പേരിനുതകുന്ന വിധത്തിൽ എക്സ്പ്രസ് ഹൈവേയെ പര്യാപ്തമാക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
നിർമാണം ആരംഭിച്ച ടണലിങ് ജോലികൾക്ക് നേതൃത്വം നൽകുന്നത് നവയുഗ എൻജിനീയറിങ് കമ്പനിയാണ്. ഒപ്പം നടക്കുന്ന വയഡക്ട് ജോലികൾ ആഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് നിർവഹിക്കുന്നത്. ഏകദേശം 13.3 കിലോമീറ്ററോളം നീളമാണ് പദ്ധതി പൂർത്തീകരിക്കാനുള്ളത്. ഇത് പ്രാവർത്തികമാകുന്നതോടെ 5.7 കിലോമീറ്റർ ദൂരം ലാഭിക്കാനാകും. 5.7 കിലോമീറ്റർ ദൂരം കുറയുന്നത് 25 മിനിറ്റുകളോളം യാത്രാസമയവും കുറയ്ക്കുമെന്ന് കരുതപ്പെടുന്നു. 13 കിലോമീറ്ററർ 10.55 കിലോമീറ്ററും തുരങ്കമാണ്.
ലോണവാല തടാകത്തിന്റെ അടിവശത്തു നിന്ന് ഏകദേശം 114 മുതൽ 175 മീറ്റർ വരെ താഴ്ത്തി നിർമിക്കുന്ന ഈ തുരങ്കത്തിന്റെ 2.5 കിലോമീറ്ററുകൾ കടന്നു പോകുന്നത് തടാകത്തിന്റെ താഴ്‌വരയിലാണ്. 900 മീറ്ററാണ് കാലുകളുള്ള പാലത്തിനു നീളം. തൂക്കുപാലത്തിന് 650 മീറ്റർ നീളമുണ്ടാകും. 82 മീറ്റർ ഉയരത്തിലാണ് ഈ പാലം കടന്നുപോകുന്നത്. പുണെയിലെ റാവത് മേഖലയിൽ നിന്ന് നവി മുംബൈയിലെ കലംബോലിയിലേക്കുള്ള ഈ എക്സ്പ്രസ് പാതയ്ക്ക് 94.5 കിലോമീറ്ററുകളാണ് നീളം. ഇന്ത്യയിലെ ആദ്യ കോൺക്രീറ്റ് നിർമിത 6 വരിപ്പാതയാണ് ഇത്. ടോളുകൾ മുഖാന്തരമാണ് പ്രവർത്തിക്കുന്നത്. 2002 മുതലാണ് പ്രവർത്തനക്ഷമമാക്കുന്നതിനുള്ള തുടക്കമിട്ടത്.
English Summary: Mumbai-Pune expressway ‘missing link’ Asia’s widest tunnel