ശൈത്യകാല ഉത്സവത്തിന് അബുദാബിയിൽ തുടക്കം

Mail This Article
അബുദാബി ∙ സാമൂഹിക ബന്ധങ്ങളും സൗഹൃദവും ശക്തിപ്പെടുത്തുന്നതിനും വിനോദത്തിനും വിജ്ഞാനത്തിനുമായി അബുദാബിയിൽ വിന്റർ ഫെസ്റ്റിവലിന് തുടക്കമായി. പൊതുസ്ഥലങ്ങൾ ഉപയോഗപ്പെടുത്തി അബുദാബി സിറ്റി മുനിസിപ്പാലിറ്റിയാണ് വിവിധ മേഖലകളിൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
പ്രാദേശിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതോടൊപ്പം കുടുംബങ്ങളെ പിന്തുണയ്ക്കുകയുമാണ് ലക്ഷ്യം. കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള വിവിധ ശിൽപശാലകളും അരങ്ങേറും ഓരോ പ്രദേശത്തും വ്യത്യസ്ത ആഴ്ചകളിലാണ് ഉത്സവം. 27ന് ബനിയാസിലെ അൽഷംഖ ചത്വരത്തിൽ ആരംഭിച്ച ഉത്സവം ഫെബ്രുവരി 2 വരെ തുടരും.
കലാകായിക, വിനോദപരിപാടികൾ, മിതമായ നിരക്കിൽ ഉൽപന്നങ്ങൾ ലഭ്യമാകുന്ന കിയോസ്കുകൾ, കുട്ടികൾക്കുള്ള കളിക്കളങ്ങൾ, ഭക്ഷണശാലകൾ എന്നിവയെല്ലാം അടങ്ങിയതാണ് ഉത്സവ കേന്ദ്രങ്ങൾ. ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ച് മെഡിക്കൽ ക്യാംപും നടത്തിവരുന്നു. കരകൗശല പ്രദർശനങ്ങൾ, കവിതാ സായാഹ്നം, സംഗീത കച്ചേരി തുടങ്ങിയവയും ഉണ്ട്.

വിദ്യാഭ്യാസ പ്രഭാഷണങ്ങൾ, പക്ഷി പ്രദർശനം, പട്ടം പറത്തൽ തുടങ്ങിയവയ്ക്കു പുറമെ കാർഷിക ശിൽപശാലകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ മാസം 3 മുതൽ 12 വരെ അൽ റിയാദ് സിറ്റിയിലും 5 മുതൽ 14 വരെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലും 16 മുതൽ 25 വരെ അൽ റഹ്ബ സ്ക്വയറിലും ശൈത്യകാല ഉത്സവം അരങ്ങേറി.