ഒരു സെപ്റ്റിക് ടാങ്ക് അപാരത
Mail This Article
തലക്കെട്ട് കണ്ട് നെറ്റിചുളിക്കണ്ട.മനുഷ്യന് അകത്തേക്ക് പോകുന്നത് പോലെതന്നെ പ്രാധാന്യം ഉള്ളതാണ് പുറത്തേക്കുള്ള ഗതിയും. നമുക്ക് വേണമെങ്കിൽ കുറച്ച് ദിവസം നിരാഹാരം കിടക്കാം, ചെറിയ ക്ഷീണം ഉണ്ടാകും എന്നേയുള്ളൂ. പക്ഷേ പുറത്തേക്കുള്ള പോക്കിന് പ്രതിബന്ധമുണ്ടായാൽ മനസിലാകും ബുദ്ധിമുട്ട്.
അതായത് അമ്പാനേ, പറയാൻ വന്ന കാര്യം ശ്രദ്ധിക്ക്. ഭൂരിഭാഗം മനുഷ്യരും വീട്ടിൽ സെപ്റ്റിക് ടാങ്ക് വച്ചിട്ടുണ്ടെങ്കിലും അതെങ്ങനെ പ്രവർത്തിക്കുന്നു എന്ന് ചിന്തിക്കാത്തവരാകും. സെപ്റ്റിക് ടാങ്ക് എന്ന് നാം വിളിക്കുന്നത് പലപ്പോഴും യഥാർഥ സെപ്റ്റിക് ടാങ്കിനെ മാത്രമല്ല, ടോയ്‌ലറ്റുകളിലെ വാട്ടർ ക്ലോസറ്റിൽ നിന്നും വിസർജ്യമാലിന്യം ചെന്നു വീഴുന്ന എല്ലാ കുഴികളും നമുക്ക് സെപ്റ്റിക് ടാങ്കാണ്.
കേരളത്തെ സംബന്ധിച്ച് രണ്ടുതരം കുഴികളാണ് സാധാരണഗതിയിൽ ഉള്ളത്
ഒന്ന്
ഏതാണ്ട് മൂന്ന് മീറ്റർ നീളത്തിലും നാലടി വീതിയിലും ഏഴടി താഴ്ചയിലും വശങ്ങൾ കരിങ്കല്ല് കൊണ്ട് കെട്ടി സംരക്ഷിച്ച് മുകളിൽ കോൺക്രീറ്റ് സ്ലാബിട്ട് മൂടിയ സംവിധാനം.
രണ്ട്
മൂന്ന് ചേമ്പറുകളോട് കൂടിയ മെയിൻ ടാങ്കും അതിൽ നിന്നും ഓവർഫ്ലോ ആയി വരുന്ന വെള്ളം വീഴുന്ന മറ്റൊരു ടാങ്കും ഉള്ള സംവിധാനം.
ഞാൻ ആദ്യം പറഞ്ഞ സംഗതി 'ലീച്ച് പിറ്റ്' എന്നാണ് സാങ്കേതികമായി പറയുന്നത്. നാലോ അഞ്ചോ പേരടങ്ങിയ കുടുംബത്തിന് ഇത്തരം കുഴി ഉപയോഗിക്കാം. സാധാരണഗതിയിൽ ടാങ്ക് 'നിറയുന്ന പ്രശ്നം കാണാറില്ല'. എന്നാൽ ഇത്തരം കുഴികൾ അത്ര നല്ല ഒരു ഉപായമല്ല, മാലിന്യങ്ങൾ നേരിട്ട് മണ്ണിലേക്ക് കലരുന്നു എന്നതാണ് പ്രധാന പ്രശ്നം.
ഉറപ്പില്ലാത്ത മണ്ണിൽ വർഷങ്ങൾക്ക് ശേഷം ചിലപ്പോൾ കുഴികൾ ഇടിഞ്ഞ് വീഴാനും സാധ്യതയുണ്ട്. മലബാറിലൊക്കെ നല്ല വെട്ടുകല്ല് ഉള്ളിടത്ത് കുഴി കെട്ടി സംരക്ഷിക്കുക പോലും ചെയ്യാതെ മുകളിൽ സ്ലാബ് നിർമിച്ച് ഉപയോഗിക്കാറുണ്ട്. അങ്ങനെ ഉള്ള കുഴികൾ പെരുച്ചാഴി മുതലായവ മാളം ഉണ്ടാക്കി മണ്ണിടിച്ച് നികന്ന് പോകുന്ന പ്രശ്നങ്ങൾ അപൂർവമായെങ്കിലും ഉണ്ടാകാറുമുണ്ട്.
ഇനി രണ്ടാമത്തെ സംഗതിയിലേക്ക് വരാം. അതായത് യഥാർത്ഥ സെപ്റ്റിക് ടാങ്ക്.
വായു കടക്കാത്ത അറയിൽ മാലിന്യങ്ങൾ ജൈവികമായി വിഘടിപ്പിച്ച് ജലവും വായുവുമായി മാറ്റുന്നു എന്നതാണ് ഈ സംഗതിയുടെ സാങ്കേതികതത്വം. ഇതിനായി സെപ്റ്റിക് ടാങ്കിന് മൂന്ന് അറകൾ ഉണ്ടായിരിക്കും. ഈ മൂന്ന് അറകളും പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും അത് ഒരു പ്രത്യേക രീതിയിലായിരിക്കും. ആദ്യത്തെയും രണ്ടാമത്തെയും അറകൾ ടാങ്കിൻ്റെ താഴ്ഭാഗത്ത് പരസ്പരം ബന്ധിപ്പിക്കും. രണ്ടും മൂന്നും അറകൾ മുകൾ ഭാഗത്ത് പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ടാകും. കോൺക്രീറ്റിൽ സ്ഥലത്ത് നിർമിക്കുന്നതും റെഡിമെയ്ഡും പ്ലാസ്റ്റിക് നിർമിതവുമായ സെപ്റ്റിക് ടാങ്കുകളുണ്ട്. പ്രവർത്തനം എല്ലാം ഒരേ മാതൃകയിലാണ്.
ടോയ്‌ലറ്റിൽ നിന്നുള്ള വിസർജ്യ മാലിന്യങ്ങൾ ഒന്നാമത്തെ അറയിൽ വീഴുകയും അവ 90% പൊങ്ങിക്കിടക്കുന്ന അവസ്ഥയിൽ ടാങ്കിനുള്ളിലെ അനീറോബിക് ബാക്ടീരിയയുടെ സാന്നിധ്യത്തിൽ വിഘടിച്ച് വെള്ളവും വായുവുമായി മാറുന്നു. വിഘടിക്കാത്ത ഖരമാലിന്യം വളരെ ചെറിയ അളവിൽ ഒന്നും രണ്ടും ടാങ്കിന്റെ അടിഭാഗത്ത് അടിഞ്ഞ് കൂടും. ഇത് പക്ഷേ വളരെ നേർത്ത കനത്തിലേ ഉണ്ടാകൂ. സ്വാഭാവികമായും രണ്ടാമത്തെ അറയിൽ വെറും വെള്ളം മാത്രമായിട്ടാകും കാണപ്പെടുക.
ഓരോ തവണ ഫ്ലഷ് ചെയ്യുമ്പോഴും വിസർജ്യ മാലിന്യങ്ങൾ ഒന്നാമത്തെ അറയിൽ വീഴുകയും അത്രയും തന്നെ മാലിന്യം സംസ്കരിച്ച വെള്ളം മൂന്നാമത്തെ അറയിൽ നിന്നും പുറത്ത് സോക്പിറ്റ് എന്ന കുഴിയിലേക്ക് പോവുകയും ചെയ്യും.ഈ വെള്ളം മണ്ണിലേക്ക് വലിയുകയും ചെയ്യും. ഒന്നാമത്തെ അറയിൽ മാലിന്യം വിലടിപ്പിക്കപ്പെടുമ്പോഴുണ്ടാകുന്ന വാതകങ്ങൾ എയർ പൈപ്പ് വഴി അന്തരീക്ഷത്തിലേക്ക് പോകും. ഇതാണ് സെപ്റ്റിക് ടാങ്കിന്റെ സാമാന്യ തത്വം.
ഇനി മാലിന്യം വിഘടിപ്പിക്കാനുള്ള ബാക്ടീരിയ എവിടുന്ന് വരും?...
അതിന് വളരെ എളുപ്പമുള്ള ഒരു വഴിയുണ്ട്. നാടൻ പശുവിൻ്റെ ചാണകം പുല്ലോ മണ്ണോ മറ്റ് മാലിന്യങ്ങളോ ഇല്ലാതെ അര ബക്കറ്റ് എടുത്ത് അത്ര തന്നെ വെള്ളം ചേർത്ത് സെപ്റ്റിക് ടാങ്കിലേക്ക് ഉപയോഗിക്കുന്നതിന് മുമ്പായി ഒഴിച്ച് കൊടുത്താൽ മതി. പിന്നീട് രണ്ട് കൊല്ലം കൂടുമ്പോഴെങ്കിലും രണ്ടോ മൂന്നോ ലിറ്റർ ചാണക വെള്ളം ഒഴിച്ച് കൊടുക്കുക.
ഒരു കാര്യം പ്രത്യേകം ഓർക്കുക.
സാനിറ്ററി പാഡുകൾ, ഡയപ്പറുകൾ, മുടി, മറ്റ് അജൈവ വസ്തുക്കൾ ഒന്നും സെപ്റ്റിക് ടാങ്കിൽ വീഴരുത്. അതു പോലെ 1% കീടാണുവിനെ ഒഴിച്ച് ബാക്കിയുള്ളവരെ നശിപ്പിക്കുന്ന ലായനികളൊന്നും ക്ലോസറ്റ് ക്ലീൻ ചെയ്യാൻ ഉപയോഗിക്കരുത്. സോപ്പ് , ഡിറ്റർജൻ്റ്, എണ്ണ എന്നിവയും സെപ്റ്റിക് ടാങ്കിൽ വീഴരുത്.
സാധാരണ ഗതിയിൽ ടാങ്ക് തുറക്കേണ്ട അവസ്ഥ ഉണ്ടാകാറില്ല. എന്നാൽ ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോൾ വെള്ളം ഒഴുക്കില്ലാതെ പോവുക , ഒരു ക്ലോസറ്റിൽ ഫ്ലഷ് ചെയ്യുമ്പോൾ മറ്റുള്ള ക്ലോസറ്റുകളിൽ കുമിള പൊന്തുക തുടങ്ങിയവ ടാങ്കിലേയോ പൈപ്പിലേയോ തടസങ്ങളെ സൂചിപ്പിക്കുന്നതാണ്. അങ്ങനെ കണ്ടാൽ ഡോർ എൽബോ, മാൻ ഹോളുകൾ എന്നിവ തുറന്ന് നോക്കി തടസമുണ്ടോ എന്ന് നോക്കണം. തടസമുള്ള പക്ഷം ടാങ്ക് അടിയന്തിരമായി ക്ലീൻ ചെയ്യണം. ഇങ്ങനെ ചെയ്യുമ്പോൾ കെമിക്കലുകൾ പരമാവധി ഒഴിവാക്കുക.ടാങ്ക് വൃത്തിയാക്കി മുമ്പ് പറഞ്ഞ പ്രകാരമുള്ള കാര്യങ്ങൾ ചെയ്ത് വീണ്ടും ഉപയോഗിച്ച് തുടങ്ങുക. പലരും ഇത് സംബന്ധിച്ച് നിരവധി സംശയങ്ങൾ ചോദിച്ചതിനാലാണ് ഇങ്ങനെ ഒരു ലേഖനം എഴുതിയത്.
ഓർക്കുക കെട്ടിട നിർമാണ ചട്ടപ്രകാരം 100 ചതുരശ്ര മീറ്ററിന് മുകളിൽ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് സെപ്റ്റിക് ടാങ്ക് നിർബന്ധമാണ്.
**
ലേഖകൻ തദ്ദേശ സ്വയംഭരണ വകുപ്പിൽ ഓവർസിയറാണ്