ഇത് യോഗ മുത്തച്ഛൻ; 63 വർഷമായി പഠിതാവ്, 96–ാം വയസ്സിലും യോഗ തന്നെ ജീവിതം
Mail This Article
തൊണ്ണൂറ്റിആറാം വയസ്സിലും യു.ഇ.വാരിയരുടെ ഒരു ദിവസം തുടങ്ങുന്നത് യോഗയ്ക്കൊപ്പമാണ്. യോഗയും ജീവിതവും അദ്ദേഹത്തിനു രണ്ടല്ല ഒന്നാണ്. 63 വർഷമായി പഠിതാവ്, ഗുരു എന്നീ നിലകളിലെല്ലാം യോഗയ്ക്കായി ഉഴിഞ്ഞുവച്ചതാണ് ഈ സാർഥക ജീവിതം.
ചെറുപ്പം മുതലേ യോഗയ്ക്കു പിറകേ സഞ്ചരിക്കുകയായിരുന്നു വാരിയർ. ബീഹാർ സ്കൂൾ ഓഫ് യോഗ സ്ഥാപകൻ സ്വാമി സത്യാനന്ദ സരസ്വതിയിൽ നിന്നാണ് ബാലപാഠങ്ങൾ അഭ്യസിച്ചത്. കോഴിക്കോട് സത്യാനന്ദയോഗ ഗവേഷണ കേന്ദ്രത്തിലെ ഡോ.എൻ.വിജയരാഘവന്റെ ശിക്ഷണത്തിൽ യോഗ അധ്യാപക കോഴ്സ് ഒന്നാംക്ലാസോടെ പാസായി. പ്രകൃതിജീവനത്തിന്റെ ഭാഗമായ റെയ്ക്കി കോഴ്സിന്റെ ഒന്നും രണ്ടും ബിരുദങ്ങൾ ഗവേഷണ കേന്ദ്രത്തിൽ നിന്നു തന്നെ നേടി. ശ്രീശ്രീ രവിശങ്കറിൽ നിന്നു ആർട് ഓഫ് ലിവിങ് കോഴ്സും പൂർത്തിയാക്കി.
ആയുർവേദത്തിൽ യോഗയ്ക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ വാരിയർ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ഡൽഹി ആശുപത്രിയിൽ ഒട്ടേറെ രോഗികളെ യോഗാസനം പരിശീലിപ്പിച്ചു. ഡൽഹി മൊറാർജി ദേശായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയിൽ നടക്കുന്ന സെമിനാറുകളിൽ വർഷങ്ങളോളം തുടർച്ചയായി പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പേരമക്കൾ അടക്കമുള്ള അനവധി പേരുടെ ഗുരുവാണ് ഈ "യോഗ മുത്തച്ഛൻ". യോഗയുമായി ബന്ധപ്പെട്ട് ഒരു പുസ്തകവും എഴുതിയിട്ടുണ്ട്.
റാഞ്ചിയിലെ മെക്കോണിൽ നിന്നു മെക്കാനിക്കൽ എൻജിനീയറായി വിരമിച്ച വാരിയർ പിന്നീട് ദീർഘകാലം കോട്ടയ്ക്കൽ ആര്യവൈദ്യശാല ട്രസ്റ്റ് ബോർഡംഗവും ടെക്നിക്കൽ കൺസൽട്ടന്റുമായിരുന്നു.
ഭാര്യ: പാർവതി വാരിയർ. റിട്ട. ക്യാപ്റ്റൻ യു.പ്രദീപ് (ആര്യവൈദ്യശാല ജോയിന്റ് ജനറൽ മാനേജർ), പ്രീത വാരിയർ (ആര്യവൈദ്യശാല സീനിയർ മാനേജർ ) എന്നിവർ മക്കളാണ്.