ADVERTISEMENT

തമിഴ് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ജയിലർ’ സിനിമയുടെ പ്രമേയം (സ്റ്റോറി ലൈൻ) പുറത്തായതായി റിപ്പോർട്ട്. ഓൺലൈൻ ടിക്കറ്റ് വെബ്സൈറ്റിലാണ് ജയിലറിന്‍റെ കഥാസംഗ്രഹം പ്രത്യക്ഷപ്പെട്ടത്. ‘‘ജയിലിൽ അകപ്പെട്ടു കിടക്കുന്ന തങ്ങളുടെ നേതാവിനെ അധോലോക സംഘം രക്ഷിക്കാൻ ശ്രമിക്കുന്നതും ഈ സമയത്ത് ഇവരെ തടയാൻ ജയിലർ നടത്തുന്ന പരിശ്രമവുമാണ് ഈ സിനിമയെന്നാണ് വെബ്സൈറ്റിൽ പറയുന്നത്.

 

സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ട കഥാസംഗ്രഹം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പിന്നീട് ഇത് സ്ഥിരീകരിച്ച കഥയല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് ട്രേഡ് അനലിസ്റ്റുകളും എത്തി. സെന്‍സറിങ് പൂര്‍ത്തിയായ ശേഷമേ ടിക്കറ്റ് പ്ലാറ്റ്‌ഫോമുകളില്‍ സിനോപ്‌സിസ് എത്തുകയുള്ളുവെന്നും ഇവർ അറിയിച്ചു.

 

വിജയ്‌യുടെ ‘ബീസ്റ്റി’നു ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. തമന്നയാണ് നായിക. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മോഹന്‍ലാല്‍ അതിഥിവേഷത്തിലെത്തുന്നു.

 

അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്. രജനി ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ ജയിലര്‍ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ തിരക്കഥയും നെല്‍സണിന്‍റേതാണ്.

 

ആദ്യ ചിത്രമായ കോലമാവ് കോകിലയിലൂടെ തമിഴകത്ത് ശ്രദ്ധനേടിയ സംവിധായകനാണ് നെല്‍സണ്‍. കരിയര്‍ ബ്രേക്ക് നല്‍കിയത് ശിവകാര്‍ത്തികേയന്‍ നായകനായ 'ഡോക്ടര്‍' ആയിരുന്നു. ഏറ്റവും ഒടുവില്‍ നെല്‍സന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത് വിജയ് ചിത്രമായ 'ബീസ്റ്റ്' ആയിരുന്നു. 'ബീസ്റ്റ്' എന്ന ചിത്രം പരാജയമായിരുന്നു.  'ജയിലറി'ലൂടെ വൻ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് നെല്‍സണ്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com