മതേതരത്വം കാത്തു സൂക്ഷിക്കുന്നതിന്ന് ജാഗരൂകരായിരിക്കണം: എ എം ആരിഫ് എംപി

Mail This Article
റിയാദ് ∙ രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം കാത്തുസൂക്ഷിക്കുന്നതിന് നാം ഓരോരുത്തരും ജാഗരൂകരായിരിക്കണമെന്ന് ആലപ്പുഴ എംപി എ എം ആരിഫ് പറഞ്ഞു. ലോകത്തിന്റെ മുന്നിൽ നാം തലയെടുപ്പോടെ ഉയർത്തി കാട്ടിയ മതേതരത്വം ഇന്ന് ചോദ്യ ചിഹ്നമായി മാറി കഴിഞ്ഞു. സമാധാനത്തോടെ കഴിഞ്ഞിരുന്ന സമൂഹത്തെ ഒറ്റ രാത്രികൊണ്ടാണ് ശത്രുക്കളാക്കി മാറ്റുന്നത്. വളരെ ആസൂത്രിതമായ ഇത്തരം നീക്കങ്ങൾ നമുക്കിടയിലും അരങ്ങേറ്റുന്നതിന് തക്കം പാർത്തിരിക്കുകയാണ് ചിദ്ര ശക്തികൾ. അതിനുദാഹരണമാണ് കളമശ്ശേരിയിലെ അനിഷ്ട് സംഭവവും അതിനെ തുടർന്ന് ആദ്യ മണിക്കൂറുകളിൽ ഉണ്ടായ ചില പ്രതികരണങ്ങളും. പൊലീസിന്റെയും ഭരണ സംവിധാനത്തിന്റെയും ജാഗ്രതയോടെയുള്ള പ്രവർത്തനം ഒന്നുമാത്രമാണ് കേരളത്തെ വിപത്തിൽ നിന്നും രക്ഷിച്ചത്. അദ്ദേഹം പറഞ്ഞു. റിയാദിൽ കേളി കലാസാംസ്കാരിക വേദി നൽകിയ സ്വീകരണത്തിൽ നന്ദി രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്ര നിർമിതിക്ക് ജീവനും രക്തവും നൽകിയവരെ പൂർണ്ണമായും മാറ്റി നിർത്തി ചാതുർവർണ്ണ്യവും കാവിവത്ക്കരണവും നടപ്പിലാക്കുന്നതാണ് പുതിയ പാർലിമെന്റ് മന്ദിരത്തിൽ കാണാൻ സാധിക്കുന്നത്. രാജ്യത്തെ എതിർ ശബ്ദങ്ങളെ പൂർണ്ണമായും അടിച്ചമർത്തുകയും മാധ്യമ പ്രവർത്തനം ഭയപ്പാടോടെ മാത്രം നടത്തേണ്ട ഒന്നായി രാജ്യത്ത് മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റിയാദ് ക്ലാസ്സിക് ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണത്തിൽ കേളി കേന്ദ്ര രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ഗീവർഗീസ് ഇടിച്ചാണ്ടി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം ടിആർ സുബ്രഹ്മണ്യൻ ആമുഖ പ്രസംഗം നടത്തിയ സ്വീകരണയോഗത്തിൽ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു.
രക്ഷാധികാരി സമിതിക്ക് വേണ്ടി സമിതി അംഗം ഫിറോസ് തയ്യിൽ, കേളിക്ക് വേണ്ടി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, കുടുംബവേദിക്ക് വേണ്ടി സെക്രട്ടറിയേറ്റ് അംഗങ്ങളും ബൊക്കെ നൽകി സ്വീകരിച്ചു. ഏരിയാ രക്ഷാധികാരി സമിതികൾക്ക് വേണ്ടി ഷെബി അബുൾ സലാം, ഹുസൈൻ മണക്കാട്, അനിരുദ്ധൻ കീച്ചേരി, സെൻ ആന്റണി, ഷാജു പിപി, രജീഷ് പിണറായി, ഷാജി കെഇ, നിസാറുദ്ധീൻ, സുകേഷ് കുമാർ, ജവാദ് പരിയാട്ട്, സുനിൽ കുമാർ, ഷാജി കെകെ, മധു ബാലുശ്ശേരി, അലി പട്ടാമ്പി എന്നിവർ എംപിക്ക് ഹാരമണിയിച്ചു. കേളി കുടുംബവേദി സെക്രട്ടറി സീബാ കൂവോട് ചടങ്ങിന് നന്ദി രേഖപെടുത്തി.