കാനഡയിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ആറാം തവണയും ഡോ.തോമസ് തോമസ്

Mail This Article
ടൊറന്റോ∙ കാനഡയിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഡോ.തോമസ് തോമസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം തലയോലപ്പറമ്പ് മരങ്ങോലിൽ കുടുംബാംഗമായ ഡോ.തോമസ് തോമസ് തുടർച്ചയായ ആറാം തവണയാണു സ്കൂൾ ബോർഡ് ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടത്. കാൽ നൂറ്റാണ്ടോളം ഒരേ വാർഡിനെ പ്രതിനിധീകരിച്ചു സ്‌കൂൾ ബോർഡ് ട്രസ്റ്റിയായി വിജയിക്കുകയെന്ന അത്യപൂർവ്വ നേട്ടവും സ്വന്തമാക്കി.
നിലവിൽ ഡഫറിൻ -പീൽ കാത്തലിക് സ്കൂൾ ബോർഡ് ട്രസ്റ്റിയും വൈസ് ചെയർമാനുമായ തോമസ്, നിരവധി കമ്മിറ്റികളിൽ ചെയറും വൈസ് ചെയറുമായിരുന്നു. പിളർപ്പിന് മുൻപുള്ള ഫൊക്കാനയുടെയും കനേഡിയൻ മലയാളി അസോസിയേഷന്റെയും പ്രസിഡന്റായിരുന്നു. കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് സെക്രട്ടറി, ഫോമാ കാനഡ റീജിയനൽ വൈസ് പ്രസിഡന്റ്, പനോരമ ഇന്ത്യാ ഡയറക്ടർ തുടങ്ങിയ നിരവധി നിലകളിൽ സേവനമനുഷ്ഠിക്കുന്ന ഡോ.തോമസ് തോമസ്, കനേഡിയൻ മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമാണ്.
ഇത്തവണത്തെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഡോ.തോമസ് തോമസിന്റെ സഹോദരീ പുത്രൻ ഷോൺ സേവ്യറും സഹോദരൻ്റെ പുത്രി അനീഷ തോമസും മൽസര രംഗത്തുണ്ട്. കൗൺസിലറായി സൂസൻ ജോസഫ്, സ്‌കൂൾ ബോർഡ് ട്രസ്റ്റിമാരായിരുന്ന സൂസൻ ബെഞ്ചമിൻ, ടോമി കോക്കാട്ട്, മാത്യു ജേക്കബ്, മാത്യു തോമസ് കുതിരവട്ടം, ടോമി വാളൂക്കാരൻ തുടങ്ങിയ മലയാളികളും ഇത്തവണ മത്സരിക്കുന്നുണ്ട്. ഒക്ടോബർ 24നാണ് ഔദ്യോഗിക തിരഞ്ഞെടുപ്പ്.