ADVERTISEMENT

നീര്‍മാതളം പോലെ സ്വച്ഛമായൊരു സംഗീത വിഡിയോ അടുത്തിടെ കേട്ടിരുന്നില്ലേ. വിജയലക്ഷ്മി എഴുതി നന്ദു കര്‍ത്ത സംഗീതം നല്‍കിയ പാട്ടു കേട്ട് ഇഷ്ടം തോന്നി അതിനൊരു കവര്‍ വേര്‍ഷന്‍ പുറത്തിറക്കിയതാണ് ഇത്. ഡോക്ടറായി തിരക്കിട്ട ജോലി ചെയ്യുമ്പോഴും സംഗീതത്തെ ഒരുപാടിഷ്ടത്തോടെ ചേര്‍ത്തുപിടിക്കുന്നൊരാളായിരുന്നു അതിനു പിന്നില്‍. ഡോ. ബിനീത രഞ്ജിത്. റിയാലിറ്റി ഷോയിലൂടെ നമുക്ക് പരിചിതയായ ശാലീന ഭംഗിയുള്ള പാട്ടുകാരി. അവര്‍ക്കൊപ്പം കുറച്ചു നേരം.

 

അന്നു കേട്ട ഇഷ്ടം

 

ബിജിബാല്‍ സാറിന്റെ ബോധി സൈലന്റ് സ്‌കേപ് ആണ് ഈ ഗാനം ആദ്യം പുറത്തിറക്കുന്നത്. ആദ്യം കേട്ടപ്പോള്‍ തന്നെ ഇഷ്ടം എന്നതിനപ്പുറമൊരു അടുപ്പമാണ് എനിക്കീ പാട്ടിനോടു തോന്നിയത്. നന്ദു കര്‍ത്ത എന്നൊരു വ്യക്തിയാണ് ഈ പാട്ട് ആ വിഡിയോയില്‍ സംഗീതമിട്ടു പാടിയത്. അദ്ദേഹത്തെ വിളിച്ച് പാട്ടിന്റെ ഭംഗിയേയും അത് എനിക്കും പാടണം എന്നു പറയുകയും ചെയ്തു. അദ്ദേഹത്തിന് വലിയ സന്തോഷമായി. കരോക്കെ അന്വേഷിച്ചാണ് ഞാന്‍ വിളിച്ചത്. അതു വേണ്ട, ബിനീത ഒരു അണ്‍പ്ലഗ്ഗ് വേര്‍ഷന്‍ ചെയ്യൂ എന്നു പറഞ്ഞു. പക്ഷേ അത്രമാത്രം ഇഷ്ടമായതു കൊണ്ടാകണം എനിക്ക് ഒറിജിനല്‍ വേര്‍ഷനില്‍ നിന്നും ഒട്ടുമേ മാറ്റിപ്പാടാന്‍ തോന്നിയില്ല. എന്റെ ഭര്‍ത്താവ് എ.ആര്‍. രഞ്ജിത് തന്നെയാണ് വിഡിയോ സംവിധാനം ചെയ്തതും. അഭിനയിക്കണം എന്നൊന്നും വിചാരിച്ചിരുന്നില്ല. ആ പാട്ടിനോടുള്ള ഇഷ്ടത്തില്‍ ചെയ്തതാണ്. കൂട്ടുകാരില്‍ നിന്നും മറ്റു പ്രേക്ഷകരില്‍ നിന്നും വിഡിയോയോടുള്ള ഇഷ്ടം അറിയുമ്പോള്‍ സന്തോഷം.

 

അമ്മ തന്ന പാട്ടും ആ സാറും

 

അമ്മയില്‍ നിന്നാണ് എനിക്കീ പാട്ട് കിട്ടിയത്. അമ്മ യൂണിവേഴ്‌സിറ്റി യൂത്ത്‌ഫെസ്റ്റിവലിലൊക്കെ പങ്കെടുത്ത് സമ്മാനം വാങ്ങിയ ആളാണ്. ഗാനമേളകള്‍ക്കൊക്കെ പോകുമായിരുന്നു. പക്ഷേ പിന്നീട് അമ്മ ഞങ്ങളൊക്കെ വന്നതോടെ പാട്ട് വേണ്ടെന്നു വച്ചു. ഞങ്ങള്‍ക്കു വേണ്ടിയായിരുന്നു അതെല്ലാം. അച്ഛന് പൊലീസിലായിരുന്നു ജോലി. രണ്ടാള്‍ക്കും കലാരംഗം വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് ചേട്ടനെ മൃദംഗം പഠിപ്പിച്ചിരുന്നു. എന്നെ പാട്ടും. ഒന്നിനും രണ്ടാളും നിര്‍ബന്ധിക്കുമായിരുന്നില്ല. പക്ഷേ ചിട്ടകള്‍ വേണം എന്നുണ്ടായിരുന്നു. രാവിലെ എഴുന്നേല്‍പ്പിച്ച് മൃദംഗവും പാട്ടും പ്രാക്ടീസ് ചെയ്യിക്കുമായിരുന്നു. പഠിക്കുന്നതു നന്നായി അതിന്റേതായ രീതിയില്‍ ഒരു ഉപാസന പോലെ കൊണ്ടുപോകണം എന്നുണ്ടായിരുന്നു. ഇപ്പഴും ഈ തിരക്കിനിടയിലും പാട്ടു കൂടുതല്‍ നന്നായി പഠിക്കണം പാടണം എന്നൊരു ആവേശം മനസ്സില്‍ വരുന്നതും അതില്‍ സമയം കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍ സങ്കടം തോന്നുന്നതും അതുകൊണ്ടാണെന്നാണ് എനിക്കു തോന്നുന്നത്. 

 

Bineetha-Family

കുറച്ചൊക്കെ പാടുന്നയാളാണ് എന്നറിയാവുന്നതു കൊണ്ടാകും എന്റെ ചേട്ടന്‍ ഒരു കഥാപ്രസംഗം അവതരിപ്പിക്കുമ്പോള്‍ വന്ന ഇടവേളയില്‍ എന്നെക്കൊണ്ടൊരു പാട്ട് പാടിച്ചു. ബേബി മാത്യു എന്ന സാറായിരുന്നു പാട്ട് പഠിപ്പിച്ചു വിട്ടത്. അത് കേട്ടിട്ട് അച്ഛന്റെ സുഹൃത്തുക്കളാണ് എന്നെ പാട്ട് പഠിപ്പിക്കണം എന്നു പറഞ്ഞത്. ബേബി മാത്യു സര്‍ ആയിരുന്നു എല്ലാത്തിനും തുടക്കമിട്ടത്. പിന്നീടും അനേകം ഗുരുക്കന്‍മാര്‍ വന്നു. അവരുടെ അനുഗ്രഹം കൊണ്ടു മാത്രമാണ് ഇന്നും മെഡിക്കല്‍ പ്രൊഫഷനോടൊപ്പം എനിക്കും പാട്ടും കൊണ്ടുപോകാനാകുന്നത്.

 

കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു എംബിബിഎസ് പഠനം. ആ കോഴ്‌സിന്റെ സ്വഭാവം അനുസരിച്ച് പാട്ടും ഒപ്പം കൊണ്ടുപോകാന്‍ കഴിയുന്നതല്ല. പക്ഷേ പാട്ടിനെ ഇഷ്ടപ്പെടുന്ന ഒരു വലിയ കൂട്ടം അധ്യാപകരും സീനിയേഴ്‌സും അവിടെയുണ്ടായിരുന്നതിനാല്‍ ഒരിക്കലും ഒന്നും തടസ്സമായില്ല. എന്ത് പരിപാടി വന്നാലും യുവജനോത്സവങ്ങള്‍ വന്നാലും എന്നെക്കൊണ്ടു പാട്ടു പാടിക്കുമായിരുന്നു. ഇപ്പോഴും പാട്ടിഷ്ടക്കാരായ ഒരു കൂട്ടം ഡോക്ടര്‍മാരുമായി സജീവമായുണ്ട് സോഷ്യല്‍ മീഡിയയില്‍. മ്യൂസിക് ആന്‍ഡ് മ്യൂസിക് ഒണ്‍ലി എ്ന്നു പറഞ്ഞുകൊണ്ടൊരു വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ട്. ജോലിയുടെ തിരക്കും മറ്റും കാരണം സംഗീതരംഗത്ത് സജീവമാകാന്‍ കഴിയാതെ പോയ നിരവധി ഡോക്ടര്‍മാരുണ്ട്. നന്നായി പാടുന്ന ഒരുപാട് പേരുണ്ട്. എന്നെ സംബന്ധിച്ച് എന്റെ പ്രൊഫഷനേയും പാഷനേയും ഒരുപോലെ പിന്തുണയ്ക്കുന്ന കുടുംബമാണ് കിട്ടിയത്. അതുകൊണ്ട് ഇപ്പോഴും സംഗീത പഠനവും പരിപാടികളുമായി പോകാനാകുന്നു.

 

ജോലിയും പാട്ടും

 

ഗവണ്‍മെന്റ് സര്‍വീസില്‍ ആവണിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ജോലി ചെയ്യുന്നത്. നല്ല ഉത്തരവാദിത്തമുള്ള ജോലിയാണ്. വേനല്‍ക്കാല രോഗങ്ങളുടെ തടയലും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തന്ങ്ങളുടെ ഏകോപനം നല്‍കലുമൊക്കെ ഇതിന്റെ ഭാഗമാണ്. അങ്ങനെയുള്ളൊരാള്‍ക്ക് ഇത്ര സീരിയസായി പാട്ടിനെ കൊണ്ടുപോകാന്‍ കഴിയേണ്ടതല്ല. അങ്ങനെ സാധിക്കുന്നതിനു കാരണം ഒരൊറ്റ ഉത്തരം കുടുംബം അത്രമേല്‍ ചേര്‍ത്തുപിടിക്കുന്നുവെന്നതാണ്. 

Bineetha

 

ഭര്‍ത്താവ് രഞ്ജിത് കൊച്ചിയില്‍ ബിസിനസ് കണ്‍സള്‍ട്ടന്റ് ആണ്. നല്ല തിരക്കുള്ള, ടെന്‍ഷനുള്ള ജോലിയാണ്. പക്ഷേ അതിനിടയിലും എന്റെയീ ഇഷ്ടം കൊണ്ടുപോകാനുള്ള എല്ലാ പിന്തുണയും ഇഷ്ടവും തരാറുണ്ട്. അങ്ങനെയൊരു ഭാഗ്യമുണ്ടായി. അങ്ങനെയൊരാള്‍ ജീവിതത്തിന്റെ തന്നെ പുണ്യമാണെന്നു പറയാനാണ് എനിക്കിഷ്ടം.  ഈ പാട്ട് തന്നെ വിഡിയോ ആക്കി പുറത്തിറക്കണം എന്നുണ്ടായിരുന്നു. പക്ഷേ അതെങ്ങനെ എപ്പോള്‍ പൂര്‍ത്തിയാക്കണം എന്നതിനെ പറ്റി ഒരു ഐഡിയയും ഇല്ലായിരുന്നു. ഞാന്‍ എന്ത് ചെയ്യാന്‍ തീരുമാനിച്ചാലും അത് നീണ്ടുപോകുന്നതാണ് പതിവ്. പക്ഷേ രഞ്ജിത് പറഞ്ഞു, നീ ഒരു കാര്യം തീരുമാനിക്ക് അടുത്ത ഒരുമാസം കൊണ്ട് ഞാനീ വിഡിയോ പൂര്‍ത്തിയാക്കും എന്ന്. അദ്ദേഹത്തിന്റെ നിര്‍ബന്ധം കൂടിയായപ്പോള്‍ അത് വേഗം പൂര്‍ത്തിയായി.  അല്ലായിരുന്നുവെങ്കില്‍ ഇനിയും വൈകിയേനെ. ഡയറക്ഷനോട് ഒരല്‍പം ഇഷ്ടമുള്ളതുകൊണ്ടു വിഡിയോയ്ക്ക് സംവിധായകനെ തേടി നടക്കേണ്ടിയും വന്നില്ല. എന്നേക്കാള്‍ തിടുക്കമായിരുന്നു ആളിന്. എന്റെ അച്ഛനും അമ്മയും എനിക്കെത്രമാത്രം പ്രോത്സാഹനമാണോ തരുന്നത് അതുപോലെ തന്നെയാണ് അദ്ദേഹന്റെയും അച്ഛനും അമ്മയും. എനിക്കൊരു സഹോദരന്‍ കൂടിയുണ്ട്, ബിനോയ്. ലണ്ടനില്‍ എഞ്ചിനീയറാണ്. അതുപോലെ എന്റെ ഏറ്റവും വലിയ വിമര്‍ശകനും. പാട്ടിനോട് പാഷന്‍ നമുക്കുണ്ടായാല്‍ മാത്രം പോരല്ലോ കൂടെ ചുറ്റിനും ഇത്തരം ആളുകള്‍ കൂടി വേണം. എന്നാലെ അത് അനായാസമായി ക്രിയേറ്റിവ് ആയി കൊണ്ടുപോകാനാകൂ. രണ്ടു മക്കളാണ് ഞങ്ങള്‍ക്ക് ദേവദത്തനും ഹര്‍ഷവര്‍ദ്ധനും. 

 

ഇന്നും ആ ഓര്‍മ്മകള്‍

 

2007ല്‍ എംബിബിഎസ് കഴിഞ്ഞ് ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന സമയത്താണ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്. കുറേ ഘട്ടങ്ങള്‍ മുന്നോട്ടു പോകാനായി. അത് കഴിഞ്ഞിട്ട് എത്ര വര്‍ഷമായി. പക്ഷേ, ഇപ്പോഴും ആളുകള്‍ എന്നെ തിരിച്ചറിയുന്നത് ആ റിയാലിറ്റി ഷോയുടെ പേരും പറഞ്ഞാണ്. അതെനിക്ക് ഭയങ്കര അത്ഭുതമാണ്. അതില്‍ പാടിയ ചില പാട്ടുകള്‍ പോലും എടുത്ത് പറഞ്ഞാണ് അവര്‍ എന്നെ പരിചയപ്പെടുന്നത്. അതിനു തുടര്‍ച്ചയെന്നോണം കുറേ പ്രോഗ്രാമുകളില്‍ പങ്കെടുക്കാനായി. കുറേ വേദികള്‍ പരിചയപ്പെട്ടു. വേറൊരു തലത്തില്‍ സംഗീത ജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്നുള്ള ചിന്തയുണ്ടായി. അതില്‍ നിന്നൊക്കെ കിട്ടിയ ഊര്‍ജമാണ് ഈ വിഡിയോയിലൊക്കെ എത്തി നില്‍ക്കുന്നത്. ഇതുപോലെ വേറെയും ചെയ്യണം എന്ന ചിന്തയുണ്ടാക്കുന്നത്. റിയാലിറ്റി ഷോകള്‍ക്കെതിരെ കുറേ വിമര്‍ശനങ്ങളുണ്ടെന്നതു സത്യമാണ്. പക്ഷേ എല്ലാത്തിനും ഉപരിയായി അതൊരു നല്ല പ്ലാറ്റ്‌ഫോം ആണ്. ആരോഗ്യകരമായ മത്സരവും പാട്ട് പഠിക്കണമെന്ന ചിന്തയും നന്നായി മുന്നേറണം എന്നൊരു ചിന്തയുമാണെങ്കില്‍ വേറെ പ്രശ്‌നമൊന്നുമില്ല.

 

സിനിമകള്‍

 

രണ്ടു സിനിമകളിലെ ഇതുവരെ പാടാന്‍ കഴിഞ്ഞിട്ടുള്ളൂ. കഥ പറഞ്ഞ കഥ, ലോഹം എന്നീ ചിത്രങ്ങളിലായിരുന്നു പാടിയത്. കുറച്ചേ പാടാനായുള്ളൂവെങ്കിലും പിന്നീട് അധികം അവസരങ്ങള്‍ വന്നില്ലയെങ്കിലും രണ്ടു നല്ല സംഗീത സംവിധായകര്‍ക്കു കീഴില്‍ നല്ല രണ്ടു ഗാനങ്ങള്‍ പാടാനായി എന്ന ചാരിഥാര്‍ഥ്യം ഉണ്ട്. ലോഹം ശ്രീവല്‍സന്‍ ജെ മേനോന്‍ സംഗീതമിട്ട ചിത്രമാണ്. കഥ പറഞ്ഞ കഥ ജെയ്‌സണ്‍ ജെ നായരുടേതും. ശ്രീവല്‍സന്‍ സര്‍ എന്റെ ലളിതഗാനമോ മറ്റോ സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടാണ് പാട്ട് തന്നത്. ജെയ്‌സണ്‍ സര്‍ എ്‌ന്റെ ഗുരു കൂടിയാണ്. പക്ഷേ നമ്മള്‍ക്ക് പിന്നെയും പാട്ട് കിട്ടണമെങ്കില്‍ കുറേ ഘടകങ്ങളുണ്ട്. ഒന്നാമതെ നല്ല കോംപറ്റീഷനുള്ള ഫീല്‍ഡ് ആണിത്. നമ്മള്‍ ഇവിടെയുണ്ട് എന്നറിയിക്കാനുള്ള കാര്യങ്ങള്‍ നമ്മള്‍ തന്നെ ചെയ്യണം. ഞാന്‍ അത്തരം ശ്രമങ്ങളൊന്നും നടത്തുന്ന ഒരാളല്ല. ഇടയ്ക്കിടെ മ്യൂസിക് വിഡിയോകള്‍ ചെയ്യുക സംഗീത സംവിധായകരുടെ അടുത്ത് അത് പരിചയപ്പെടുത്തുക സംഗീത രംഗത്ത് സജീവമായി നില്‍ക്കുക ഇഅങ്ങനെ പലതും ചെയ്യേണ്ടതുണ്ട്. എനിക്കതിനൊന്നും സമയം കിട്ടാറേയില്ല. ഒരു പത്ത് ദിവസം ലീവ് എടുക്കാന്‍ പോലും പേടിയാണ്. അങ്ങനെയാണ് ജോലിയുടെ സ്വഭാവം അല്ലെങ്കില്‍ അതിനോടുള്ള എന്റെ നിലപാട്. ഇപ്പോള്‍ ഈ വിഡിയോയുമായി വന്നതു തന്നെ ഞാന്‍ എന്നൊരു ഗായിക ഇവിടെയുണ്ട് എന്ന് അറിയിക്കണം എന്ന ആഗ്രഹത്തോടെയാണ്. പാട്ടിന് ഒരുപാട് സാധ്യതകള്‍ ള്ള ഇക്കാലത്ത്, സ്വതന്ത്ര സംഗീത രംഗം സജീവമായ ഇക്കാലത്ത് ഇനിയും കൂടുതല്‍ പാട്ടുകള്‍ ചെയ്യണം എന്നാണ് ആഗ്രഹം. അടുത്തത് സ്വതന്ത്രമായൊരു വിഡിയോ ചെയ്യണം. ആരെയെങ്കിലും കൊണ്ട് വരികളെഴുതി നല്ലൊരു സംഗീത സംവിധായകനെ കൊണ്ട് സംഗീതം ചെയ്യിച്ച് പുറത്തിറക്കണം എന്ന്. ഭാഗ്യവും സംഗീത രംഗത്ത് ഒരു ഘടകം തന്നെയാണ്. എങ്കിലും നമ്മള്‍ നമ്മളെക്കൊണ്ട് കഴിയുന്നത് ചെയ്യണമല്ലോ. എന്നെ സംബന്ധിച്ച് ചലച്ചിത്ര സംഗീത രംഗത്ത് കൂടുതല്‍ അവസരം കിട്ടാന്‍ പാകത്തിലുള്ളൊരു ശ്രമം ഞാന്‍ നടത്തിയിട്ടില്ല എന്നതാണ്. അതുപോലെ നമ്മള്‍ നമ്മളെ തെളിയിച്ചു കാണിക്കണം എന്നതുമുണ്ട്. ഇതും എ്ന്നില്‍ നിന്നുണ്ടായിട്ടില്ല. അതുകൊണ്ട് ഇനിയുള്ള ശ്രമങ്ങള്‍ അങ്ങനെയാകണം എന്നു ചിന്തിക്കുന്നു. അന്നേരം സിനിമകള്‍ തേടിയെത്തും എന്നു കരുതുന്നു.

 

മറക്കില്ല ആ വാക്കുകള്‍

 

റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന സമയത്ത് ഒരു പഴയ ഹിന്ദി ഗാനം ആലപിച്ചിരുന്നു. ആ എപ്പിസോഡ് കണ്ടിട്ട് എന്നെ യൂസഫലി കേച്ചേരി സര്‍ വിളിച്ചിരുന്നു. ആദ്യമെനിക്ക് വിശ്വസിക്കാനേ സാധിച്ചില്ല. സര്‍ പറഞ്ഞത്, നീ ഇതു പാടുന്ന കേട്ടപ്പോള്‍ ഞാന്‍ ഒരുപാട് കാലം പിന്നിലേക്കു പോയി, എനിക്കൊരുപാട് ഇഷ്ടമായി എന്നാണ്. ആ പാട്ടിനോടുള്ള ഇഷ്ടവും അത് തന്നെ എങ്ങനെ സ്വാധീനിച്ചു എന്നൊക്കെ സര്‍ എന്നോടു പറഞ്ഞു. ഇതുപോലൊരു ഗാനം ചെയ്യണം, അത് നിന്നെക്കൊണ്ടു പാടിക്കണം എന്നുണ്ടെന്നും പറഞ്ഞു. അതൊന്നും നടന്നില്ല എങ്കിലും ആ കോള്‍ എനിക്ക് മറക്കാനാകില്ല. അദ്ദേഹത്തെ ഒരിക്കല്‍ പോലും കണ്ടില്ലെന്ന സങ്കടമായിരുന്നു അദ്ദേഹം മരിച്ച സമയത്ത് മനസ്സില്‍ നിറയെ. അതുപോലെ കോട്ടയത്ത് ഒരു സംഗീത പരിപാടി അവതരിപ്പിച്ച് വേദിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ പ്രായം ചെന്ന ഒരാള്‍ വന്ന് എന്റെ കയ്യില്‍ പിടിച്ചിട്ട് പറഞ്ഞു, ജാനകി അമ്മ അല്ലാതെ ആ പാട്ടിന്റെ ഹമ്മിങ് ഇത്ര മനോഹരമായി മറ്റാരും പാടി കേട്ടിട്ടില്ല എന്ന്. 

അദ്ദേഹം എന്റെ പാട്ട് കേട്ട് ജാനകിയമ്മയെ അനുസ്മരിച്ചു എന്നതിനേക്കാള്‍ പ്രായം ചെന്നൊരാളില്‍ കുറച്ചെങ്കിലും പാട്ടു കൊണ്ട് സന്തോഷം നല്‍കാനായല്ലോ എന്ന ചിന്തയായിരുന്നു എനിക്ക്.

 

അതുപോലെ ഈ വിഡിയോ ചെയ്തപ്പോള്‍ അതിന്റെ ഗാനരചയിതാവായ വിജയലക്ഷ്മി മാഡത്തെ വിളിച്ചിരുന്നു. അന്നേരം ഫോണ്‍ അറ്റെന്‍ഡ് ചെയ്തില്ല. പക്ഷേ വിഡിയോ റിലീസ് ചെയ്യുന്നതിനു മുന്‍പ് ഞാന്‍ മെയില്‍ ഐഡി കണ്ടുപിടിച്ച് മെസേജ് അയച്ചു. അത് കണ്ടപാടെ എന്നെ തിരികെ വിളിച്ച് അഭിനന്ദിച്ചു. അതൊക്കെ എന്നെന്നും നല്ല ഓര്‍മ്മകളല്ലേ.

 

അവര്‍

 

ശ്രേയ ഘോഷാല്‍ എന്നൊരു ഉത്തരമേയുള്ളൂ നിലവില്‍ പ്രിയ ഗായിക ആരെന്നു ചോദിച്ചാല്‍ പറയാന്‍. അവര്‍ ഒരുപാട് ഹിറ്റുകള്‍ പാടിയ നിരവധി പുരസ്‌കാരങ്ങള്‍ നേടിയൊരു ഗായിക എന്നതു മാത്രമല്ല അതിനു കാരണം. പാട്ടുകള്‍ക്ക് അവര്‍ നല്‍കുന്നൊരു പ്രത്യേക ഭാവമുണ്ട്. എത്ര ശ്രമിച്ചാലും നമുക്ക് അത് അനുകരിക്കാനേ കഴിയില്ല. പ്രണയമയീ രാധ...പാടുമ്പോള്‍ ‘ധ എന്ന അക്ഷരത്തിന് കൊടുക്കുന്ന ഭാവമൊക്കെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എത്ര നോക്കിയാലും എനിക്ക് അതുപോലെ ചെയ്യാനേ കഴിയാറില്ല. അത്രയ്ക്കുണ്ട് പ്രതിഭ. അവരുടെ എല്ലാ ഗാനങ്ങളും ഇഷ്ടമാണ്. മേരേ ഡോല് നാ...ഒക്കെ സ്‌റ്റേജില്‍ പാടാറുണ്ട്. അധികവും അവരുടെ പാട്ടുകളാണ് തിരഞ്ഞെടുക്കാറ്. പാടുന്നതിനു മുന്‍പ് ശ്രേയയുടെ ലൈവ് പെര്‍ഫോമന്‍സ് ഒക്കെ കാണും. അതെനിക്ക് വലിയ ആത്മവിശ്വാസമാണ് തരാറ്.

 

പിന്നെ ജാനകിയമ്മ. അവരൊക്കെ ഇതിഹാസങ്ങളാണ്. എപ്പോഴും മനസ്സിലുള്ളവര്‍. ജാനകിയമ്മയുടെ മെലഡികള്‍ കേട്ടാണ് വളര്‍ന്നതു തന്നെ. പിന്നെ ഇഷ്ടം ബോംബെ ജയശ്രീ. ശാസ്ത്രീയ സംഗീതത്തില്‍ അവരോടാണ് എനിക്ക് എന്റെ എല്ലാ ഇഷ്ടവും. 

 

ഇഷ്ടം

 

നേരത്തെ പറഞ്ഞതു പോലെ പുതിയൊരു വിഡിയോ സോങ് ചെയ്യണം. പിന്നെ കുറേ കൂടി സംഗീത പരിപാടികളില്‍ പങ്കെടുക്കണം. അതുപോലെ എനിക്ക് മെലഡിയാണ് ചേരുന്നത് എന്നു പറഞ്ഞിട്ടുണ്ട് പലരും. എങ്കിലും ഇടയ്ക്കിടെ ഫാസ്റ്റ് നമ്പറുകളും പാടാറുണ്ട്. ഇനി കുറച്ച് ഫോക് മ്യൂസിക് പാടണം എന്നുണ്ട്. ട്രെന്‍ഡിന് അനുസരിച്ചുള്ള പാട്ടുകള്‍ പാടണം, എന്നെന്നും ആളുകള്‍ ഓര്‍ത്തിരിക്കുന്ന പാട്ടുകളുടെ പാട്ടുകാരികണം എന്നൊക്കെയാണ് മനസ്സിലുള്ളത്. എല്ലാത്തിനേക്കാളും ഉപരിയായി സംഗീതം കുറേ കൂടി സജീവമായി മുന്നോട്ടു കൊണ്ടുപോകണം എന്നാണ് ആഗ്രഹം. ബാക്കിയെല്ലാം വഴിയെ വന്നുകൊള്ളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com