യുഎഇയിൽ മഴ പെയ്തു; ഇന്ന് കാറ്റിന് സാധ്യത, ജാഗ്രതാ നിർദേശം

Mail This Article
ദുബായ്∙ ഇന്നലെ യുഎഇയിൽ പലയിടത്തും മഴ പെയ്തു. അദേൻ, അൽ ഗെയ്ൽ, റാസൽ ഖൈമ, ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡ്, ദിബ്ബ എന്നിവിടങ്ങളിൽ നേരിയ മഴ രേഖപ്പെടുത്തി. അൽ സുയോഹ്, ഷാർജ, റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, ദുബായ് രാജ്യാന്തര വിമാനത്താവളം, ദുബായിലെ അൽ മിൻഹാദ്, അബുദാബി അൽ ബതീൻ എന്നിവിടങ്ങളിലും മഴ ലഭിച്ചു. ദുബായ് ഖിസൈസ്, മുഹൈസിന, ഷാർജ എന്നിവിടങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ് അനുഭവപ്പെട്ടത്.
ദേശീയ കാലാവസ്ഥാ കേന്ദ്രം മഞ്ഞ, ഓറഞ്ച് പൊടി അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ദൃശ്യപരത കുറയാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ദൃശ്യപരത 2000 മീറ്ററിൽ താഴെയായി കുറഞ്ഞു.
പൊടിക്കാറ്റിനെ തുടർന്ന് കാലാവസ്ഥാ ബ്യൂറോ സുരക്ഷാ ഉപദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രതയോടെ വാഹനമോടിക്കാനും ജനലുകളും വാതിലുകളും അടച്ചിടാനും പൊടി നേരിട്ട് ഏൽക്കാതിരിക്കാനും ഔദ്യോഗിക കാലാവസ്ഥാ റിപ്പോർട്ടുകൾ പിന്തുടരാനും അധികൃതർ നിർദ്ദേശം നൽകി.
ഇന്ന് വടക്കൻ, തീരദേശ, കിഴക്കൻ പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും അനുഭവപ്പെടുക. പൊടി നിറഞ്ഞ കാലാവസ്ഥയായിരിക്കും ഉണ്ടാവുക. രാത്രിയിലും വ്യാഴാഴ്ച രാവിലെയും ഈർപ്പം വർധിക്കും. വടക്കുപടിഞ്ഞാറൻ കാറ്റ് മിതമായതോ ശക്തമായതോ ആയ രീതിയിൽ വീശാനിടയുണ്ട്. രാവിലെ കാറ്റിന്റെ ശക്തി കൂടാനും പൊടിയും മണലും വീശാനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 20-35 കി.മീറ്ററാകാം, ചിലപ്പോൾ 50 കി.മീറ്റർ വരെ വേഗതയിൽ വീശിയേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും പ്രക്ഷുബ്ധമായ സാഹചര്യമാണ് ഉണ്ടാവുകയെന്നും മുന്നറിയിപ്പുണ്ട്.