ഗൾഫിലിരുന്ന് വാട്സാപ്പിലൂടെ പണിതു! ഹിറ്റായി പ്രവാസിവീട്

Mail This Article
മലപ്പുറം കൊണ്ടോട്ടിയിലാണ് പ്രവാസിയായ റഫീക്കിന്റെയും അസ്മയുടെയും പുതിയ വീട്. മനോരമ ഓൺലൈനിൽ വന്ന ഒരു വീട് കണ്ടാണ് വീട്ടുകാർ ഡിസൈനർ നജീബിനെ സമീപിച്ചത്. ഇരുവരും പരിചയക്കാരാണ് എന്നതും ആശയവിനിമയം എളുപ്പമാക്കി.
പുറംകാഴ്ചയിൽ ട്രഡീഷണൽ ലുക്ക് കിട്ടണം എന്നാൽ ഉള്ളിൽ മോഡേൺ സൗകര്യങ്ങൾ ഉണ്ടാകണം. ഇതായിരുന്നു വീട്ടുകാരുടെ ആവശ്യം. അങ്ങനെയാണ് പലതട്ടുകളായി ചരിച്ചുള്ള മേൽക്കൂര ഡിസൈൻ ചെയ്തത്. റോഡ് നിരപ്പിൽ നിന്ന് അൽപം താഴ്ന്നുകിടക്കുന്ന പ്ലോട്ടിൽ നിർമിച്ച വീടിന് പരമാവധി വിസിബിലിറ്റി ലഭ്യമാക്കുക എന്ന ഉദ്ദേശ്യവും ഈ ചരിഞ്ഞ മേൽക്കൂരകൾക്കുണ്ട്.എലിവേഷനിലെ ഡബിൾ ഹൈറ്റ് സീലിങ് മാത്രം ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചതാണ്. ബാക്കി വാർത്തതും.

പോർച്ച്, സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണുള്ളത്. മൊത്തം 3100 ചതുരശ്രയടിയാണ് വിസ്തീർണം.

ഡിറ്റാച്ഡ് എന്നുതോന്നുംവിധമാണ് സിറ്റൗട്ട് ഒരുക്കിയത്. ഒരു നീളൻ ഇടനാഴി വഴിയാണ് ഇടങ്ങളെ കൂട്ടിച്ചേർത്തത്.

ഇറ്റാലിയൻ മാർബിളാണ് പൊതുവിടങ്ങളിൽ വിരിച്ചത്. ചിലയിടത്ത് നോർമൽ മാർബിളും വിരിച്ചു. ഫർണിച്ചറുകൾ ഇന്റീരിയർ തീം പ്രകാരം കസ്റ്റമൈസ് ചെയ്തു.

8 സീറ്റർ ഡൈനിങ് ടേബിളാണ് ഇവിടെയുള്ളത്. കലിംഗ സ്റ്റോണാണ് ടേബിൾ ടോപ്.
നാലുകിടപ്പുമുറികളും വ്യത്യസ്ത തീമിൽ ഒരുക്കി. ഹെഡ്‌സൈഡ് വോൾ പല കളർതീമിൽ പാനലിങ് ചെയ്തു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് ഒരുക്കി.

പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ കൊറിയൻ സ്‌റ്റോൺ വിരിച്ചു. ചൂടോടെ ഭക്ഷണം വിളമ്പാനും ചെറിയ സൗഹൃദസദസ്സുകൾക്കായും ഒരു ബ്രേക്ക്ഫാസ്റ്റ് ടേബിളും കിച്ചണിൽ സെറ്റ് ചെയ്തിട്ടുണ്ട്.

പലരും പഴയ ജലസ്രോതസ്സുകൾ ബാധ്യതയെന്നു കരുതി മൂടുമ്പോൾ, ഇവിടെ പറമ്പിലുണ്ടായിരുന്ന കുളം പടവ് കെട്ടി സംരക്ഷിച്ചത് ശ്രദ്ധേയമാണ്.

ദുബായിൽ ബിസിനസ് ചെയ്യുന്ന ഗൃഹനാഥൻ വാട്സ്ആപ്, ബോട്ടിം തുടങ്ങിയ ആപ്പുകളിലൂടെയായിരുന്നു വീടുപണി മേൽനോട്ടം നിർവഹിച്ചത്. ഭാര്യയാണ് ആ അഭാവം നികത്തി വീടുപണിയുടെ പലഘട്ടങ്ങളും ഏകോപിപ്പിച്ചത്.

ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു പാലുകാച്ചൽ. ആഗ്രഹിച്ച പോലെ ഒരു വീട് സഫലമായ സന്തോഷത്തിലാണ് വീട്ടുകാർ.
Project facts

Location- Kondotty, Malappuram

Plot- 40 cent
Area- 3100 Sq.ft
Owner- Rafeeq & Asma
Design- Najeeb
Nexus Architecture & Interiors, Calicut
Mob- 9846678787, 8592926565
Y.C- Dec 2022
ചിത്രങ്ങൾ- അഖിൽ കൊമാച്ചി
English Summary- Fusion Model NRI House Tour- Veedu Magazine Malayalam