ADVERTISEMENT

വീടിനകത്തും പുറത്തുമായി വളർത്താവുന്ന സ്നേക്ക് പ്ലാന്റുകൾക്ക് ആരാധകർ ഏറെയാണ്. അധിക പരിചരണം ആവശ്യമില്ലാതെ ഭംഗിയിൽ വളരുന്നത് കൊണ്ടുതന്നെ ഇന്ന് ഒട്ടുമിക്ക വീടുകളിലും ഇവ ഇടം പിടിക്കുന്നുമുണ്ട്. എന്നാൽ കാഴ്ചയിലെ ഭംഗിക്ക് പുറമേ ഇവ വളർത്തുന്നതിന് മറ്റുചില ഗുണങ്ങൾ കൂടിയുണ്ട്. അന്തരീക്ഷത്തിലെ പല വിഷാംശങ്ങളും വലിച്ചെടുക്കാൻ കഴിവുള്ളവയാണ് സ്നേക്ക് പ്ലാന്റുകൾ. അതിനാൽ ഇവ വീടിനുള്ളിൽ വളർത്തുന്നത് അകത്തളത്തിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായകമാണ്.  ഇതിനെല്ലാം പുറമേ വീട്ടിലേയ്ക്ക് സമൃദ്ധിയും ആരോഗ്യവും ഐശ്വര്യവും ആകർഷിക്കാനുള്ള കഴിവും സ്നേക്ക് പ്ലാന്റുകൾക്ക് ഉണ്ടെന്നാണ് ചൈനീസ് വാസ്തു സമ്പ്രദായമായ ഫെങ് ഷൂയി പറയുന്നത്. എന്നാൽ ഗുണഫലങ്ങൾ ലഭിക്കാൻ ഇവ കൃത്യമായ സ്ഥാനത്ത് വളർത്താനും ശ്രദ്ധിക്കേണ്ടതുണ്ട്. 

 

ഒഴിവാക്കേണ്ട ഇടങ്ങൾ: 

ലിവിങ് റൂം

പ്രധാനമായും ലിവിങ് റൂമിലാണ് ആളുകൾ സ്നേക്ക് പ്ലാന്റുകൾ വളർത്തുന്നത്. എന്നാൽ ഇത് തെറ്റായ പ്രവണതയാണ്. ഫർണിച്ചറുകൾ ഏറെ ഉള്ളതുകൊണ്ടുതന്നെ മിക്ക ലിവിങ് റൂമുകളിലും തടിയുടെ സാന്നിധ്യം അധികമായിരിക്കും. ഫെങ് ഷൂയി പ്രകാരം ചെടികളും തടിയുടെ ഘടകങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ഓരോ ഇടത്തിലും ഊർജ്ജങ്ങളുടെ കൃത്യമായ സന്തുലനം ആവശ്യമാണ്. അതിനാൽ ഒരേ ഘടകങ്ങൾ ഉൾപ്പെടുന്ന വസ്തുക്കൾ ഒരേ  സ്ഥലത്ത് വച്ചാൽ ഈ ഊർജ്ജങ്ങൾ തമ്മിൽ യോജിക്കാതെ അസന്തുലിതാവസ്ഥ ഉണ്ടാകും.  

 

ബാത്റൂം

സ്നേക്ക് പ്ലാന്റുകൾ കൂടുതലായും ഉണങ്ങിയ അന്തരീക്ഷത്തിൽ വളരുന്നവയാണ്. എന്നാൽ ബാത്റൂമുകളിൽ എപ്പോഴും ഈർപ്പത്തിന്റെ സാന്നിധ്യം ഉണ്ടാകും. അതിനാൽ ഇവ ബാത്റൂമുകളിൽ വച്ചാൽ വേഗത്തിൽ വേരുകളും ഇലകളും അഴുകി പോകാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ കേടുപാടുകളോടുകൂടിയ സ്നേക്ക് പ്ലാന്റുകൾ വളർത്തുന്നത് ഫെങ് ഷൂയി പ്രകാരം വിപരീതഫലമാണ് നൽകുന്നത്.

 

article-6
Representative Image: Photo credit:Inna Luzan/istock.com

ഓഫിസ് റൂം 

സമ്പത്തും പോസിറ്റീവ് എനർജിയും ആകർഷിക്കുന്ന ചെടി ആയതുകൊണ്ട് ഇത് ജോലി ചെയ്യാനായി പ്രത്യേകം ഒരുക്കിയിരിക്കുന്ന ഇടത്തോ ഓഫീസ് റൂമിലോ വളർത്താം എന്ന് കരുതുന്നവരുണ്ട്. എന്നാൽ ക്രിയാത്മകതയ്ക്ക് തടസ്സം സൃഷ്ടിക്കാൻ സ്നേക്ക് പ്ലാന്റുകളുടെ സാന്നിധ്യം കാരണമാകും. ചെയ്യുന്ന ജോലിയിൽ ആശയ കുഴപ്പങ്ങളും ജോലി മുന്നോട്ടുനീക്കാനാവാത്ത അവസ്ഥയുമൊക്കെ നേരിടേണ്ടി വന്നെന്നും വരാം.

 

വളർത്താവുന്ന സ്ഥലങ്ങൾ :

ഫെങ് ഷൂയി പ്രകാരം വീടിന്റെ പ്രവേശന കവാടമാണ് സ്നേക്ക് പ്ലാന്റുകൾ വളർത്താൻ ഏറ്റവും യോജിച്ച ഇടം. പ്രതികൂല ഊർജം വീടിനകത്തേക്ക് പ്രവേശിക്കാതെ തടയാനും ഇവയുടെ സാന്നിധ്യം സഹായിക്കും. വീടിന്റെ തെക്കുഭാഗം കിഴക്കുഭാഗം അല്ലെങ്കിൽ തെക്കു കിഴക്കേ മൂല എന്നിവിടങ്ങളാണ് സ്നേക്ക് പ്ലാന്റുകൾ വളർത്താൻ ഏറ്റവും ഉചിതം.

 

സ്നേക്ക് പ്ലാന്റുകളുടെ പരിപാലനം :

• ജലാംശം അധികമായി തങ്ങിനിൽക്കാത്ത രീതിയിൽ വേണം സ്നേക്ക് പ്ലാന്റുകൾ വളർത്താൻ. അതിനു യോജിച്ച മണ്ണ് തന്നെ തിരഞ്ഞെടുക്കുക. അല്ലാത്തപക്ഷം വേഗത്തിൽ വേരുകൾ അഴുകി പോകാൻ കാരണമാകും.

•  സ്നേക്ക് പ്ലാന്റുകൾ അകത്തളത്തിലാണ് വളർത്തുന്നതെങ്കിൽ അല്പസമയം നേരിട്ടുള്ള വെളിച്ചം നൽകാൻ ശ്രമിക്കുക. പുതിയ ശിഖരങ്ങൾ ഉണ്ടാകുന്നതിന് ഇത് ആവശ്യമാണ്.

• സ്നേക്ക് പ്ലാന്റുകൾക്ക് പൊതുവേ അല്പം വെള്ളം മതിയാകും. മാസത്തിൽ ഒന്നോ രണ്ടോ തവണ വെള്ളം ഒഴിക്കേണ്ട ആവശ്യമേയുള്ളൂ. വെള്ളമൊഴിക്കുന്നതിനു മുൻപ് നട്ടിരിക്കുന്ന മണ്ണ് പൂർണമായും ഉണങ്ങിയ നിലയിലാണെന്ന് ഉറപ്പുവരുത്തുക.

English Summary- Snake Plant inside House- Fengshui Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com