‘ഭാര്യയുടെ സങ്കല്‍പ്പത്തിനൊത്തൊരു ഭര്‍ത്താവാകാന്‍ കഴിഞ്ഞില്ല, മകളുടെ ആവശ്യങ്ങള്‍ അറിഞ്ഞിട്ടില്ല’

Mail This Article
ആട് (കഥ)
നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, യഹൂദര്‍ വര്‍ഷംതോറും നടത്താറുള്ള യാഗദിനത്തില്‍, ഒന്നെങ്കിൽ ആടിനെ ബലിനല്‍കും, അല്ലെങ്കില്‍ അതിനെ മരുഭൂമിയിലേക്ക് കയറ്റിവിടും.
മരൂഭൂമിയിലേക്ക് കയറിപ്പോകുന്ന ആട്, ദാഹജലത്തിനുവേണ്ടി ചുറ്റും നോക്കും. അകലെ ...മരീചിക കണ്ട്, ദാഹജലമെന്നോര്‍ത്ത് മുന്നോട്ടോടും... എന്നാലോ, നിരാശ തന്നെ ഫലം..
വീണ്ടും അകലെ മരീചിക. ഒടുവില്‍ മരുഭൂമിയുടെ ഏതെങ്കിലും ഒരു കോണില്‍ അത് പിടഞ്ഞ് വീണ് മരിക്കും. സര്‍വ്വ ലോകരുടെയും പാപത്തിന്റെ പരിഹാരബലിയായി.
സര്‍വ്വപാപങ്ങള്‍ക്കും പരിഹാരത്തിനായി മറ്റൊരു പാപം.
എന്നാല്‍, ബലിയാടേ, നീയെന്തേ ഒന്നു തിരിഞ്ഞുനോക്കിയില്ല. ദാഹജലത്തിനായ് അകലെ മരീചികയിലേക്ക് നീ നോക്കിയ നേരം, ഒന്ന് നീ തിരികെ നടന്നിരുന്നെങ്കില്‍, നിനക്ക് നിന്റെ ജീവന്‍ നഷ്ടപ്പെടുമായിരുന്നോ ? വിഡ്ഢീ...
‘‘സര്‍... ഇത് നിങ്ങളുടെ ഫൈനല്‍ ഡിസിഷനാണോ?’’
വക്കീലിന്റെ ചോദ്യം കേട്ടാല്‍, തീരുമാനങ്ങൾ അടിക്കടി മാറ്റുന്നയാളാണ് താനെന്ന് തോന്നുമല്ലോ....
‘‘യെസ്, എന്റെ മുന്‍ ഭാര്യയുടെ ആവശ്യങ്ങള്‍ ഞാന്‍ അംഗീകരിക്കുന്നു. എന്റെ സ്വത്തിന്റെ പാതി എന്റെ മകളുടെ പേര്‍ക്ക് ഞാനെഴുതിവയ്ക്കുന്നു.’’
എവിടെയൊക്കെയോ പിഴച്ചു. എവിടെയെന്നറിയില്ല. ഇന്ന് ഒറ്റപ്പെട്ടുപോയതുപോലെ.
പാപഭാരംപേറുന്ന കുഞ്ഞാടിനെപ്പോലെ കലുഷിതമാണ് മനസ്സ്.
മാതാപിതാക്കളുടെ അവസാന സമയത്ത്പോലും അരികിലുണ്ടാവാന്‍ കഴിഞ്ഞില്ല, ഭാര്യയുടെ സങ്കല്‍പ്പത്തിനൊത്തൊരു ഭര്‍ത്താവാകാന്‍ കഴിഞ്ഞില്ല, മകളുടെ ആവശ്യങ്ങള്‍ അറിഞ്ഞിട്ടില്ല, ആഗ്രഹങ്ങള്‍ അറിഞ്ഞിട്ടില്ല, അവളെ ലാളിക്കുവാന്‍ സമയം ലഭിച്ചിട്ടില്ല. ഓഹ്, ഇനിയൊരു തിരിച്ചു പോക്ക് ........
എന്നാല്‍ മുന്നോട്ടോ.... ബിസിനസില്‍, എത്ര വലിയ നേട്ടങ്ങളാണ് താന്‍ നേടിയത്. ഇനിയും അകലെ എത്രയോ നേട്ടങ്ങളാണ് തന്നെ കാത്തിരിക്കുന്നത്.
‘‘ങ്ഹും.. അപ്പൊ ഇനി എങ്ങോട്ടാ സര്‍ ?’’
പുഞ്ചിരി മരിച്ച ചുണ്ടുകളിലെ വരള്‍ച്ചയൊന്നു നനച്ച് അയാള്‍ പറഞ്ഞു
- ‘‘മുന്നോട്ട്. ’’
ചുറ്റും മരുഭൂമിയുടെ ഏകാന്തത.
അകലെ മരീചിക...
മുന്നോട്ടുതന്നെ.
കുഞ്ഞാടിന്റെ ശബ്ദം....
Content Summary: Aadu malayalam short story written by Ajay Joseph Alappattu