ഇത് പറക്കുംതളികകൾ ലാൻഡ് ചെയ്തതല്ല! സംഗതി മറ്റൊന്നാണ്...
Mail This Article
ഭീമന്മാരായ കുറെ ഗോൾഫ് പന്തുകൾ നിരന്നു നിൽക്കുന്നത് പോലെയോ കഥകളിൽ വായിച്ചുകേട്ട അന്യഗ്രഹ ജീവികളുടെ ഉപേക്ഷിക്കപ്പെട്ട പറക്കുംതളിക പോലെയോ തോന്നിപ്പിക്കുന്ന ഈ രൂപങ്ങൾ വീടുകളാണ്. ആൾത്താമസമുള്ള വീടുകൾ. ഒന്നും രണ്ടുമല്ല അടുത്തടുത്ത് 50 എണ്ണം. വീടിനു ചുറ്റും മനോഹരമായ ഉദ്യാനവും. നെതർലൻഡ്സ് ഡെൻ ബോഷിലെ ബൊൾനോവിന്യൻ (Bolwoningen) കമ്യൂണിറ്റിയിലേക്കും ഭാവികാല വസ്തുശൈലിയിലേക്കും സ്വാഗതം.
സർക്കാർ ഗ്രാന്റോടെ 1980ൽ ഇവ നിർമിക്കുമ്പോൾ Dris Kreijkamp എന്ന ആർട്ടിസ്റ്റിന്റെ മനസ്സിൽ ഓടിയെത്തിയ ആശയമായിരുന്നു പ്രകൃതിയോടു മുട്ടിയുരുമ്മി നിൽക്കുന്ന വീടുകളുടെ സമൂഹം എന്നത്. ഗോളാകൃതിയിലുള്ള ഭൂമിയെ ഓർമിപ്പിക്കും വിധം അദ്ദേഹം രൂപകൽപനയും ചെയ്തു. പണക്കാരനും പാവപ്പെട്ടവനും ഇടത്തരക്കാരനും പ്രയോജനപ്പെടണം ഈ വീട് എന്നതായിരുന്നു മറ്റൊരു ലക്ഷ്യം. വീട്ടിലെ അന്തേവാസികൾ എല്ലാവരും ഹാപ്പിയാണ്, പ്രകൃതിയുമായി പെട്ടെന്നു 'കണക്ട്' ചെയ്യാനാകുന്നു എന്നാണ് അവ൪ പറയുന്നത്. വീട് എന്നാൽ മഹാസൗധങ്ങൾ ആകേണ്ട, പകരം തണുപ്പിൽ നിന്നും ചൂടിൽ നിന്നും മറ്റും രക്ഷ തരാനുള്ള അഭയകേന്ദ്രമാകണമെന്ന ആശയവും ഈ പരീക്ഷണ വീടുകൾക്കുണ്ട്. സ്ഥലപരിമിതിയുള്ള എവിടെയും ഇത്തരം വീടുകൾ പണിയാം.
ബോൾ വീടിന്റെ ഉള്ളിൽ
ഫ൪ണിച്ച൪ ഉൾപ്പെടെ എല്ലാം വൃത്താകൃതിയിൽ. ആകെ 3 നിലകൾ. സിലിണ്ടറിന്റെ ആകൃതിയിൽ ഉള്ള ബേസ്മെന്റ് അവശ്യ സാധനങ്ങൾ സംഭരിച്ചു വയ്ക്കാൻ ഉള്ളതാണ്. താഴത്തെ നിലയിൽ കിടപ്പുമുറി. നടുവിൽ ബാത്റൂം. കുറച്ചു കൂടി വിശാലമായ മുകൾ നിലയിൽ ലിവിങ് റൂമും അടുക്കളയും. ഓരോ നിലയും ബന്ധിപ്പിച്ച് സ്‌പൈറൽ രൂപത്തിലുള്ള പടികളുമുണ്ട്. സിമന്റും ഫൈബർ ഗ്ലാസും ഉപയോഗിച്ചു നിർമിച്ച ഈ വീടുകൾ പൊളിച്ചുമാറ്റി മറ്റൊരിടത്തു സ്ഥാപിക്കാം. പരിസ്ഥിതി സൗഹൃദം. വേണമെങ്കിൽ ഉറപ്പുള്ള അടിത്തറയിൽ വെള്ളത്തിനു മുകളിൽവരെ സ്ഥാപിക്കാം.
English Summary- Bolwoningen future House- Architecture News