നിർഭയ : ഏഴു വർഷവും മൂന്നുമാസവും നീണ്ട കൊടുംനോവ്
Mail This Article
നിർഭയ ആക്രമിക്കപ്പെട്ട രാത്രി ഏതാണ്ട് ഇരുപതു മിനിറ്റു വ്യത്യാസത്തിലാണ് ഞാനും സുഹൃത്ത് രജിതയും ബേർസറായിൽനിന്ന് ഓട്ടോ പിടിക്കുന്നത്. പകൽ മുഴുവൻ ഞങ്ങൾ ജെഎൻയുവിൽ ലൈബ്രറിപ്പുസ്തക ങ്ങൾക്കു നടുവിലായിരുന്നു. ഏഴു മണിയോടെ അവിടെനിന്നിറങ്ങി മുനീർക്കയിൽനിന്ന് ബേർ സറായ് വരെ നടന്നു. ബുദ്ധ് വിഹാറിലാണ് രജിത താമസിക്കുന്നത്. ബേർ സറായ്‌യിലെ ഒരു ഫോട്ടോസ്റ്റാറ്റ് കടയിൽ രണ്ടു ബിഗ്ഷോപ്പർ നിറയെ സ്റ്റഡി മെറ്റീരിയൽ ഫോട്ടോകോപ്പി എടുക്കാൻ കൊടുത്തിട്ടുണ്ട്. അതു വാങ്ങണം. അവിടെചെന്നു ചോദിച്ചപ്പോൾ കുറച്ചു വൈകുമെന്നറിഞ്ഞു. സ്പൈറൽ ബൈൻഡു ചെയ്യാൻ കുറച്ചധികമുണ്ട്. കാത്തുനിൽക്കാമെങ്കിൽ തരാം.
ഞങ്ങൾ നേരേ എതിർവശത്തുള്ള കേരള കഫേയിൽ നിന്ന് ഒരു തൈരുവടയും ചായയും നിന്നുകൊണ്ടു കഴിച്ച് ഒരു റൗണ്ട് നടന്ന് തിരികെയെത്തി. കൊണ്ടുവന്നതിന്റെ ഇരട്ടിയുണ്ട് തിരികെ കൊണ്ടുപോകാൻ. അതും ചുമന്നു ബസ് സ്റ്റോപ് വരെയെത്തിയപ്പോൾത്തന്നെ നടുവൊടിഞ്ഞു. ഞാൻ താമസിക്കുന്ന ലാജ്പത് നഗറിലെ ബസ് സ്റ്റോപ്പിൽനിന്നു വീടുവരെയുള്ള ദൂരം തെരുവുനായ്ക്കളുടെ കടികൊള്ളാതെ നടന്നെത്തുന്നതും പ്രയാസമാണ്. അങ്ങനെ ഞങ്ങൾ ഓട്ടോ വിളിച്ചു. ഏതാണ്ട് ഒമ്പതേ മുക്കാലോടെ രജിത തിരികെപ്പോയി.
പിറ്റേന്ന് രാവിലെ ബസ്സിൽ മുനീർക്കയിലേക്കു പോകുമ്പോൾ സൗത്ത് എക്സ് കഴിഞ്ഞപ്പോൾ മുതൽ റോഡിൽ പതിവിൽ കവിഞ്ഞ പൊലീസ് സാന്നിധ്യം കണ്ട് ഞാൻ മനോരമ ദില്ലി ബ്യൂറോ ലേഖകനായ ഭർത്താവ് ടി.ബി. ലാലിനെ വിളിച്ചുചോദിച്ചു. അപ്പോൾ പറഞ്ഞു, പുലർച്ചെ ഒരു പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ റോഡിൽ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ ആശുപത്രിയിലാക്കിയിരിക്കുന്നു. മഞ്ഞുകാലത്ത് ഇവിടെ റേപ്പ് കേസുകൾ കൂടുതലാണ്. ലൈബ്രറിയിൽ ചെല്ലുമ്പോൾ അവിടെയും പലരും വിവരങ്ങൾ അറിഞ്ഞുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. അരികും മൂലയും ചേർക്കാനാവാത്ത കുറെ വിവരങ്ങൾ മാത്രം.
പിന്നീടുള്ള ദിവസങ്ങളിൽ പ്രധാനവാർത്തകൾ മുഴുവൻ ദില്ലിയിൽനിന്നായിരുന്നു. തുടർന്ന് രാജ്യം കണ്ട ഏറ്റവും വലിയ ആൾക്കൂട്ടം പരസ്പരം ആളറിയാതെപോലും ദില്ലിയിലെ തെരുവുകളിൽ ഒഴുകി. മെട്രോസ്റ്റേഷനുകൾ അടച്ചു. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾ റദ്ദാക്കി. കൊടുംതണുപ്പിൽ ആൾക്കൂട്ടത്തിന്റെ ചൂട്! ഓരോരുത്തരും പറഞ്ഞു, ഉത്തരേന്ത്യയിൽ പതിവായ മഞ്ഞുകാല മാനഭംഗങ്ങളെക്കുറിച്ച്, ചെറു ചെറു ധാബകളിൽവരെ ലഭ്യമായ ലഹരിവസ്തുക്കളെക്കുറിച്ച്. പെൺകുട്ടികളെ ഇനിയും അരക്ഷിതരാക്കാൻ വിടില്ല എന്നുറപ്പിച്ച് ദില്ലി സട കുടഞ്ഞെണീറ്റു. അല്ലെങ്കിലും വളർന്നുവലുതായ ഒരു ഗ്രാമമാണു ദില്ലി. ആരും പക്ഷേ, അവിടെ ജനിച്ചുവളർന്നവരല്ല; പലേടങ്ങളിൽനിന്നും ജോലിക്കായും വിദ്യാഭ്യാസത്തിനായും വന്നു താമസിക്കുന്നവർ.
വീട്ടിൽ തൂക്കാനും തുടയ്ക്കാനും സഹായിയായി വന്നിരുന്ന തമിഴ്നാട് സ്വദേശി കാശിമാ ഓൾഡ് ദില്ലി റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഒറ്റമുറിവീട്ടിൽ നിന്നു നടന്നാണ് ആ ദിവസങ്ങളിൽ വന്നുകൊണ്ടിരുന്നത്. അവർ പത്തു വയസ്സുള്ള മകനെ നാട്ടിൽ അമ്മയ്ക്കൊപ്പം നിർത്തിയാണ് പഠിപ്പിക്കുന്നത്. കാശിമാ പറയും ഇവിടെ ആൺകുട്ടികൾ ചെറിയ പ്രായത്തിൽത്തന്നെ ലഹരിക്കടിമപ്പെടുകയാണ്. റെയിൽവേ സ്റ്റേഷനടുത്ത് വലിയ ചേരികളാണ്. അമ്മമാർ രാവിലെതന്നെ വീട്ടുജോലിക്കും മറ്റും ഇറങ്ങിയാൽ രാത്രി വൈകിയാണു തിരികെയെത്തുക.
കുട്ടികൾ വീട്ടിലൊറ്റയ്ക്കാണ്. അവർ റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകൾ കഴുകി പോക്കറ്റ് മണിയുണ്ടാക്കിത്തുടങ്ങും ആറേഴുവയസ്സിൽത്തന്നെ. അതോടെ ആ പണം കൈക്കലാക്കാൻവേണ്ടി മുതിർന്ന ചേട്ടന്മാരുടെ റാഗിങ് തുടങ്ങും. നിർബന്ധിച്ച് ഭാംഗ് കുടിപ്പിക്കുക, വായിലിട്ട് ചവയ്ക്കുകയും മോണയിൽ തിരുകുകയും ചെയ്യുന്ന ലഹരിവസ്തുക്കൾ നൽകുക ഇതൊക്കെയാണ് ആദ്യപടി. പതിയെപ്പതിയെ കുട്ടികൾ മുതിർച്ചയുടെ ലഹരികൾ ആസ്വദിച്ചുതുടങ്ങും. ദില്ലിയിലെ അതിസമ്പന്നർ താമസിക്കുന്ന ഗ്രേറ്റർ കൈലാഷിലെയും മറ്റും വീടുകളിൽ വീട്ടുവേലയെടുക്കുന്ന അമ്മമാരുടെ മക്കളെക്കുറിച്ചാണ് കാശിമാ ഇതുപറയുന്നത്.
കഷ്ടമാണ് കാശിമായുടെ ജീവിതം. അവർ കുട്ടിക്കാലംമുതൽ വീട്ടുവേല ചെയ്തു സമ്പാദിച്ച പണം കൊണ്ടുണ്ടാക്കിയ വീട്ടിൽനിന്ന് നാലഞ്ചുവർഷം മുമ്പ് ഭർത്താവ് അവരെ അടിച്ചിറക്കി മറ്റൊരു സ്ത്രീയെ അവിടെ താമസിപ്പിച്ചിരിക്കുന്നു. അയാളെ വഴിക്കെങ്ങാൻവച്ചു കണ്ടാൽ കാശിമായ്ക്കു ഡിപ്രഷൻ വരും. പിന്നെ രണ്ടാഴ്ച രാവും പകലും തിരിച്ചറിയാതെ അവർ മൂടിപ്പുതച്ചു കിടക്കും. മകനെ കാണാതിരുന്നാൽ ശ്വാസംമുട്ടും. പക്ഷേ, അവനെ വേണ്ടവിധം ശ്രദ്ധിക്കാൻ കഴിയാത്ത സാഹചര്യമാണ്. അതുകൊണ്ടാണ് നാട്ടിലെ സ്കൂളിൽ ആക്കിയത്. ദില്ലിയിലെ ചേരിയിലെ കുട്ടിക്കൂട്ടങ്ങളിൽ ഒരുത്തനായിട്ടല്ല, അവരെ നേർവഴി നടത്തുന്ന ഓഫിസറായി അവൻ ദില്ലിയിലെത്തണം എന്നാണ് കാശിമായുടെ ആഗ്രഹം.
കൂട്ടത്തിൽ ഏറ്റവും ചെറിയ പയ്യന്റെ വകയായിരുന്നു നിർഭയയുടെ ശരീരത്തിലെ ഏറ്റവും കൊടിയ മുറിവുകൾ എന്നുകേട്ടപ്പോൾ കാശിമായുടെ കണ്ണുനീര് ദിവസവും കാണുന്ന എനിക്ക് അതിശയമൊന്നും തോന്നിയില്ല. ആന്തരാവയവങ്ങൾ മുഴുവൻ ഇൻഫെക്‌ഷൻ ബാധിച്ച് കുടൽവരെ മുറിച്ചുമാറ്റേണ്ടിവന്നു എന്നറിഞ്ഞ ദിവസങ്ങളുടെ വേദന എങ്ങനെ തരണംചെയ്തു എന്നു പറഞ്ഞറിയിക്കാനാവില്ല. കൊടുംതണുപ്പിൽ ടോയ്‌ലറ്റിലെ ഹെൽത്ത് വാഷ് പോലും അവന്റെ കൈയിലെ കമ്പിപ്പാരയെ ഓർമിപ്പിച്ച ദിവസങ്ങൾ!
സിംഗപ്പൂരിലേക്കുള്ള ടേക്ക് ഓഫിനിടയിൽത്തന്നെ അവൾക്ക് ഏറെ ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നു. അവിടുത്തെ ചികിത്സ പൂർത്തിയാക്കാതെ, തനിക്കുവേണ്ടി ഒരു രാജ്യം മുഴുവൻ നീറിക്കൊണ്ടിരിക്കെ, അവൾ ചേതനയറ്റു തിരികെയെത്തി. എവിടെയായിരിക്കും സംസ്കാരച്ചടങ്ങുകൾ എന്നറിയില്ല. ശ്മശാനങ്ങളിൽ നിന്നു ശ്മശാനങ്ങളിലേക്കലഞ്ഞ് ഒടുവിൽ കണ്ടെത്തി വാർത്ത കൊടുത്ത് ലാല്‍ വന്ന ആ രാത്രി ഇന്നലെയെന്നപോലെ തോന്നുന്നു.
ചെറുതായി മഴ പെയ്തിരുന്നു. ബ്രൗൺ നിറത്തിലെ രോമക്കുപ്പായം മുഴുവൻ ചെറുചെറു തുള്ളികൾ. നനഞ്ഞ് കനം തൂങ്ങിയ സ്വെറ്ററിനൊപ്പം അവൾക്കുപിറകെയുള്ള ആഴ്ചകൾ നീണ്ട അലച്ചിലിന്റെ കനം അഴിച്ചുവയ്ക്കാൻ കഴിയുമോ? ഇന്നിപ്പോൾ ഏഴു വർഷവും മൂന്നു മാസവും പിന്നിടുന്നു. എന്നെങ്കിലും ഈ ശിക്ഷ നടപ്പായാൽ അന്നേ എഴുതൂ എന്നു തീരുമാനിച്ചിരുന്നതാണ്. പക്ഷേ, ഇന്നെന്തോ പ്രത്യേകിച്ചൊന്നും തോന്നുന്നില്ല. അന്നത്തെ കനം അൽപംപോലും കുടഞ്ഞുകളയാൻ കഴിഞ്ഞിട്ടുമില്ല. വാളയാർ കേസടക്കം എത്രയോ സംഭവങ്ങളാണുചുറ്റും.
എൻ.എൻ. പിള്ളയുടെ ‘ഗുഡ് നൈറ്റ്’ അതിന്റെ നേരർഥത്തിൽ മനസ്സിലാക്കാഞ്ഞിട്ടല്ല; കുറ്റവാളികൾ ഭയംകൊണ്ടെങ്കിലും പിന്തിരിയട്ടെ എന്ന നിസ്സഹായത കൊണ്ടാണ്. നമ്മുടെ പെൺകുഞ്ഞുങ്ങളുടെ രക്ഷ സ്വന്തം മൂല്യബോധംകൊണ്ട് ഉറപ്പുവരുത്തുന്ന ഒരു തലമുറ ഉയർന്നുവരും എന്നാഗ്രഹിക്കാം.
(തിരുവനന്തപുരം ഗവ.വിമൻസ് കോളജിൽ അസിസ്റ്റന്റ് പ്രഫസറാണ് ലേഖിക)
English Summary : Dr. Swapna Sreenivasan Talks About Nirbhaya