'കുടുംബ ബജറ്റ് താളംതെറ്റും': വിദേശികളുടെ ജല, വൈദ്യുതി നിരക്ക് വർധിപ്പിച്ച് ഷാർജ; പുതിയ ഫീസിൽനിന്ന് സ്വദേശികളെ ഒഴിവാക്കി

Mail This Article
ഷാർജ ∙ ഷാർജയിൽ വിദേശികളുടെ ജല, വൈദ്യുതി (സേവ) ബിൽ വർധിക്കും. ഏപ്രിൽ ഒന്നു മുതൽ മലിനജല ചാർജ് (സീവേജ്) ഏർപ്പെടുത്താൻ ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചതോടെയാണ് നിരക്ക് വർധിക്കുന്നത്.
ഒരു ഗാലൻ വെള്ളം ഉപയോഗിക്കുന്നവർ 1.5 ഫിൽസ് സീവേജ് ചാർജ് നൽകണം. എന്നാൽ സ്വദേശികളെ പുതിയ ഫീസിൽനിന്ന് ഒഴിവാക്കി. ദുബായ്, അബുദാബി തുടങ്ങി മറ്റു എമിറേറ്റുകളിൽ ഈ ഫീസ് നിലവിലുണ്ട്.
ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് പുതിയ നിയമം പ്രഖ്യാപിച്ചത്.
താരതമ്യേന കുറഞ്ഞ വാടകയും ജലവൈദ്യുതി, പാചകവാതക നിരക്കിലെ കുറവുമായിരുന്നു ഷാർജയുടെ ആകർഷണം. ഇതുമൂലം ദുബായിൽ ജോലി ചെയ്യുന്ന പലരും ഷാർജയിലാണ് താമസിക്കുന്നത്.
ദിവസേന മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ പെട്ടാണ് ലക്ഷ്യസ്ഥാനത്തും തിരിച്ചും എത്തുന്നതെങ്കിലും ജല,വൈദ്യുതി നിരക്കും വാടകയും വർധിക്കുന്നതോടെ ദുബായിൽ തന്നെ താമസം തുടരാൻ ചിലരെയെങ്കിലും പ്രേരിപ്പിച്ചേക്കും. നേരിയ വർധനയാണെങ്കിൽ പോലും കുറഞ്ഞ വരുമാനക്കാരാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കും.