ഉടലുകൾ ഉരുകുന്ന ജീവിതം; ‘ലിൻഡ’ പറയാതെ പറയുന്നത്

Mail This Article
രണ്ടോ മൂന്നോ വാക്കുകൾ മാത്രമാണു ലിൻഡ പറയുന്നത്. എന്നാൽ ആ കണ്ണുകളുടെ വശ്യവലയത്തിൽ നിന്ന് ഒരു കുടുംബത്തിലെ ആർക്കും മോചനമില്ല. വീട്ടുടമയായ ഭർത്താവ്, ഭാര്യ, മകൾ, മകൻ എല്ലാവരും ലിൻഡയ്ക്കു ചുറ്റും തിരിയുന്ന ഉപഗ്രഹങ്ങളാവുകയാണ്. അതോടെ ആ കുടുംബത്തിന്റെ താളം തെറ്റുന്നു. എന്നാൽ, ലിൻഡയുടെ അവസ്ഥ ദയനീയമാവുകയാണ്. ജോലി മാത്രമല്ല, പ്രണയവും നഷ്ടപ്പെടുകയാണ്. അതിനും മാത്രം എന്തു തെറ്റാണ് ലിൻഡ ചെയ്തതെന്ന ചോദ്യം ഉയർത്തുകയാണ് മരിയാൻ വെയ്ൻസ്റ്റൈൻ എന്ന യുവ സംവിധായിക. മത്സര വിഭാഗത്തിൽ മുന്നിലെത്തി മുന്നേറുക കൂടിയാണ് ലിൻഡ; ഫെസ്റ്റിവൽ പ്രേക്ഷകരുടെ പ്രിയം നേടി.
വലിയൊരു വീട്. എല്ലാ ആധുനിക സൗകര്യങ്ങളുമുള്ളത്. ആ വീട്ടിലേക്കാണ് ലിൻഡ എന്ന യുവതി സഹായിയായി എത്തുന്നത്. ഒരു സഹായിക്കു വേണ്ടതിലും അധികംസൗന്ദര്യവും വശ്യതയും ചെറുപ്പവും ഉൻമേഷവുമായി. ജോലിയെക്കുറിച്ച് വീട്ടമ്മ വിശദമായി അവർക്കു പറഞ്ഞുകൊടുക്കുന്നു. മുറി കാണിച്ചുകൊടുക്കുന്നു. സൂക്ഷ്മമമായ നിർദേശങ്ങൾ കൈമാറുന്നു. എല്ലാം ശ്രദ്ധയോടെ ലിൻഡ കേൾക്കുന്നു; അഥവാ കേൾക്കുന്നതായി അഭിനയിക്കുന്നു. അവർക്കുള്ളിൽ വേറൊരു വ്യക്തിയുണ്ടോ.ജോലിയുമായി ചേരാത്ത ഒരു മനസ്സ് അവർക്കുണ്ടോ എന്ന സംശയം ബലപ്പെടുത്തും ഓരോ ചലനവും. തുടക്കം മുതൽ അവസാനം വരെ നിലനിർത്തുന്ന ദുരൂഹതയാണ് ലിൻഡയെ മികച്ച കഥാപാത്രമാക്കി മാറ്റുന്നത്. അത്,ആ യുവതിയുടെ മനസ്സറിഞ്ഞ സംവിധായികയുടെ നേട്ടം കൂടിയാണ്.
ആ വീട്ടിലെ മകളും വർഷങ്ങളായി അവർക്കു പരിചയമുള്ള കുടുംബത്തിലെ യുവാവും തമ്മിൽ ഡേറ്റിങ്ങിലാണ്. അവരുടെ വിവാഹം ഉറപ്പിച്ചതാണ്.അവരുടെ സ്വകാര്യ നിമിഷത്തിന് ഒരിക്കൽ ലിൻഡ സാക്ഷിയാകുന്നുണ്ട്. അതാണ് ഈ സിനിമയിലെ ഏറ്റവും തീവ്രമായ രംഗം. മൂന്നു വ്യക്തികളുടെ മാറുന്ന മുഖങ്ങൾ. ഭാവങ്ങൾ. മാറുന്ന ഇഷ്ടങ്ങൾ. ആ ഒറ്റ രംഗത്തിലൂടെ അവരുടെ മൂന്നു പേരുടെ ജീവിതവും മാറുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത, നാടകീയ വഴികളിലൂടെ. അത്യന്തം ദുരന്തപൂർണമായും.
ലിൻഡ ഓരോരുത്തരെയും നയിക്കുന്നത് കണ്ണുകളിലൂടെയാണ്. എന്നാൽ, അതിർത്തിയെക്കുറിച്ച് ലിൻഡയ്ക്ക് കൃത്യമായ ബോധമുണ്ട്. എവടെയാണ് അതിർത്തി ഭേദിക്കേണ്ടതെന്നും. ഒരാളും പ്രതീക്ഷിക്കാത്ത രീതിയിൽ, പ്രത്യേകിച്ച് ഒരു അസ്വഭാവികതയും തോന്നാതെ വീട്ടമ്മ ലിൻഡയിലേക്ക് അടുക്കുന്നു. മാനസികമായി. പിന്നീട് ശാരീരികമായും. അതൊരു വിലക്കപ്പെട്ട ബന്ധമായി വികസിക്കുകയാണ്. മറച്ചുവയ്ക്കാനും ഒളിക്കാനും കഴിയാത്ത രീതിയിൽ ബന്ധം പുരോഗമിക്കുന്നു. ഹൃദയ സ്പർശിയായാണ് മരിയാന ഓരോ രംഗവും ചിത്രീകരിക്കുന്നത്. സംവിധാനം തന്നെയാണ് ചിത്രത്തെ മികച്ചതാക്കുന്നത്. ഓരോ കഥാപാത്രത്തിന്റെയും അഭിനയം വേറിട്ടു നിൽക്കുന്നു. ശ്രദ്ധേയവുമാണ്.
ഡേറ്റിങ്ങിൽ ഏർപ്പെട്ട യുവതി ലിൻഡയെ നോക്കുന്ന ഒരു നോട്ടമുണ്ട്. ആ കണ്ണുകൾ എല്ലാം പറയുന്നുണ്ട്. വർഷങ്ങളായി തുടരുന്ന പ്രണയം താൻ അവസാനിപ്പിച്ചു എന്നു യുവതി പറയുമ്പോൾ ലിൻഡ നിസ്സഹായയാണ്.എന്തു പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയില്ല. സ്വന്തം പ്രണയത്തോടുള്ള വിശ്വസ്തയും . ഒരു വാക്കും പറയാതെ, ഒരു ഭാവവമില്ലെന്നു തോന്നുന്ന ആ ഒറ്റ രംഗം മതി ലിൻഡയെ ഹൃദയത്തിലേക്കു സ്വീകരിക്കാൻ. വീടിന്റെ വാതിലുകൾ ലിൻഡയ്ക്കു മുന്നിൽ തുറക്കുന്നു. എന്നാൽ ആ വീട്ടിൽ നിന്നു പുറത്തു പോയാലും ലിൻഡ ഹൃദയത്തിൽ തന്നെയാണ്. ഇനി എല്ലാക്കാലത്തേക്കുമായി.അതു ലിൻഡയുടെ വിധി കൂടിയാണ്. വിലക്കപ്പെട്ട പ്രണയത്തിന്റെ മാറ്റമില്ലാത്ത ഭാവിയും.