ADVERTISEMENT

ബന്ധങ്ങൾക്കും സൗഹൃദത്തിനും, കടപ്പാടിനുമൊക്കെ മൂല്യം കൽപിച്ചിരുന്ന ഒരു വസന്തകാലം പണ്ടു നമ്മുടെ മലയാള സിനിമയിൽ ഉണ്ടായിരുന്നതായി പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. ആ ഒരു നല്ല കാലം ഏതാണെന്ന് ഇന്നത്തെ പുതിയ സിനിമാ പ്രവർത്തകർക്ക് ഒരുപക്ഷെ അറിവുണ്ടായിരിക്കാൻ വഴിയില്ല. ആ നല്ലകാലത്തെക്കുറിച്ച് മലയാള സിനിമയുടെ ആദ്യകാല നായകൻ തിക്കുറിശ്ശി പറഞ്ഞ ഒരു വാചകമുണ്ട്. 

 

"മാവേലി നാടുവാണീടും കാലം മാനുഷരെല്ലാം ഒന്ന് പോലെ എന്ന് പറയുന്നതു പോലെ നസീർ വാണിരുന്ന കാലത്ത് ഞങ്ങൾ എല്ലാ സിനിമാ പ്രവർത്തകരും ഒരുപോലെ ഒരു മനസ്സോടെയാണ് കഴിഞ്ഞിരുന്നത്. പണ്ട് എല്ലാ ബന്ധങ്ങളും പച്ച വാഴയിലയിൽ കഴിക്കുന്ന ഭക്ഷണം പോലെ പച്ചപ്പുള്ളതായിരുന്നു.  എന്നാലിന്ന് ബന്ധങ്ങളൊക്കെ ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന പേപ്പർ പ്ലേറ്റ് പോലെയായി."   

 

dileepkumar

അന്നൊക്കെ മദ്രാസിലെ ഷൂട്ടിങ് ഫ്ലോറുകളിൽ ചെല്ലുമ്പോൾ കണ്ടിരുന്ന ഒരു താരക്കൂട്ടായ്മ ഉണ്ടായിരുന്നു.  അകത്ത് ഷൂട്ടിംഗ് നടക്കുമ്പോൾ പുറത്ത് ചൂടൻ കാറ്റുമേറ്റ് വലിപ്പച്ചെറുപ്പമില്ലാതെ നസീർ സാറിന്റെ ചുറ്റും കൂടിയിരുന്നു തമാശ പറച്ചിലും ചിരിയും സങ്കടം ചൊല്ലലുമൊക്കെയായി കഴിഞ്ഞിരുന്ന ഒരു നല്ല കാഴ്ചവട്ടമായിരുന്നു അത്.  ഇങ്ങനെയുള്ള കൂടിച്ചേരലിൽ നിന്നാണ് ഓരോരുത്തരുടെയും സ്വകാര്യ ദുഃഖങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ മനസ്സിലാക്കി നസീർ സാറും മധു സാറും ഡോക്ടർ ബാലകൃഷ്ണനുമടങ്ങുന്ന നന്മമരങ്ങളുടെ സ്നേഹത്തണലുകൊണ്ടാണ് ഐവി ശശി, ഹരിഹരൻ , പി ജി വിശ്വംഭരൻ, ജോഷി, ഗോപകുമാർ, പി ചന്ദ്രകുമാർ തുടങ്ങി അന്നത്തെ പ്രശസ്തരായ പല സംവിധായക പ്രതിഭകളും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് വരുന്നത്.  

 

ഇവരിൽ പി ചന്ദ്രകുമാറിന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് കേട്ടപ്പോഴാണ് എനിക്കേറെ രസകരമായ അനുഭവമായി തോന്നിയത്.  ആ ചെറുപ്പക്കാരന്റെ കഥ കേട്ടപ്പോൾ എനിക്ക് കക്ഷിയെ ഒന്നു പരിചയപ്പെടണമെന്നുണ്ടായെങ്കിലും എന്തുകൊണ്ടോ അന്നൊന്നും അത് നടന്നില്ല.  അങ്ങനെയിരിക്കുമ്പോഴാണ് എന്റെ സുഹൃത്തും സംവിധായകനുമായ ജേസി എന്നെ വിളിക്കുന്നത്. 

 

"എടോ ഡെന്നിസേ എന്റെ ‘‘വീടൊരു സ്വർഗം’’ എന്ന സിനിമ മറ്റന്നാൾ ഫോർട്ട് കൊച്ചിയിൽ തുടങ്ങുകയാണ്.  നാളെ വൈകിട്ട് ഞാൻ വുഡ്‌ലാൻഡ് ഹോട്ടലിൽ ഉണ്ടാകും. താൻ ഒന്നിവിടം വരെ വരാമോ? ചിത്രത്തെക്കുറിച്ച് ചില കാര്യങ്ങൾ തന്നോട് സംസാരിക്കാനുണ്ട്. 

 

ജേസി പറഞ്ഞ പ്രകാരം ഞാൻ പിറ്റേന്ന് വൈകിട്ട് വുഡ്‍‌ലാൻഡസ് ഹോട്ടലിൽ എത്തി.  മുറി മലർക്കെ തുറന്നിട്ടിരിക്കുകയാണ്. അകത്ത് ആരുടെയോ സംസാരം കേള്‍ക്കുന്നുണ്ട്. നടൻ സോമനായിരിക്കുമെന്നാണ് ഞാൻ ആദ്യം കരുതിയത്. സോമന്  എറണാകുളത്തു ഏറ്റവും കൂടുതൽ ചങ്ങാത്തമുള്ളത് ജേസിയുമായിട്ടാണെന്ന് പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. അവർ തമ്മിൽ അങ്ങനെയൊരു ആത്മബന്ധമാണ് ഉണ്ടായിരുന്നത്. സോമനായിരിക്കുമെന്നുള്ള വിശ്വാസത്തോടെ ഞാൻ ഡോറിൽ പതുക്കെ നോക്ക് ചെയ്തു കൊണ്ട് അകത്തെ മുറിയിലേക്ക് ചെന്നു.  മുറിയിൽ സോമനു പകരം ഉണ്ടായിരുന്നത് രണ്ടു ചെറുപ്പക്കാരായിരുന്നു. ഒരാൾ ഷൂട്ടിംഗിനുള്ള സ്ക്രിപ്റ്റിന്റെ  കോപ്പിയെടുക്കുകയും രണ്ടാമൻ എന്തൊക്കെയോ ചാർട്ടു ചെയ്തുകൊണ്ടിരിക്കുന്നതും കാണാം. 

 

ജേസി എന്നെ കണ്ടപാടേ ചിരിച്ചു കൊണ്ടു ഉച്ചത്തിൽ പറഞ്ഞു. 

 

‘‘ങാ കലൂരാനെത്തിയോ?" . 

 

അതുകേട്ട് ചെറുപ്പക്കാർ തല ഉയർത്തി എന്നെ നോക്കി. ആരാണ് ഈ കക്ഷി എന്ന ഭാവമായിരുന്നു അവരുടെ മുഖത്ത്. 

 

കലൂര്‍ ഡെന്നിസെന്ന എന്നെ കലൂരാൻ എന്ന് ആദ്യമായി വിളിക്കുന്നത് ജേസിയാണ്. പിന്നീടു ആ വിളി പലരിലേക്കും പടരുകയായിരുന്നു. ജേസി എന്നെ പരിചയപ്പെടുത്തി. 

 

‘‘കലൂരാനെ അറിയില്ലേ? ചിത്രപൗർണമി സിനിമവാരികയുടെ പത്രാധിപരാണ്." 

 

ചെറുപ്പക്കാർ സാകൂതം എന്നെ നോക്കി വിനയം വിതറി ചിരിച്ചു. 

 

chandraa

‘‘ഇത് എന്റെ അസിസ്റ്റന്സാണ്. പി ചന്ദ്രകുമാറും സത്യൻഅന്തിക്കാടും. ചന്ദ്രകുമാറാണ് ചീഫ് അസോസിയേറ്റ്. "

 

ചന്ദ്രകുമാർ എന്ന പേര് കേട്ടപ്പോൾ തേടിയ വള്ളി കാലിൽ ചുറ്റിയതുപോലെയാണ് എനിക്ക് തോന്നിയത്.  ഏതായാലും കക്ഷി കുറെ നാൾ ഇവിടെ കാണുമല്ലോ അപ്പോൾ ഡീറ്റൈൽ ആയി ഒരു ഇന്റർവ്യൂ നടത്താം എന്ന തോന്നലിൽ അവിടെ വച്ച് ഞാൻ ഒന്നും ചോദിച്ചില്ല   

 

ഞാൻ രണ്ടു പേരെയും വിഷ് ചെയ്തു.  അന്നാണ് ഈ രണ്ടുപേരെയും ഞാൻ ആദ്യമായി കാണുന്നത്. 

 

ജേസി തുടർന്നു. 

 

"രണ്ടുപേരും നാളത്തെ വാഗാദാനങ്ങളാണ്. "

 

ജേസിയുടെ പ്രശംസാ വചനം കേട്ട് ചന്ദ്രകുമാറും സത്യന്‍ അന്തിക്കാടും അഭിമാനപുരസ്സരം എന്നെ നോക്കി വിനയം നടിച്ചു. 

 

‘‘നമ്മൾക്ക് അപ്പുറത്തിരുന്ന് സംസാരിക്കാം. അവരുടെ ജോലി മുടങ്ങണ്ട.  നാളെ കഴിഞ്ഞ് ഷൂട്ടിംഗ് തുടങ്ങേണ്ടതാണ്.’’

 

ജേസി എഴുന്നേറ്റ് അടുത്ത മുറിയിലേക്ക് നടന്നു. കൂടെ ഞാനും. 

 

ഞങ്ങൾ അൽപനേരമിരുന്ന് ‘വീടൊരു സ്വർഗ’ത്തെക്കുറിച്ചും അതിന്റെ നിർമാതാവിനെക്കുറിച്ചുമൊക്കെ സംസാരിച്ചശേഷം ഞാൻ ഇറങ്ങാൻ നേരം ജേസി ഓർമിപ്പിച്ചു. 

chandra

 

"സ്വിച്ചോണിന് താൻ വരില്ലേ? "

 

"തീർച്ചയായും" 

 

ഞാൻ സ്വിച്ചോണിനു പോയതു കൂടാതെ രണ്ടു മൂന്നു പ്രാവശ്യം കൂടി ഞാൻ ജേസിയുടെ ലൊക്കേഷനിൽ പോയിരുന്നു. ചിത്രപൗർണമിയിൽ കൊടുക്കാനുള്ള മാറ്ററിനുവേണ്ട സ്റ്റില്ലും മറ്റും സംഘടിപ്പിച്ചിരുന്നത് ചന്ദ്രകുമാറാണ്.  

 

ഒരു ദിവസം ഉച്ച കഴിഞ്ഞു ഷൂട്ടിംഗ് ഇല്ലാത്ത നേരത്ത് ഞാനും  ചന്ദ്രനും ഒന്നിച്ചുകൂടിയിരുന്നു ഒത്തിരി കാര്യങ്ങൾ സംസാരിച്ചു.  അന്നാണ് തന്റെ സിനിമാപ്രവേശനത്തെകുറിച്ച് ചന്ദ്രൻ എന്നോട് തുറന്നു പറഞ്ഞത് 

 

അന്ന് ‘വീടൊരു സ്വർഗം’ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നു തുടങ്ങിയ ഞങ്ങളുടെയടുപ്പമാണ് നീണ്ട നാൽപത്തിയെട്ടു വർഷക്കാലത്തെ സൗഹൃദപ്പെരുമയായി വളർന്നത്.  1980 ൽ ഞാൻ തിരക്കഥാകാരനായി രംഗത്തുവന്നപ്പോൾ ചന്ദ്രന് വേണ്ടി ‘സംഭവം’, "ആയുധം" എന്നീ ചിത്രങ്ങൾക്ക് ഞാൻ തിരക്കഥയുമെഴുതി.  ഇതിനിടയിൽ ഞങ്ങൾക്കിടയിൽ ഒരു തരി പരിഭവമോ ഒരു ചെറു പിണക്കമോ ഒന്നും കയറിവരാതെ സ്വഛന്ദം ഒഴുകുന്ന ഒരു നദി പോലെ ഞങ്ങളുടെ സൗഹൃദം മന്ദം മന്ദം ഒഴുകുകയായിരുന്നു. 

 

ഞങ്ങൾ തമ്മിൽ വാക്കുകൾ കൊണ്ട് പിണങ്ങിയാലും മനസ്സുകൊണ്ട് പിണങ്ങാതിരിന്നാൽ മതിയെന്ന് ചന്ദ്രൻ എന്നെ കാണുമ്പോഴൊക്കെ തമാശ രൂപേണ പറയാറുണ്ട്.  അങ്ങനെ കാലം ഞങ്ങളുടെ ആയുസ്സിൽ നിന്ന് നാൽപത്തിയെട്ടു വർഷങ്ങള്‍ അപഹരിച്ചെങ്കിലും ഒത്തിരികാലം പരസ്പരം മുഖത്തോടു മുഖം ഒന്നു കാണാനോ സുഖവിവരങ്ങളന്വേഷിക്കാനോ ഉള്ള അവസരം പലപല കാരണങ്ങൾ കൊണ്ട് സാധ്യമായില്ലെങ്കിലും വല്ലപ്പോഴുമുള്ള ഒരു ഫോൺ വിളിയും കൊച്ചു കൊച്ചു വാചകങ്ങളിലുള്ള കുശലം പറച്ചിലും ചന്ദ്രന്റെ പ്രത്യേക സ്വരത്തിലുള്ള ചിരി പ്രസാദവും എന്റെ കുസൃതിനമ്പറുകളൊക്കെ കഴിഞ്ഞ് ഫോൺ വയ്ക്കുമ്പോൾ ആ പഴയ കാലത്തിന്റെ മധുരമുള്ള ഓർമകൾ മനസ്സിനുള്ളിൽ ഒരു കുളിർ കാറ്റായി അനുരണനങ്ങൾസൃഷ്ടിച്ചു കൊണ്ടിരുന്നു. 

 

എന്റെ നീണ്ട നാൽപത്തിയഞ്ചു വർഷക്കാലത്തെ ചലച്ചിത്ര ജീവിതത്തിനിടയിൽ ഞാൻ ഒത്തിരി സംവിധായകർക്കുവേണ്ടി തിരക്കഥ എഴുതുകയും, അവരുടെയൊക്കെ അനുഭവ കഥകൾ  കേട്ടിട്ടുമുണ്ടെങ്കിലും ചന്ദ്രകുമാറിന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് കേട്ടപ്പോഴാണ് ഞാൻ അത്ഭുതപ്പെട്ടുപോയത്.  ചെറുപ്പത്തിൽ പഠിച്ചു നടക്കേണ്ട കൗമാരകാലത്ത്, അതും വെറും പതിനാലാമത്തെ വയസ്സിൽ സിനിമ പഠിക്കാനായി മദ്രാസ് എന്ന മഹാനഗരത്തിലേക്ക് പോയ ചന്ദ്രകുമാറെന്ന കൊച്ചു പയ്യൻസിനെപ്പോലെ മറ്റൊരു പയ്യൻസ് മലയാളത്തിലെന്നല്ല ലോകസിനിമയിൽ തന്നെ ഉണ്ടാകുമെന്നെനിക്ക് തോന്നുന്നില്ല.  

 

ചന്ദ്രന്റെ മൂത്ത സഹോദരൻ ഗോപകുമാർ സംവിധായകനായ പി. ഭാസ്കരന്‍ മാഷിന്റെ കൂടെ സംവിധാന സഹായിയായി പോയ സമയത്തായിരുന്നു ചന്ദ്രന്റെയും സിനിമാ പ്രവേശം.  ജ്യേഷ്ഠൻ സിനിമ പഠിക്കാൻ പോയതു കൊണ്ട് തനിക്കും സിനിമ പഠിക്കണമെന്നുള്ള ഒരു കൗമാരക്കാരന്റെ  കൗതുകമായിരുന്നില്ല അത്.  

 

ഇനി ചന്ദ്രന്റെ സിനിമ പ്രവേശനത്തിന്റെ നാൾവഴികളിലേക്ക് വരാം. 

 

ചന്ദ്രകുമാറിന്റെ അച്ഛന്‍ പാലക്കാട്ട് അറിയപ്പെട്ട ഒരു ആയുർവേദ വൈദ്യരായിരുന്നു.  അന്ന് പത്താംക്ലാസിലേക്ക് കയറിയ സമയമായിരുന്നെങ്കിലും അച്ഛന്റെ വൈദ്യസഹായിയായി മുന്നിലുണ്ടായിരുന്നത് ചന്ദ്രനായിരുന്നു.  അങ്ങനെ ഒരു ദിവസം വൈദ്യശാലയിൽ മദ്രാസിൽ നിന്ന് വാസുമേനോൻ എന്നൊരു മാന്യദേഹം ചികിത്സയ്ക്കായി എത്തുന്നു.  അച്ഛൻ ചികിത്സ ആരംഭിക്കുന്നു.  ചന്ദ്രൻ രാവിലെ സ്കൂളിൽ പോയി തിരിച്ചു വന്നു കഴിഞ്ഞാൽ വാസു മേനോന്റെ തിരുമ്മൽ പ്രക്രിയയിൽ അച്ഛന്റെ പ്രധാന സഹായിയായി കൂടും.  ഒന്നര ആഴ്ചത്തെ ചികിത്സയ്ക്കു ശേഷം വാസുമേനോൻ മദ്രാസിനു പോകാനൊരുങ്ങിയപ്പോൾ ചന്ദ്രന്റെ സിനിമയോടുള്ള അമിതമായ അഭിനിവേശം മനസ്സിലാക്കിയിട്ട് ചോദിച്ചു. 

 

ചന്ദ്രന് സിനിമയോടു വലിയ ക്രെയ്സ് ആണെന്ന് തോന്നുന്നു. സിനിമയിൽ ആരാകാനാണ് താൽപര്യം. 

 

ഒട്ടും ആലോചിക്കാതെ തന്നെ ചന്ദ്രൻ പറഞ്ഞു. 

 

‘‘സംവിധായകൻ’’

 

"ഉം. കൊള്ളാലോ? എന്നാൽ ചന്ദ്രൻ മദ്രാസിലേക്കു വന്നോളൂ. ഞാൻ ഏതെങ്കിലും നല്ല സംവിധായകരുടെ കൂടെ അസിസ്റ്റന്റ് ആക്കി നിർത്താം."

 

അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട സന്തോഷത്തിൽ ചന്ദ്രന് തുടർന്ന് അദ്ദേഹത്തിന്റെ വാക്കുകളൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. 

 

വാസുമേനോൻ വലിയ സിനിമാനിർമാതാവും സ്റ്റുഡിയോ ഉടമയും സംവിധായകനുമൊക്കെയാണെന്ന് അപ്പോഴാണ് ചന്ദ്രൻ അറിയുന്നത്. 

 

ചന്ദ്രന്റെ ജ്യേഷ്ഠൻ ഗോപകുമാർ മദ്രാസിലുള്ളതുകൊണ്ട് പിന്നെ ഒന്നും ആലോചിക്കാൻ നിന്നില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോൾ പത്താംക്ലാസ്സു പോലും പൂർത്തിയാക്കാതെ ചന്ദ്രൻ സിനിമയുടെ അതിശയങ്ങളിൽ അത്ഭുതം കണ്ടെത്താനായി മദ്രാസിലേക്കു വണ്ടി കയറി.  

 

പ്രശസ്ത സംവിധായകനും ഗാനരചയിതാവും നിർമാതാവുമൊക്കെയായ പി. ഭാസ്കരൻ മാഷിന്റെ അസിസ്റ്റന്റായിട്ടായിരുന്നു ചന്ദ്രന്റെ ആദ്യ സിനിമാ പ്രവേശനം. 

 

അന്ന് ഭാസ്കരൻ മാഷ് സംവിധാനം ചെയ്യുന്ന ‘ഉമ്മാച്ചു’ വിന്റെ ഷൂട്ടിംഗ് നടക്കുകയായിരുന്നു.  മധുസാറാണ് നായകൻ. അദ്ദേഹത്തിന്റെ മുഖത്തു ക്ലാപ്പടിച്ചുകൊണ്ടാണ് ചന്ദ്രൻ സംവിധാന സഹായിയുടെ കുപ്പായം എടുത്തണിയുന്നത്. ചന്ദ്രകുമാറിന്റെ ജ്യേഷ്ഠൻ ഗോപകുമാർ ഭാസ്കരൻ മാഷിന്റെ അസോസിേയറ്റായി പ്രവർത്തിച്ചിരുന്നതുകൊണ്ട് മാഷ് സംവിധാനം ചെയ്ത വിലയ്ക്കു വാങ്ങിയ വീണ, ഉദയം, ആറടിമണ്ണിന്റെ ജന്മി, വീണ്ടും പ്രഭാതം, ആദിശങ്കരൻ തുടങ്ങിയ ഒരു ഡസനോളം ചിത്രങ്ങളിലും ചന്ദ്രന് സഹസംവിധായകനായി പ്രവർത്തിക്കാനായി. കൂടാതെ മലയാള സിനിമയിലെ അന്നത്തെ പ്രശസ്ത സംവിധായകരായ തിക്കുറിശ്ശി, അടൂർ ഭാസി,  ഹരിഹരൻ എ വി രാജ്, പി. ജി. വിശ്വംഭരൻ, ഡോക്ടർ ബാലകൃഷ്ണൻ,   ഗോപകുമാർ, ജേസി, ജയവിജയൻ എന്നിവരടക്കം ഏകദേശം അമ്പതോളം ചിത്രങ്ങളിൽ അസിസ്റ്റന്റും ചീഫ് അസ്സോസിയേറ്റുമൊക്കെയായി ഒത്തിരിവർഷക്കാലം ചന്ദ്രൻ ജോലി ചെയ്തിട്ടുണ്ട്.  

 

ഒരു പക്ഷേ ഇത്രയധികം ചിത്രങ്ങളിൽ സഹസംവിധായകനായ മറ്റൊരു ചലച്ചിത്രക്കാരനും വേറെ ഉണ്ടാകുമെന്നു തോന്നുന്നില്ല. ചന്ദ്രൻ ആദ്യമായി സംവിധായകനാകുന്നത് ഡോക്ടർ ബാലകൃഷ്ണന്റെ ‘മനസ്സൊരു മയിലി'ലൂടെയാണ്. ‘ലേഡീസ് ഹോസ്റ്റൽ’ എന്ന സിനിമയിലൂടെ ഹരിഹരനെയും സംവിധായകനാക്കിയത് ഡോക്ടർ ബാലകൃഷ്ണനാണ്. മനസ്സൊരു മയിലിനു ശേഷം ഡോക്ടർ ബാലകൃഷ്ണന്റെ ജലതരംഗം എന്നൊരു ചിത്രം കൂടി ചന്ദ്രൻ ചെയ്തു.  ഈ രണ്ടു ചിത്രങ്ങളിലും വില്ലൻ വേഷം ചെയ്തിരുന്നത് ജയനായിരുന്നു. 

 

ഈ സമയത്താണ് മധു സാർ തിരുവനന്തപുരത്ത് ഉമാ സ്റ്റുഡിയോ തുടങ്ങുന്നത്.   ഉമാ സ്റ്റുഡിയോയുടെ ബാനറിൽ മധു സാർ ആദ്യമായി നിർമ്മിച്ച അസ്തമയത്തിന്റെ സംവിധാന ചുമതല  മധുസാർ ചന്ദ്രകുമാറിനെയാണ് ഏൽപ്പിച്ചത്.  ആ ചിത്രം വൻ വിജയമായിരുന്നു.  ആ ചിത്രത്തിൽ ജയന് ഒരു പോസിറ്റീവ് വേഷമായിരുന്നു.  തുടർന്ന് മധു സാറിന്റെ തന്നെ ശുദ്ധികലശം, പ്രഭാതസന്ധ്യ, ഞാൻ ഏകനാണ്, മിനി തുടങ്ങി എല്ലാ ചിത്രങ്ങളും സംവിധാനം ചെയ്തത് ചന്ദ്രനാണ്.  മധുസാറിനുവേണ്ടിയാണ് ചന്ദ്രകുമാർ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ളത്, ഏകദേശം പതിനാറോളം ചിത്രങ്ങൾ.  എല്ലാം വൻ  വിജയങ്ങളായിരുന്നു 

 

മധു സാറിന്റെ കാരുണ്യവും സ്നേഹവും ഒന്നുകൊണ്ട് മാത്രമാണ് തനിക്കിത്രയും ഉയരങ്ങളിലെത്താൻ കഴിഞ്ഞതെന്നുള്ള  നേർപൊരുൾ എന്നും നന്ദിയോടെയാണ് ചന്ദ്രകുമാർ ഓർക്കുന്നത്.

 

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ ഭാഷകളിൽ അൻപതിൽ പരം ചിത്രങ്ങളൊരുക്കിയിട്ടുള്ള ചന്ദ്രകുമാർ ഇപ്പോൾ ഒരു ന്യൂജൻ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്.     

 

(തുടരും)

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com