ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

‌മലയാളത്തെ എക്കാലത്തെയും വലിയ ഹിറ്റ് ദൃശ്യത്തിനു രണ്ടാം ഭാഗം ഒരുങ്ങുകയാണ്. മോഹൻലാലിന്റെ അറുപതാം പിറന്നാളിന്റെ ഭാഗമായി ചെറിയൊരു ടീസറും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ദൃശ്യത്തിലെ കാണാക്കാഴ്ചകള്‍ എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പ് വീണ്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. കോണ്‍സ്റ്റബിള്‍ സഹദേവന്‍ വളരെ കാലത്തിന് ശേഷം ജോര്‍ജൂട്ടിയുടെ വീട്ടിലെത്തിയ കഥയാണ് ശ്യാം വർക്കല എന്ന പ്രേക്ഷകൻ രസകരമായി വിവരിക്കുന്നത്. മോഹൻലാലും മീനയും അവതരിപ്പിച്ച ജോർജുകുട്ടിയെയും റാണിയെയും കാണാൻ സഹദേവൻ (കലാഭവൻ ഷാജോൺ) വീണ്ടും വരുന്നിടത്താണ് കുറിപ്പ് തുടങ്ങുന്നത്.

വർഷങ്ങൾക്കു ശേഷം സഹദേവനെ കാണുന്ന ജോര്‍ജ്കുട്ടിയും റാണിയും പരിഭ്രമിക്കുന്നതും തുടർന്ന് മൂവർക്കും ഇടയിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് സംഭാഷണ രൂപത്തിൽ ശ്യാം എഴുതിയിരിക്കുന്നത്.

 

ശ്യാം വർക്കലയുടെ കുറിപ്പ് വായിക്കാം:

 

'ദൃശ്യം' - ചില കാണാക്കാഴ്ച്ചകൾ

 

"ജോർജൂട്ടിയില്ലേ...?.."

വാതിൽ തുറന്ന റാണി (മീന) അയാളെ എവിടെയോ കണ്ട ഓർമയിൽ മനസ്സിൽ ചികഞ്ഞു‌.

"അകത്തേയ്ക്ക് വരൂ...ഉണ്ട്.."

"റാണിക്ക് എന്നെ ഓർമ്മയുണ്ടോ..

ഓർമ കാണും, പക്ഷേ ഈ കോലത്തിലായോണ്ട് മനസ്സിലാക്കാൻ പാടാ..ജോർജൂട്ടിയെ വിളിക്ക്.."

 

റാണി ഒന്നുകൂടി അയാളെ ചുഴിഞ്ഞ് നോക്കി. വലതു കാലിന് കുറച്ച് മുടന്തുണ്ട്, വലതു കൈ മുട്ടിന് താഴെ അറ്റു പോയിരിക്കുന്നു. നെറ്റിയിൽ‌ നീളത്തിൽ മുറിവേറ്റ പാട്. വലത് കൺപോള പാതി അടഞ്ഞ മട്ടിൽ.

 

കണ്ണുകൾ ചുവന്ന് കലങ്ങിയിരിക്കുന്നു. കഷണ്ടി കയറി നരച്ച മുടിയിഴകൾ.അയാൾ വേച്ച് വേച്ച് സിറ്റൗട്ടിലേയ്ക്ക് കയറി കസേരയിൽ ഇരിക്കവേ ജോർജൂട്ടി ഇറങ്ങി വന്നു. ഒപ്പം റാണിയും. അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ജോർജൂട്ടി തടഞ്ഞു കൊണ്ട് എതിരെയുള്ള കസേരയിലിരുന്നു കൊണ്ട് അയാളെ നോക്കി. ജോർജൂട്ടിയും ഓർമ്മയിൽ പരതുന്നുണ്ട്...എവിടെയാണ്...?..

 

"ജോർജൂട്ടിയും എന്നെ മറന്നു ല്ലേ..

വർഷം പത്തിരുപതായില്ലേ...

ഞാനീ പരുവത്തിലും.."

 

അയാൾ ചിരിച്ചു കൊണ്ട് റാണിയെ നോക്കി. റാണി ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ജോർജൂട്ടിക്ക് അടുത്ത് വന്ന് നിന്നു. ജോർജൂട്ടി കസേരയിൽ നിന്നും മുന്നോട്ടാഞ്ഞു കൊണ്ട് അയാളെ നോക്കി... "സ...സഹ..ദേവൻ..സാറല്ലേ..?"

 

ആ പേര് കേട്ടതും റാണി ഞെട്ടി, അതെ ഇതയാളാണ്..! ദേഹമാസകലം ഒരു വിറപടർന്നു കയറി. അതെ..ഇതയാൾ തന്നെ..! 

 

സഹദേവൻ ശബ്ദമില്ലാതെ ചിരിച്ചു. 

 

"....ജോർജൂട്ടി ഓർത്തെടുക്കുമെന്ന് എനിക്കറിയാരുന്നു. എനിക്കൊരു ചായ തരാനുണ്ടാകോ...

വെള്ളമായാലും മതി.‌"

സഹദേവൻ റാണിയെ നോക്കി.

റാണി അയാളെ തന്നെ നോക്കി മരവിച്ച് നിൽപ്പാണ്.

 

"പേടിക്കണ്ട റാണി ..ഞാൻ കുഴപ്പത്തിനൊന്നും വന്നതല്ല.."

 

സഹദേവൻ ശാന്തമായ മുഖത്തോടെ ഇരുവരെയും നോക്കി. റാണി ചിരി വരുത്താൻ ശ്രമിച്ച് കൊണ്ട് അകത്തേയ്ക്കു കയറിപ്പോയി. ജോർജൂട്ടി ഞെട്ടൽ മറച്ച് സ്വാഭാവികമായ് ചിരിക്കാൻ‌ ശ്രമിച്ച് കസേരയിൽ ചാരിയിരുന്നു.

 

"സാറിപ്പോ... ഇതെന്താ പറ്റിയത്...ആകെ മാറിയല്ലോ. കണ്ടിട്ട് വിശ്വസിക്കാൻപറ്റുന്നില്ല."

 

ജോർജൂട്ടി സഹദേവനെ അടിമുടി വീക്ഷിച്ചു കൊണ്ടേയിരുന്നു. മനസ്സിലുള്ള സഹദേവന്റെ ചിത്രം എത്രയൊക്കെ മാറ്റി വരയ്ക്കാൻ ശ്രമിച്ചിട്ടും മുന്നിലുള്ള രൂപവുമായി പൊരുത്തപ്പെടുന്നില്ല.അത്രയ്ക്ക് മാറിപ്പോയിരുന്നു സഹദേവൻ.

 

" ഒരു കണക്കിന് ഈ കോലം നല്ലതാ..ആർക്കും മനസ്സിലാകില്ലല്ലോ..പഴയ സഹദേവൻ അത്ര നല്ലവനൊന്നുമല്ലെന്ന് ജോർജജൂട്ടിക്കറിയില്ലേ.."

 

സഹദേവൻ ചിരിച്ചു കൊണ്ട് പാതി അറ്റുപോയ വലതു കൈയ്യിലേയ്ക്ക് നോക്കി.

 

"ഒരു കേസ് വന്ന് പെട്ടു..കാശ് കൊറേ കിട്ടി പക്ഷേ.., ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പിള്ളേര് വീട്ടിൽ കയറി പണി തന്നു...ഈ അറ്റുപോയതും, മുഖത്ത് തന്നിട്ടു പോയതൊന്നുമല്ല...കൊല്ലാതെ വിട്ടുകളഞ്ഞു അതായിരുന്നു‌ പണി..!"

 

റാണി ചായ സഹദേവന് നേരെ നീട്ടി. സഹദേവൻ ചിരിയോടെ ചായയെടുത്ത് കുടിച്ചു.

 

".....ആ കേസ് പിന്നെ എടങ്ങേറായി..പണി പോയി....യൂണിഫോം എന്നും കൂടെയുണ്ടാകുമെന്ന് കരുതി..അതു കൊണ്ട് സമ്പാദിക്കാനൊന്നും മിനക്കെട്ടില്ല. ഒരു മകളുണ്ടായിരുന്നതിനെ കെട്ടിച്ചയച്ചു. ഓട്ടോ ഡ്രൈവറാ... മലപ്പുറത്ത് കവളപ്പാറ. പിന്നെ ഞാനും ന്റെ ഭാര്യേം അവിടെയൊരു പെട്ടിക്കടയിക്കെയിട്ടങ്ങ് കൂടി...സുഖമായിരുന്നു..‌സ്വസ്ഥം....പക്ഷേ...."

 

സഹദേവന്റെ മുഖം വാടി‌‌..നെടുവീർപ്പിട്ടുകൊണ്ട് ഗ്ലാസിലുണ്ടായിരുന്ന ചായ ഒറ്റ വലിക്ക് കുടിച്ചു.

 

"അവിടെയല്ലേ...ഉരുൾ ..പൊട്ടി..." ജോർജൂട്ടി പാതിയിൽ നിർത്തി. സഹദേവൻ നെടുവീർപ്പോടെ 'അതെ'യെന്ന് തലയാട്ടി.

 

"മ്...ഹ്..ന്റെ ഭാര്യ പോയി.... ഒപ്പം ന്റെ മോളും...ആറ്റ് നോറ്റ് ഞങ്ങൾക്ക് വൈകിയുണ്ടായൊരു പേരക്കുട്ടീം....!മരുമോൻ ചെക്കനേം, എന്നെയും ദൈവം ബാക്കി വച്ചു..മരിച്ചവരെ ഓർത്ത് കരയാനാരെങ്കിലും വേണ്ടേ..! സഹദേവൻ നിറഞ്ഞ കണ്ണ് തുടച്ചു.

 

മുന്നിലിരുന്നു കരയുന്ന സഹദേവനെ ജോർജൂട്ടിക്ക് വിശ്വസിക്കാനായില്ല. ഇത് സഹദേവൻ തന്നെയാണോ...! പഴയ സഹദേവന്റെ തരിമ്പ് പോലും തന്റെ മുന്നിലിരിക്കുന്ന ഈ മനുഷ്യനിലില്ല. ജോർജൂട്ടി എന്ത് പറയണെന്നറിയാതെ‌ റാണിയെ നോക്കി... റാണി ആകെ വിയർത്ത് നിൽപ്പാണ്‌.

 

"..അതൊക്കെ പോട്ടെ.. ഞാൻ വന്നത് എ‌ന്റെ കഥ പറഞ്ഞ് മൂക്ക് പിഴിയാനല്ല ജോർജൂട്ടി.. ആ പഴയ കേസില്ലേ... വരുൺ പ്രഭാകർ... അതിനെ കുറിച്ച് ചിലത് പറയാനാ...നമ്മൾ മൂന്ന് പേർക്കിടയിൽ മാത്രമേ ഇക്കാര്യം നിൽക്കൂ. നിങ്ങളെ വീണ്ടും കുഴപ്പത്തിലാക്കാനല്ല ഞാൻ വന്നത്..

 

പക്ഷേ..ഇതെനിക്ക് പറയാതെ വയ്യ.. ചിലതൊക്കെ ജോർജൂട്ടിക്ക് എന്നോട് പറയേണ്ടിയും വരും.."

 

സഹദേവൻ വളരെ ശാന്തനായാണ് സംസാരിച്ചത്. ജോർജൂട്ടി കുറുകിയ മിഴികളോടെ സഹദേവനെ നോക്കി. റാണിയുടെ മിഴികളിലും ഭയമിരുണ്ടു കൂടി.

 

"ഈശ്വരാ...ഇത്രയും വർഷങ്ങൾക്ക് ശേഷം...വീണ്ടും..!!"

 

"..‌..ഇവിടെ തെളിവെടുപ്പിനു വരുന്നതിന്റെ തലേ ദിവസം വരുണിന്റെ അച്ഛൻ എന്നെ നേരിൽ കാണണമെന്ന് പറഞ്ഞിട്ട് ഞങ്ങൾ പണി നടക്കുന്ന പുതിയ സ്റ്റേഷന്റെ മുന്നിൽ വച്ച് മീറ്റ് ചെയ്തിരുന്നു.

 

മറ്റൊന്നിനുമല്ല ജോർജ്കുട്ടിയോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ കേസ് വഴിതിരിച്ച് വിടരുതെന്നും,അന്വേഷണം ശരിയായ രീതിയിൽ നടത്തി മകനെ കണ്ടെത്തണമെന്ന് അപേക്ഷിക്കാൻ..!

 

അന്ന് അദ്ദേഹത്തിന്റെ വണ്ടിയിൽ വരുണിന്റെ വളർത്തുനായ റൂണിയും ഉണ്ടായിരുന്നു. ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കേ റൂണി വണ്ടിയിൽ നിന്നും ചാടിപ്പോയി. രാത്രിയായതു കൊണ്ട് തിരയാൻ നിന്നില്ല ...

 

രാവിലെ തിരഞ്ഞ് കണ്ടുപിടിച്ച് വീട്ടിലെത്തിക്കാമെന്ന് ഞാൻ സാറിനോട് പറയുകയും ചെയ്തു. എന്തെങ്കിലും ഓർമ്മ വരുന്നുണ്ടോ ജോർജൂട്ടീ.‌‌?..ആ പട്ടിയെ.... ഓർമ്മയുണ്ടോ?..ഏതാണാ പട്ടിയെന്ന് മനസ്സിലായോ?..സഹദേവനിൽ അപ്പോൾ പഴയ പൊലീസുകാരന്റെ ശൗര്യമുണർന്നത് ജോർജൂട്ടി മനസ്സിലാക്കി.

 

"സാറെന്തൊക്കെയാ ഈ പറയുന്നേ.. സാറല്ലേ അവിടെയുണ്ടായിരുന്നത്.. അത് എന്നോട് ചോദിച്ചാലോ....? എനിക്കൊരു പട്ടിയെയും അറിയില്ല.." ജോർജൂട്ടി ചിരിച്ചു കൊണ്ട് റാണിയെ നോക്കി. റാണി പരിഭ്രമം മറച്ച് ചിരിച്ചു.

 

"ജോർജൂട്ടി പറഞ്ഞത് ശരിയല്ല എന്ന് കുറച്ചു കഴിയുമ്പോൾ ജോർജൂട്ടി തന്നെ പറയും.. അത് വിടാം..ഇനി ഞാൻ മിനഞ്ഞെടുത്ത ഒരു കഥ പറയാം..വെറും കഥ.....

 

ജോർജൂട്ടിയോ റാണിയോ‍, കല്ല്യാണം കഴിഞ്ഞ നിങ്ങളുടെ മകളോ...ആരോ ഒരാളാണ് വരുണിനെ കൊന്നത്.. നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും അതാണ് സത്യം...വരുണിന്റെ ബോഡി ഇവിടെ ഈ പറമ്പിൽ തന്നെയാണ് കുഴിച്ചിട്ടതും..

 

പക്ഷേ... തെളിവെടുക്കുന്നതിന്റെ തലേ ദിവസം ജോർജ്ജൂട്ടി ആ ബോഡി ഇവിടെ നിന്നും മാറ്റി.!!... തറപ്പണി നടക്കാനിരുന്ന രാജാക്കാട് പൊലീസ് സ്റ്റേഷന്റെ മണ്ണിനടിയിലേയ്ക്ക്....!!

 

അന്ന് ഞാനും വരുണിന്റെ അച്ഛനും പുതിയ സ്റ്റേഷന്റെ മുന്നിൽ നിന്ന് സംസാരിക്കുമ്പോൾ ജോർജൂട്ടി അകത്ത് വരുണിനെ കുഴിച്ചിടുന്ന തിരക്കിലായിരുന്നു...

 

ജോർജൂട്ടി ഞങ്ങളെ കണ്ടിരിക്കാം..കണ്ടില്ലായിരിക്കാം.. അതെനിക്ക് ഉറപ്പില്ല.... അന്ന് വരുണിന്റെ വളർത്തു നായ ചാടിപ്പോയതും ഇപ്പോഴാണ് ജോർജൂട്ടി അറിയുന്നത്...!!

 

കൃത്യമായി പറഞ്ഞാൽ പുതിയ സ്റ്റേഷനിൽ എസ്‌ ഐ ഇരിക്കുന്നത് മറവ് ചെയ്ത വരുണിന്റെ ബോഡിക്ക് മുകളിലാണ്...ല്ലേ ജോർജൂട്ടീ...??!!! "

 

ജോർജ്ജൂട്ടി ദേഷ്യത്തിൽ ചാടിയെഴുന്നേറ്റു, റാണി ആകെ ഞെട്ടിത്തരിച്ചു നിന്നു പോയി.

 

"നിങ്ങൾ ആവശ്യമില്ലാതെ ഓരോ കഥ മെനഞ്ഞിട്ട് ഞാനത് സമ്മതിക്കണോ, നിങ്ങൾ പോണം സാറേ....എനിക്ക് കുറച്ച് തിരക്കുണ്ട്...

 

നിങ്ങളാരാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആട്ടിയിറക്കി വിടണമായിരുന്നു...അത്രത്തോളം നിങ്ങൾ ഞങ്ങളെ ദ്രോഹിച്ചിട്ടുണ്ട്..വീണ്ടും വന്നിരിക്കുവാണല്ലേ

..."

സഹദേവൻ ചിരിച്ചു.

 

"കേസ് കൊടുമ്പിരി കൊണ്ട് നിന്ന സമയത്ത് പോലും ജോർജ്ജൂട്ടി ഇത്ര ദേഷ്യപ്പെട്ടിട്ടില്ല... ഞാൻ പറഞ്ഞില്ലേ എനിക്ക് നിങ്ങളെ ഉപദ്രവിക്കണ്ട... ജോർജ്ജൂട്ടിക്കറിയാം ഞാനിപ്പോൾ ഇവിടെ പറഞ്ഞ കാര്യങ്ങൾ അറിയേണ്ടവരെ അറിയിച്ചാൽ എല്ലാം താറുമാറാകുമെന്ന്...എനിക്ക് നിങ്ങളോടെ പകയുണ്ടായിരുന്നെങ്കിൽ ഞാൻ അതായിരിക്കില്ലേ ആദ്യം ചെയ്യുക..?"

 

ജോർജ്ജൂട്ടി സഹദേവനെ നോക്കി.

 

"ഇരിക്ക് ജോർജ്ജൂട്ടി.. റാണിയും ഇരിക്ക്.." സഹദേവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

 

ജോർജ്ജൂട്ടിയും,റാണിയും പരസ്പരം നോക്കിക്കൊണ്ട് സെറ്റിയിൽ ഇരുന്നു.

 

"ഇത്രയും വർഷങ്ങൾക്ക് ശേഷം ഞാൻ ഇതെങ്ങെനെ അറിഞ്ഞെന്നാകും..പറയാം... അന്നിവിടെ തെളിവെടുപ്പിൽ വരുണിന്റെ ബോഡിക്ക് പകരം പശുവിനെ തോണ്ടിയെടുത്ത് കേസ് മുഴുവൻ ജോർജൂട്ടിക്ക് അനുകൂലമായി. എനിക്ക്‌ സ്ഥലം മാറ്റം കിട്ടി. രണ്ടാഴ്ച്ച കഴിഞ്ഞ് എസ് ഐ സാറിനെ ഒരു കേസ് ഫയൽ ഏൽപ്പിക്കാൻ ഞാൻ നമ്മുടെ പുതിയ പോലീസ് സ്റ്റേഷനിൽ വന്നപ്പോൾ ഞാനവിടെ റൂണിയെ കണ്ടു...!

 

ഞാൻ നേരത്തെ പറഞ്ഞ വരുണിന്റെ പെറ്റ്. രണ്ടാഴ്ച്ചയ്ക്ക് മുൻപ് അതിനെ ആരോ ഉപദ്രവിച്ചിട്ട് അവിടെയുള്ള ജോലിക്കാർ തന്നെ മരുന്ന് വച്ച് കെട്ടിക്കൊടുത്തിരുന്നു.

ഞാൻ സ്റ്റേഷനിൽ ചെല്ലുമ്പോൾ എസ്‌ ഐ ഇരിക്കുന്ന ടേബിളിനു കീഴിൽ നിന്ന് കോൺസ്റ്റ്രബിൾസ് രണ്ട് പേർ റൂണിയെ ലാത്തി കൊണ്ട് തട്ടി പുറത്തിറക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.‌ എത്ര ആട്ടിപ്പായിച്ചാലും ആ പട്ടി പിന്നെയും ആ ടേബിളിനു കീഴിൽ വന്ന് കിടക്കുമെന്ന് കോൺസ്ട്രബിൾ പറഞ്ഞത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.

ഞാനപ്പോൾ തന്നെ വരുണിന്റെ അച്ഛനെ വിളിച്ചു റൂണിയുടെ കാര്യം പറഞ്ഞു. 'കാണാതെ പോയ മകനെഇതു വരെ കണ്ടുകിട്ടിയില്ല. അവന്റെ പട്ടിയെ കണ്ടു പിടിച്ചു അല്ലേ...നിങ്ങൾക്ക് നാണമുണ്ടോ ഇത് വിളിച്ച് പറയാൻ..' ഇതായിരുന്നു പ്രതികരണം ഞാൻ പിന്നെ അത് വിട്ടു..."

 

സഹദേവൻ ജോർജൂട്ടിയെ നോക്കി. ജോർജൂട്ടി എല്ലാം കേട്ടു കൊണ്ട് തല കുമ്പിട്ട് നിലത്തേയ്ക്ക് നോക്കിയിരുപ്പാണ്. ജോർജൂട്ടിയുടെ കൈയ്യിൽ പിടിച്ച് കൊണ്ട് പരിഭ്രമത്തിൽ റാണി സഹദേവനെയും,ജോർജൂട്ടിയെയും മാറി മാറി നോക്കി.

 

സഹദേവൻ തുടർന്നു... ".....ജോർജ്ജൂട്ടി‌ വരുണിനെ പൊലീസ് സ്റ്റേഷനിൽ കുഴിച്ചിടുന്ന നേരം കാറിനുള്ളിൽ നിന്നും വരുണിനെ മണം‌ പിടിച്ച് റൂണി കാറിൽ

നിന്നും പുറത്തിറങ്ങിയതാകും..

 

അവൻ കുരച്ച് ബഹളം വച്ചിരിക്കാം.. ജോർജൂട്ടിയെ ആക്രമിക്കാനും ശ്രമിച്ചിരിക്കാം. പിന്നെ വന്ന് കുഴി മാന്തിയാലോന്ന് ഭയന്നിട്ടാകാം കൈയ്യിലിരുന്ന പിക്കാസോ തൂമ്പയോ വച്ച് ജോർജൂട്ടി റൂണിയെ വെട്ടി.. കൊല്ലാൻ വേണ്ടി തന്നെ...!...പക്ഷേ റൂണി രക്ഷപെട്ടു..!!!! ഇതാണ് സത്യം... ഇപ്പോൾ രാജാക്കാട് സ്റ്റേഷനിൽ കുഴി തോണ്ടിയാൽ വരുണിന്റെ അസ്ഥിക്കൂടം കിട്ടും.... ജോർജൂട്ടീ ഇതാണുണ്ടായത്...ഇതല്ലേ സത്യം..."

 

ജോർജൂട്ടി ഒന്നും മിണ്ടിയില്ല. റാണി എല്ലാം കേട്ട് അമ്പരന്നിരിക്കുകയാണ്. അവൾ ജോർജൂട്ടിയുടെ കൈയ്യിൽ അമർത്തിപ്പിടിച്ചു.

 

"...നിങ്ങളെ..നിങ്ങളുടെ കുടുംബത്തെ തകർക്കാൻ ശേഷിയുള്ള എന്തോ ഒരു കാരണം വരുണിൽ ഉണ്ടായിരുന്നു... അവൻ മരണത്തിൽ കുറഞ്ഞ് ഒന്നും അർഹിക്കുന്നില്ല എന്ന് നിങ്ങൾ അടിയുറച്ച് വിശ്വസിക്കുന്നു..തീരുമാനിച്ചിരുന്നു... അതു കൊണ്ടാണ് നിങ്ങൾ ഇത്രയധികം ഫൈറ്റ് ചെയ്ത് പിടിച്ചു നിന്നത്. കുറച്ചെങ്കിലും കുറ്റബോധം വരുണിന്റെ മരണത്തിൽ ജോർജൂട്ടിക്കുണ്ടായിരുന്നെങ്കിൽ കൊന്നത് ജോർജൂട്ടിയല്ലെങ്കിൽ കൂടി ഭാര്യക്കും മകൾക്കും വേണ്ടി ജോർജൂട്ടി കുറ്റം ഏറ്റ് ജയിലിൽ പോയേനെ..! വരുണിന്റെ മരണത്തിന് പിന്നിലെ കാരണം ...അത് നിങ്ങൾക്ക് മാത്രമേ അറിയൂ...എനിക്ക് അറിയുകയും വേണ്ട... ജോർജൂട്ടിയുടെ ഈ മൗനം മാത്രം മതിയെനിക്ക്...

എന്റെ നിഗമനങ്ങൾ ശരിയായിരുന്നുവെന്ന ആശ്വാസം മതിയെനിക്ക്..."

 

സഹദേവൻ പതിയെ എഴുന്നേറ്റു.

 

"ഞാനെന്നാ....ഇനിയും നി‌ങ്ങളെ ബുദ്ധി മുട്ടിക്കുന്നില്ല..."

 

ജോർജൂട്ടി അനങ്ങിയില്ല, റാണി എഴുന്നേറ്റ് കൊണ്ട് ജോർജ്ജൂട്ടിയെ തട്ടി വിളിച്ചു. ജോർജൂട്ടി എഴുന്നേറ്റു. സഹദേവൻ ചെരുപ്പിട്ടു കൊണ്ട് ജോർജൂട്ടിയെ നോക്കി ‌ചിരിച്ചു.

 

"ഞാനിവിടെ വന്നിട്ടില്ലാന്ന് കരുതിക്കോ....."

 

സഹദേവൻ തിരിഞ്ഞ് നടക്കാൻ തുടങ്ങി‌‌.

 

"ഇ..ഇ..ഇതെങ്ങെനെ...ഇപ്പോൾ... എവിടുന്ന്....നിങ്ങൾക്കീ സത്യം മനസ്സിലാക്കാൻ എങ്ങെനെ പറ്റി.. ഞാനിത് എന്റെ ഭാര്യയോട് പോലും പറഞ്ഞിട്ടില്ല..." ജോർജൂട്ടിക്ക് ഞെട്ടലും പരിഭ്രമവും പൂർണ്ണമായും മാറിയിട്ടുണ്ടായിരുന്നില്ല.

 

സഹദേവൻ നിന്നു, തിരിഞ്ഞ് നോക്കാതെ പുഞ്ചിരിച്ചു. ".... ഉരുൾ പൊട്ടലിൽ ഒരു മല മുഴുവനായും തെറിച്ച് ഞങ്ങൾ കുറെ പേരുടെ വീടിനു മുകളിൽ വീണു.

വീടിന്റെ ഒരടയാളം പോലും അവിടെ കാണാനുണ്ടായിരുന്നില്ല. എന്റെ സുലു..സുലോചന...മകൾ..പേരക്കുട്ടി.

 

പിന്നെ കുറെ‌‌...കുറെ..ആളുകൾ.. എല്ലാവരും ജീവനോടെ അടക്കം ചെയ്യപ്പെട്ടു....... കുറച്ച് നേരം സഹദേവൻ കണ്ണടച്ച് മൗനമായ് നിന്നു.

 

".......എനിക്കൊരു വളർത്തു നായയുണ്ടായിരുന്നു മോളിക്കുട്ടി..എങ്ങെനെയോ അവൾ‌ രക്ഷപെട്ടു. വിവരമറിഞ്ഞ് ഞാനും മരുമോൻ ചെക്കനും ഓടിപ്പാഞ്ഞ് വന്നപ്പോൾ

വീട് നിന്നിടത്ത് ഒരടയാളമായി എന്റെ മോളിക്കുട്ടി ചുരുണ്ട് കൂടി കിടക്കുന്നു... ഞങ്ങളെ കണ്ട് അവൾ ശബ്ദമില്ലാതെ കരഞ്ഞു...."സഹദേവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

 

"...ദിവസങ്ങളോളം മോളിക്കുട്ടി അവിടെ നിന്നനങ്ങിയില്ല....മോളിക്കുട്ടിയാണ് എനിക്ക് വരുൺ എവിടെയാണെന്ന് പറഞ്ഞു തന്നത്...ജോർജൂട്ടിക്ക് മാത്രമറിയാവുന്ന ആ സത്യം

എനിക്ക് കാട്ടി തന്നത്..

 

ജോർജൂട്ടി....നീയും വിശ്വസ്തനായ ഒരു വളർത്തു നായയാണ്, നിന്നെ തകർക്കാൻ വന്നവനെ കുഴിച്ചിട്ട് അതിനു മുകളിൽ സ്വന്തം കുടുംബത്തിനു വേണ്ടി കാവൽ നിൽക്കുന്ന നായ..

കുടുംബമില്ലാതാകുന്നവന്റെ നെഞ്ചിലെ പിടപ്പ് പഴയ സഹദേവനറിയിലായിരുന്നു.

 

ഇപ്പോ ശരിക്കറിയാം...ജോർജൂട്ടിയെയും..മോളിക്കുട്ടിയോട് ക്ഷമിച്ചേക്ക്‌ ജോർജൂട്ടീ!."..

 

സഹദേവൻ കണ്ണ് തുടച്ചു കൊണ്ട് മുന്നോട്ട് നടന്നു. പഴയ സഹദേവൻ പൊലീസ് നടന്നകലുന്നത് ജോർജൂട്ടി മരവിപ്പോടെ നോക്കി നിന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com