അന്നു സിനിമയിൽ 50 താരങ്ങൾ: 70–ന്റെ നിറവിൽ ശ്രീലത നമ്പൂതിരി
Mail This Article
പതിനെട്ടാം വയസ്സിൽ, നാൽപതുകാരനായ അടൂർ ഭാസിയുടെ നായികയാകേണ്ടി വന്നപ്പോൾ തനിക്കു സിനിമ വേണ്ടെന്നു പറഞ്ഞ് ചെന്നൈ നഗരം വിടാൻ ഒരുങ്ങിയതാണു ശ്രീലത നമ്പൂതിരി. ആദ്യ സിനിമ ഉപേക്ഷിച്ചെങ്കിലും പിൽക്കാലത്ത് ഇതേ നടി നൂറിലേറെ സിനിമകളിൽ ഭാസിയുടെ നായികയായി. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യ ജോടിയായി അവർ മാറി. ഒരു വർഷം 35 സിനിമകളിൽ വരെ ഒന്നിച്ച് അഭിനയിച്ചു.
മകം പിറന്ന ഈ മങ്കയ്ക്കു നാളെ എഴുപതു തികയുമ്പോൾ പറയാൻ ഒരുപാടു കഥകളുണ്ട്. ആലപ്പുഴ കരുവാറ്റ സ്വദേശിനിയായ ശ്രീലത അറിയപ്പെടുന്ന സംഗീതജ്ഞ കൂടിയാണ്. ഇപ്പോൾ തിരുവനന്തപുരത്താണ് താമസം. ജയൻ മരണമടഞ്ഞ കോളിളക്കത്തോടെ അഭിനയം നിർത്തിയ ശ്രീലത അടുത്തകാലത്ത് സീരിയലുകളിലൂടെയാണ് സിനിമയിൽ വീണ്ടും സജീവമായത്.
പത്തിൽ പഠിക്കുമ്പോഴാണു കെപിഎസിയുടെ നാടകത്തിൽ അവസരം ലഭിച്ചത്. നടി കുമാരി തങ്കം, ശ്രീലതയുടെ പിതൃസഹോദരിയാണ്. അവർ നിർമിച്ച ‘വിരുതൻ ശങ്കു’വിൽ അഭിനയിക്കാൻ ശ്രീലത ചെന്നൈയ്ക്കു വണ്ടി കയറി. അവിടെയെത്തിയപ്പോഴാണ് അടൂർഭാസിയുടെ നായികാ വേഷമാണെന്ന് അറിയുന്നത്. സെറ്റിൽ മുറുക്കിത്തുപ്പിയിരിക്കുന്ന ഭാസിയെ കണ്ടതോടെ ശ്രീലതയ്ക്കു മതിയായി. ശ്രീലത പിന്മാറി.
നാട്ടിലേക്കു മടങ്ങാൻ ഒരുങ്ങുമ്പോഴാണു ‘ഭാര്യമാർ സൂക്ഷിക്കുക’, ‘ആശാചക്രം’ തുടങ്ങിയ ചിത്രങ്ങളിൽ അവസരം ലഭിച്ചത്. ആശാചക്രത്തിൽ സത്യന്റെ മകളുടെ വേഷമായിരുന്നു. സത്യന്റെ മനോഹരമായ വെളുത്ത പല്ലാണ് മനസ്സിൽ നിറഞ്ഞു നിൽക്കുന്നതെന്നു ശ്രീലത പറയുന്നു. സെറ്റിലെത്തിയാൽ അദ്ദേഹം അധികം സംസാരിക്കില്ല. നല്ല പെരുമാറ്റമായിരുന്നുവെങ്കിലും നസീറിനെപ്പോലെ തമാശയൊന്നുമില്ല.
അങ്ങനെയിരിക്കെ അടൂർഭാസിയുടെ കൂടെ അഭിനയിക്കാൻ വീണ്ടും അവസരം ലഭിച്ചു.ചിത്രം ‘പഠിച്ച കള്ളൻ’. ഡാൻസ് അറിയില്ലെന്നു പറഞ്ഞ് ഒഴിഞ്ഞെങ്കിലും കുഴപ്പമില്ലെന്നു സംവിധായകൻ അറിയിച്ചതോടെ മനസ്സില്ലാ മനസ്സോടെ അഭിനയിച്ചു. തുടർന്നു ഭാസിയുടെ നായികാ വേഷങ്ങളുടെ കുത്തൊഴുക്കായിരുന്നു. നിരന്തരം ഒന്നിച്ച് അഭിനയിച്ചതോടെ ഞങ്ങൾ പ്രേമത്തിലാണെന്നും വിവാഹം കഴിക്കുമെന്നും ഗോസിപ്പ് പരന്നു. നീ വലിയ നടിയായതു കൊണ്ടല്ലേ ഗോസിപ്പ് വന്നതെന്നായിരുന്നു ഭാസിച്ചേട്ടന്റെ പ്രതികരണം.
ക്യാമറയ്ക്കു മുന്നിൽ പൊട്ടിച്ചിരിപ്പിക്കുന്ന ബഹദൂർ ജീവിതത്തിൽ ഗൗരവക്കാരനായിരുന്നു. കെ.പി. ഉമ്മറാകട്ടെ വിടുവായനായിരുന്നു. മനസ്സിലുള്ളതു തുറന്നടിക്കുന്ന ശുദ്ധൻ. എന്തു ഭക്ഷണം കൊടുത്താലും ‘സൂപ്പർ’ എന്നു പറഞ്ഞു കഴിക്കുന്നയാളായിരുന്നു നസീർസാർ. നസീർ സാറിനു വീട്ടിൽ നിന്നു ഭക്ഷണം കൊണ്ടുവരുമായിരുന്നു. അദ്ദേഹം അൽപം കഴിച്ചശേഷം ഞങ്ങൾക്കെല്ലാം തരും. എല്ലാവരും ഒന്നിച്ചിരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്ന കാലമാണത്. അന്നു സിനിമയിൽ 50 താരങ്ങളേ ഉണ്ടായിരുന്നുള്ളൂ. എല്ലാ സിനിമയിലും അവർ തന്നെയാണ് അഭിനയിച്ചിരുന്നത്. കുടുംബം പോലെയായിരുന്നു എല്ലാവരും.