ADVERTISEMENT

24-ാം തിയതി രാത്രി പള്ളിയിലെ ക്രിസ്മസ് കുർബാനയ്ക്കു ശേഷം നേരെ വീട്ടിൽ വന്നാണ് കുടുംബസമേതം ‘മിന്നൽ മുരളി’ കണ്ടത്. 12 മണി ആയപ്പോൾ തുടങ്ങിയ സിനിമ എന്റെ കുട്ടികളും മാതാപിതാക്കളും രാവിലെ രണ്ടേമുക്കാൽ വരെ ഒരൽപം പോലും ഉറക്കക്ഷീണമില്ലാതെ കണ്ടു. ആസ്വദിച്ചു. വ്യക്തിപരമായി എനിക്കും മുരളിയെ ഇഷ്ടപ്പെട്ടു. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോയുടെ അണിയറപ്രവർത്തകർക്ക് ഒരു സാധാരണ മലയാളി പ്രേക്ഷകൻ എന്ന നിലയിൽ എന്റെ അഭിനന്ദനങ്ങൾ. ഇനി കാര്യത്തിലേക്കു വരാം.

 

സിനിമയിലെ വില്ലൻ കഥാപാത്രമായ ഷിബുവിനെ ഗുരു സോമസുന്ദരം എന്ന നടൻ സുന്ദരമായി അവതരിപ്പിച്ചിട്ടുണ്ട്. മലയാള സിനിമയിൽ കാണാത്ത ഒരു ശൈലിയാണ് വില്ലന് ഒരു മോറൽ ആർഗ്യുമെന്റ് നൽകുക എന്നത്. ചില ഹിറ്റ് ഹോളിവുഡ് സിനിമകളിലാണ് അത്തരം രീതികൾ നേരത്തെ ഉണ്ടായിട്ടുള്ളത്. ചില ബലഹീനതകളുള്ള എല്ലാവരാലും പുച്ഛിക്കപ്പെടുന്ന ഒരു വ്യക്തി സിനിമയുടെ ഒരു പോയിന്റ് ഓഫ് ടൈമിൽ തന്റെ ഉള്ളിലെ ഒരാഗ്രഹം നേടിയെടുക്കുവാനായി പതിയെ  ഒരു വില്ലൻ സ്വഭാവത്തിലേക്ക് മാറുന്നു. 

ഇവിടെ ഷിബുവിന്റെ ഈ മാറ്റത്തിന് കാരണം വർഷങ്ങളായി മനസ്സിൽ കാത്തു സൂക്ഷിക്കുന്ന പ്രണയമാണ്. ഇത്തരത്തിൽ ഒരു വില്ലനെ എത്തുന്നതോടെ അയാളോട് പ്രേക്ഷകർക്ക് മാനസികമായി അനുകമ്പ തോന്നിത്തുടങ്ങുന്നു. അയാൾ ചെയ്യുന്ന ചെയ്തികളെല്ലാം (കൊലകൾ ഉൾപ്പടെ) അമിതമായി ഉൾക്കൊള്ളുകയും ന്യായീകരിക്കുകയും ചെയ്യുന്നു ചില പ്രേക്ഷകർ. ഉദാത്ത പ്രണയത്തിന്റെ മാതൃകയാണ് ഷിബു എന്നും അദ്ദേഹത്തിന്റെ പ്രണയം ആരാണാഗ്രഹിക്കാത്തതെന്നും തുടങ്ങിയുള്ള ഫെയ്സ്ബുക് പോസ്റ്റുകൾ, പ്രൊഫൈൽ സ്റ്റാറ്റസുകൾ എന്നിവ ഒരുപാട് കണ്ടതോടെയാണ് ഒരു കാര്യം ഒാർമപ്പെടുത്താമെന്ന് കരുതിയത്. 

 

ഇത്തരം ഭ്രാന്തമായ പ്രണയമുള്ളവർ തന്നെയാണ് പ്രണയം നിരസിക്കുമ്പോൾ കാമുകിയുടെ മുഖത്തു ആസിഡ് ഒഴിക്കുന്നതും, കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുന്നതുമെല്ലാം. എല്ലാ ക്രിമിനലുകൾക്കും അവർ അങ്ങനെ ആയി തീരുന്നതിനു പിന്നിൽ അവരുടേതായ ഒരു കഥയും ന്യായീകരണവും ഉണ്ടാകും. അവരുടെ ന്യായീകരങ്ങളും ഇതു പോലെ വളർത്തിക്കൊണ്ടു വന്നു ഒരു സിനിമ ആക്കുകയാണെങ്കിൽ മേൽപറഞ്ഞ പ്രേക്ഷകർ അവരുടെ ചെയ്തികളെയും അംഗീകരിക്കേണ്ടി വരും. അതു കൊണ്ട് തന്നെ സിനിമയെ സിനിമ ആയി കാണുക. 

 

കഥാപാത്രങ്ങളെ യഥാർഥ ജീവിതവുമായി ബന്ധിപ്പിക്കാതിരിക്കുക. എന്തായാലും നായകനൊപ്പം തന്നെ നിൽക്കുന്ന ഒരു വില്ലനെ സൃഷ്‌ടിച്ച തിരക്കഥാകൃത്തുക്കൾക്കും മലയാള സിനിമയുടെ പരിമിതികളിൽ നിന്ന് കൊണ്ട് തന്നെ ഇത്രയും നല്ല ഒരു സിനിമ ഒരുക്കിയ ബേസിൽ ജോസഫിനും അണിയറപ്രവർത്തകർക്കും ഒരിക്കൽ കൂടി എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മിന്നൽ മുരളിയുടെ അടുത്ത ഭാഗങ്ങൾ ഉടൻ തന്നെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com