മതിൽ കെട്ടാനും നിയമവും ചട്ടവും നോക്കണം; ഇല്ലെങ്കിൽ അബദ്ധമാകാം
Mail This Article
ശെടാ.. വന്നുവന്ന് മതിൽ കെട്ടാനും നിയമവും ചട്ടവുമൊക്കെ നോക്കണമെന്നായോ?
അതേ, മതിൽ നിർമാണത്തിനും KPBR / KMBR - 2019 അദ്ധ്യായം പന്ത്രണ്ട് പ്രകാരം തദ്ദേശസ്ഥാപന സെക്രട്ടറിയിൽ നിന്നും അനുമതി വാങ്ങണം.
എന്നാൽ എല്ലായിടത്തുമുള്ള മതിലുകൾക്ക് ഇത് ബാധകമല്ല എന്നതും ശ്രദ്ധിക്കുക. ഒരു പൊതുവഴിയോടോ പൊതുസ്ഥലത്തോടോ പൊതുജലാശയത്തോടോ ചേർന്നുവരുന്ന അതിരിൽ മതിൽ അല്ലെങ്കിൽ വേലി നിർമിക്കുന്നതിന് മാത്രമേ ഇത്തരത്തിൽ അനുമതി ആവശ്യമായി വരുന്നുള്ളൂ. അതായത് രണ്ട് സ്വകാര്യ പ്പോട്ടുകളുടെ ഇടയിൽ വരുന്ന അതിരിൽ മതിൽ / വേലി നിർമിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല എന്നർഥം.
എന്നാൽ ഇത്തരത്തിൽ നിർമിക്കുന്ന മതിലിൽ സ്ഥാപിക്കുന്ന ഗേറ്റോ വാതിലോ തുറന്നാൽ പ്ലോട്ടിന് പുറത്തേക്ക് തള്ളിനിൽക്കുന്ന വിധത്തിലാകാൻ പാടില്ല.
എങ്ങനെ അനുമതി കിട്ടും ?
ഇത്തരത്തിൽ മതിലോ വേലിയോ നിർമിക്കാൻ ആഗ്രഹിക്കുന്നയാൾ വെള്ളപ്പേപ്പറിൽ കൈ കൊണ്ടെഴുതിയോ ടൈപ്പു ചെയ്തതോ ആയ അപേക്ഷ ആവശ്യമായ മൂല്യമുള്ള കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിൽ സമർപ്പിക്കണം.
സ്ഥലത്തിന്റെ ഉടമസ്ഥത ബോധ്യപ്പെടുത്തുന്നതിനാവശ്യമായ രേഖകൾ ( ആധാര പകർപ്പ് / പട്ടയപകർപ്പ് , കൈവശ സർട്ടിഫിക്കറ്റ് , റവന്യൂ നികുതി രസീത് ) സ്ഥലത്തിന്റെ സൈറ്റ് പ്ലാനും അപേക്ഷയ്‌ക്കൊപ്പം ഉണ്ടാകണം.
സൈറ്റ് പ്ലാനിൽ, പ്ലോട്ടിലേക്ക് വന്ന് ചേരുന്നതും പ്ലോട്ടിനോട് അതിര് ചേർന്ന് നിൽക്കുന്നതുമായ എല്ലാ വഴികളുടെയും വിവരങ്ങൾ ( തരം , വീതി തുടങ്ങിയവ ) ഉൾപ്പെടുത്തണം.
അപേക്ഷാഫീസ് പഞ്ചായത്തുകളിലും നഗരസഭകളിലും 10 രൂപയും കോർപ്പറേഷനിൽ 15 രൂപയുമാണ്. കൂടാതെ പെർമിറ്റ് ഫീസായി, പഞ്ചായത്തുകളിലും നഗര സഭകളിലും 3 രൂപ, കോർപ്പറേഷനിൽ 4 രൂപ നിരക്കിൽ മതിൽ / വേലിയുടെ ഓരോമീറ്റർ നീളത്തിനും അടവാക്കണം. .......
സാധാരണ ഗതിയിൽ പതിനഞ്ച് ദിവസത്തിനുള്ളിൽ നിർമാണാനുമതി ലഭിക്കും. ഒരു കാര്യം കൂടി മറക്കണ്ട...റോഡ് ജംക്‌ഷനുകളിലാണ് മതിൽ നിർമിക്കുന്നതെങ്കിൽ റോഡുകൾ ചേർന്ന് വരുന്ന മൂലയിൽ താഴെപ്പറയും പ്രകാരം Bell mouth നൽകേണ്ടതാണ്.
- 12 മി താഴെ വീതി വരുന്ന റോഡുകളിൽ മൂലയിൽ നിന്ന് രണ്ട് വശത്തേക്കും 3 മീറ്റർ.
- പന്ത്രണ്ടിനും ഇരുപത്തി ഒന്ന് മീറ്ററിനും ഇടയിലാണ് വീതി എങ്കിൽ ഇരുഭാഗത്തേക്കും 4.5 മീറ്റർ.
- ഇരുപത്തി ഒന്ന് മീറ്ററിന് മുകളിൽ വീതി ഉള്ള റോഡിൽ 6 മീറ്റർ.
അതിരിലെ ഏതെങ്കിലും റോഡ് 5 മീ കുറവാണ് വീതി എങ്കിൽ ഇത്തരത്തിൽ ബെൽ മൗത്ത് വേണമെന്നില്ല. തീർന്നില്ല, നിർമാണം തീർന്ന് കഴിഞ്ഞാൽ രേഖാമൂലം പ്രസ്തുത വിവരം പൂർത്തീകരണ തീയതി സഹിതം തദ്ദേശസ്ഥാപന സെക്രട്ടറിയെ അറിയിക്കുക എന്നതും അപേക്ഷകന്റെ ഉത്തരവാദിത്വമാണ്.
***
ലേഖകൻ തദ്ദേശ സ്വയംഭരണ വകുപ്പിൽ ഓവർസിയറാണ്.