‘40ാം വയസ്സിൽ അമ്മയാകാൻ ആഗ്രഹിക്കുന്ന സ്ത്രീ’; വനിത വിജയകുമാറിന്റെ സിനിമ; ടീസർ
![mrs-mr-trailer ടീസറിൽ നിന്നും](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2025/1/17/mrs-mr-trailer.jpg?w=1120&h=583)
Mail This Article
നടി വനിത വിജയകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ മിസിസ് ആൻഡ് മിസ്റ്റർ ടീസര്‍ എത്തി. കൊറിയഗ്രാഫർ റോബർട് മാസ്റ്റർ ആണ് നായകനായെത്തുന്നത്. നാൽപത് കഴിഞ്ഞ സ്ത്രീ അമ്മയാകാൻ ആഗ്രഹിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്. നടിയുടെ മകൾ ജോവികാ വിജയകുമാർ ആണ് നിർമാണം.
നടി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ ഷക്കീല, കിരൺ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. ശ്രീകാന്ത് ദേവയാണ് സംഗീതം. വിഷ്ണു രാമകൃഷ്ണൻ ഛായാഗ്രഹണം.
സ്വന്തം കുടുംബത്തില്‍നിന്ന് ഒറ്റപ്പെട്ടു നിൽക്കുന്ന വനിത വിജയകുമാർ കഴിഞ്ഞ മൂന്ന് വർഷമായി ഒറ്റയ്ക്കാണ് താമസം. 2020ലാണ് നടിയുടെ മൂന്നാം വിവാഹബന്ധം േവർപിരിയുന്നത്. വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച വിവാഹത്തിന്റെ ആയുസ്സ് അഞ്ചു മാസം മാത്രമായിരുന്നു. ആദ്യ വിവാഹത്തിലെ രണ്ട് പെണ്‍മക്കളുടെ സമ്മതത്തോടെയായിരുന്നു വനിത മൂന്നാമതും വിവാഹിതയായത്. എഡിറ്റര്‍ പീറ്റർ പോൾ ആയിരുന്നു വരൻ. എന്നാല്‍ നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ വനിതയെ വിവാഹം ചെയ്തതെന്നു ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ രംഗത്ത് വന്നതോടെ താരവിവാഹം വിവാദമായി മാറി.
ആദ്യ വിവാഹബന്ധത്തിലെ രണ്ട് പെണ്‍മക്കളുടെ സമ്മതത്തോടെയായിരുന്നു വനിത വിജയകുമാര്‍ മൂന്നാമതും വിവാഹിതയായത്. മറ്റൊരു കുടുംബം തകര്‍ത്തുകൊണ്ട് വനിത വിവാഹം കഴിച്ചെന്ന ആരോപണത്തിനു പിന്നാലെ പല സിനിമാ താരങ്ങളും വനിതയെ വിമർശിക്കുകയും ചെയ്തു. 2020 ജൂണില്‍ പീറ്ററിനെ വിവാഹം ചെയ്ത വനിത, അഞ്ച് മാസത്തിനുള്ളില്‍ ഭര്‍ത്താവുമായി പിരിഞ്ഞെന്നു പ്രഖ്യാപിച്ചു. പീറ്ററും താനും രണ്ട് വഴിക്കായി എന്നും ഇനി അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്നും നടി പറഞ്ഞിരുന്നു.
ആദ്യത്തെ രണ്ടു വിവാഹങ്ങളിൽനിന്നായി വനിതയ്ക്ക് മൂന്നു കുട്ടികൾ ഉണ്ട്. 2000–ലാണ് നടൻ ആകാശുമായുള്ള വനിതയുടെ വിവാഹം. 2007–ൽ ഈ ബന്ധം വേർപെടുത്തി. അതിൽ രണ്ടു കുട്ടികൾ. അതേ വർഷം തന്നെ ബിസിനസ്സുകാരനായ ആനന്ദ് ജയരാജിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. 2012 ൽ ഇവർ വിവാഹമോചിതരായി. തമിഴ് നടൻ വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്ത മകളാണ് വനിത. വിജയ്‌യുടെ നായികയായി ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം. മലയാളത്തിൽ ഹിറ്റ്ലർ ബ്രദേഴ്സ് എന്ന ചിത്രത്തിലും അഭിനയിച്ചു. 2019 ൽ ബിഗ് ബോസ് സീസൺ 3യിൽ മത്സരാർഥിയായി എത്തിയിരുന്നു. ഇപ്പോൾ യുട്യൂബ് ചാനലിലൂടെ സജീവമാണ് താരം.