ADVERTISEMENT

ഭൂമുഖത്തെ ഏറ്റവും അപകടം പിടിച്ച റേസ് എന്ന വിശേഷണം ചേരുക ഐൽ ഓഫ് മാന്‍ ടിടിക്കായിരിക്കും. 114 വര്‍ഷത്തെ ചരിത്രമുള്ള ഈ ബൈക്ക് റേസിങ്ങിനിടെ ഇതുവരെ പൊലിഞ്ഞത് 151 മനുഷ്യ ജീവനാണ്. ഐറിഷ് സമുദ്രത്തിലെ ഡഗ്ലസ് ദ്വീപില്‍ വര്‍ഷത്തിലൊരിക്കലാണ് ഐൽ ഓഫ് മാന്‍ നടക്കുക.

1907ല്‍ ആരംഭിച്ച ഐൽ ഓഫ് മാന്‍ പല വര്‍ഷങ്ങളില്‍ പലകാരണങ്ങള്‍ മൂലം മുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷം കോവിഡായിരുന്നു ഈ ബൈക്ക് റേസിങ്ങിനെ റദ്ദാക്കിയത്. അടുത്തവര്‍ഷത്തെ റേസിങ് മെയ് 28 മുതല്‍ ജൂണ്‍ 11 വരെ നടക്കുമെന്ന് ഇതിനകം തന്നെ സംഘാടകര്‍ അറിയിക്കുകയും ചെയ്തു. ഐൽ ഓഫ് മാന്‍ ടിടിയുടെ ചരിത്രത്തിലെ ഏറ്റവും ദുരന്തമായ റേസ് നടന്നത് 1970ലായിരുന്നു. അക്കൊല്ലം ആറു റൈഡര്‍മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

പേടിപ്പെടുത്തുന്ന വിവരങ്ങള്‍ പലതുമുണ്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ബൈക്ക് റേസര്‍മാരുടെ സ്വപ്‌ന ട്രാക്കാണ് ഐല്‍ ഓഫ് മാന്‍ ടിടിയിലേത്. ഈയൊരു ജനപ്രീതിക്ക് പിന്നിലെ കാരണങ്ങള്‍ പലതുമാണ്.

സ്ട്രീറ്റ് റേസിന്റെ ആവേശക്കൊടുമുടി

ഒട്ടുമിക്ക ബൈക്ക് റേസുകളും പ്രത്യേകം നിര്‍മിച്ച റേസ് ട്രാക്കുകളിലാണ് നടക്കുക. എന്നാല്‍ ഐല്‍ ഓഫ് മാന്‍ നടക്കുന്നത് ബ്രിട്ടീഷ് ചെറുദ്വീപായ ഡഗ്ലസിലാണ്. ആകെ 30000ല്‍ താഴേ ആളുകൾ മാത്രം താമസിക്കുന്ന ഡഗ്ലസിലെ ഏറ്റവും പ്രധാന ആഘോഷമാണ് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഐല്‍ ഓഫ് മാന്‍ ടിടി. റൈഡര്‍മാര്‍ക്ക് ഐല്‍ ഓഫ് മാന്‍ ടിടി മറ്റൊരു റേസിങും നല്‍കാത്ത അനുഭവം സമ്മാനിക്കുന്നതില്‍ ഈ ട്രാക്കിനുള്ള പങ്ക് വളരെ വലുതാണ്.

പതിയിരിക്കുന്ന മരണം

ഒരിക്കലെങ്കിലും ഐസില്‍ ഓഫ് മാന്‍ ടിടി റേസിന്റെ വിഡിയോ കണ്ടവരാരും പേരു മറന്നാലും ആ ദൃശ്യങ്ങള്‍ മറക്കാനിടയില്ല. ഇടുങ്ങിയ പാതകളിലൂടെ മുന്‍ചക്രം പൊങ്ങി പാഞ്ഞു വരുന്ന റൈഡര്‍മാര്‍. അതിവേഗത്തില്‍ വരുന്ന മത്സരാര്‍ഥികള്‍ക്ക് മതിലുകളും വൈദ്യുതി പോസ്റ്റുകളും വൈക്കോല്‍ കൂനകളുമൊക്കെ പലപ്പോഴും അപകടത്തിലേക്കുള്ള ചൂണ്ടുപലകയാവാറുമുണ്ട്. ഈ പാതകളിലൂടെ മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തില്‍ ബൈക്ക് ഓടിക്കുകയെന്നത് സൃഷ്ടിക്കുന്ന അപകട സാധ്യത ചില്ലറയല്ല.

ലോകത്തിലെ ഏറ്റവും അപകടം പിടിച്ച റേസ്

മറ്റെന്തിനെക്കാളും മോട്ടര്‍ സ്‌പോര്‍ട്‌സില്‍ സുരക്ഷക്ക് പ്രാധാന്യം വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. അപകടസാധ്യതകള്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് കാഴ്ചക്കാരും പങ്കെടുക്കുന്നവരും ഐല്‍ ഓഫ് മാന്‍ ടിടിയിലേക്ക് എത്തുന്നത്. ഇവരില്‍ പലരുടേയും സുഹൃത്തുക്കളോ ബന്ധുക്കളോ എതിരാളികളോ ഒക്കെ വേഗ പോരിന്റെ ഈ ട്രാക്കില്‍ ജീവന്‍ പൊലിഞ്ഞിട്ടുമുണ്ടാകും. എങ്കിലും ഈ ട്രാക്കില്‍ നിന്നുള്ള ഇരമ്പലിന്റെ ആവേശം മറ്റെവിടെ നിന്നു ലഭിക്കാത്തതുകൊണ്ടാകാം ഇപ്പോഴും ഐല്‍ ഓഫ് മാന്‍ ടിടി നടക്കുന്നത്.

ചരിത്രത്തിന്റെ പിന്‍ബലം

നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള മോട്ടര്‍ സ്‌പോര്‍ട്‌സ് റേസുകള്‍ അധികമില്ല നമുക്ക്. ഇക്കൂട്ടത്തില്‍ പഴക്കം കൊണ്ട് പ്രതാപിയാണ് ഐല്‍ ഓഫ് മാന്‍ ടിടി. ഇപ്പോഴും സജീവമായുള്ള ലോകത്തെ ഏറ്റവും പഴക്കമുള്ള മോട്ടര്‍സൈക്കിള്‍ റേസാണിത്.

മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന ഡഗ്ലസ് ദ്വീപിന്റെ സംസ്‌ക്കാരവുമായി ഈ റേസ് വേര്‍പിരിയാനാവാത്തവിധം ഇഴ ചേര്‍ന്നിരിക്കുന്നു. 1907 മുതല്‍ ഓരോ വര്‍ഷവും ലോകത്തിന്റെ പലഭാഗത്തു നിന്നെത്തുന്ന കാണികളും റേസര്‍മാരും ഡഗ്ലസ് ദ്വീപിലേക്ക് വരുന്നത്. ഒരു ബൈക്ക് റേസ് എന്നതിനപ്പുറം സാംസ്‌ക്കാരിക അടയാളവും കൂട്ടായ്മയുമായി ഐല്‍ ഓഫ് മാന്‍ ടിടി മാറിക്കഴിഞ്ഞു. 

ഐല്‍ ഓഫ് മാന്‍ ടിടിയുടെ ജീവന്‍

ഏതൊരു കായിക മത്സരവും പോലെ ഐല്‍ ഓഫ് മാന്‍ ടിടിയുടേയും പ്രചാരകര്‍ അതില്‍ വിജയഗാഥ സൃഷ്ടിച്ചവരാണ്. ഏറ്റവും കൂടുതല്‍ ഐല്‍ ഓഫ് മാന്‍ ടിടി വിജയിച്ചവരുടെ പട്ടികയില്‍ മുന്നിലുള്ളത് ജോയെ ഡണ്‍ലോപ്പാണ്. 26 വിജയം നേടിയിട്ടുള്ള ജോയെ ഡണ്‍ലോപിന്റെ ഈ വിജയഗാഥക്ക് മറ്റൊരു വശം കൂടിയുണ്ട്.

ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ഐല്‍ ഓഫ് മാന്‍ ടിടി കൊണ്ട് വിജയവും കണ്ണീരും രുചിച്ചത് ഡണ്‍ലോപ് കുടുംബമായിരിക്കും. 26 കിരീടങ്ങളുള്ള ജോയെ ഡണ്‍ലോപിന്റെ ജീവന്‍ പൊലിഞ്ഞതും റോഡ് റേസിങ്ങിനിടെയായിരുന്നു. അദ്ദേഹത്തിന്റെ സഹോദരന്‍ റോബര്‍ട്ടും റോബര്‍ട്ടിന്റെ മകന്‍ വില്യമും മരിച്ചത് ഇതേ ട്രാക്കില്‍ വച്ചാണ്.

19 വിജയങ്ങളുമായി കൂടുതല്‍ കിരീടം നേടിയവരുടെ പട്ടികയില്‍ മൂന്നാമതുള്ള മിഖായേല്‍ ഡണ്‍ലോപിന്റെ അമ്മാവനാണ് ജോയെ ഡണ്‍ലോപ്. സ്വന്തം പിതാവ് മരിച്ച് ദിവസങ്ങള്‍ക്കകം മിഖായേല്‍ റേസിങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. 2018ല്‍ സ്വന്തം സഹോദരന്റെ മരണവും ഐല്‍ ഓഫ് മാനില്‍ പങ്കെടുക്കുന്നതില്‍ മിഖായേലിനെ പിന്തിരിച്ചിട്ടില്ല. 32 വയസ്സിനുള്ളില്‍ 19 കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട് മിഖായേല്‍ ഡണ്‍ലോപ്.

ഐല്‍ ഓഫ് മാന്‍ ടിടിയില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയവരില്‍ രണ്ടാമതുള്ളത് ജോണ്‍ മക്കിനസാണ്. 50കാരനായ ജോണ്‍ ഇതുവരെ നേടിയിട്ടുള്ളത് 23 കിരീടങ്ങള്‍. നട്ടെല്ലു തകര്‍ന്നു പോയ 2017ലെ വലിയൊരു അപകടത്തിന് ശേഷം തൊട്ടടുത്ത വര്‍ഷം ടിടിയില്‍ പങ്കെടുത്ത് ഞെട്ടിച്ചിട്ടുണ്ട് ജോണ്‍. ഈ റൈഡര്‍മാരെല്ലാം സ്വന്തം ജീവിതം കൊണ്ട് പറയുന്നുണ്ട് അവര്‍ക്കാര്‍ക്കും ഐല്‍ ഓഫ് മാന്‍ ടിടി ഒരു സാധാരണ ബൈക്ക് റേസല്ലെന്ന്.

English Summary: Most Dangerous Race In The World Isle Of Man TT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com