വയസ് 10, താമസം മെൽബണിൽ; മൈ സാന്റയിലെ ഇംഗ്ലിഷ് പാട്ടുകാരി വേറെ ലെവലാണ്

Mail This Article
കുട്ടികളും കുടുംബങ്ങളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദിലീപിന്റെ ക്രിസ്തുമസ് റിലീസ് ‘മൈ സാന്റ’ എന്ന ചിത്രത്തിലെ ട്രൈലറിനു വേണ്ടി പാടിയ ഇംഗ്ലീഷ് സോങ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഈ പാട്ടു കേൾക്കാൻ വേണ്ടി മാത്രം ട്രെയ്‌ലർ തുടർച്ചയായി കണ്ടവരുടെ കമെന്റ്സ് ആണ് യുട്യൂബ് വിഡിയോയ്ക്കു താഴെ. ഇംഗ്ലീഷ് പാട്ടു വണ്ടർ അടിച്ചവർ ഉണ്ടോ എന്നും, ആ സോങ് കൂടെ ആയപ്പോൾ ഒരു ഹോളിവുഡ് ഫാന്റസി മൂവി പോലെ എന്നും ഒക്കെ നീളുന്നു കമന്റുകൾ.
ട്രെയ്‌ലറിനു വേണ്ടി പത്തു വയസ്സിൽ താഴെ ഉള്ള, ഇംഗ്ലീഷ് സോങ്‌സ് പാടുന്ന ഒരു പെൺകുട്ടിയെ തേടി ഉള്ള അന്വേഷണം എത്തി നിന്നത് ഓസ്‌ട്രേലിയയിലെ മെൽബണിലുള്ള മലയാളി വിദ്യാർഥിനി ജാനകി എന്ന പത്തു വയസുകാരിയിൽ ആണ്. ഒരു സുഹൃത്തിന്റെ ഹോം സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തു അയച്ചു കൊടുത്ത ഗാനം അടുത്ത ദിവസം തന്നെ യൂട്യൂബിൽ കേൾക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജാനകി.
സോഷ്യൽ മീഡിയ വഴി കേരളത്തിലെ നിരവധി പേര്‍ ജാനകിയുടെ ശബ്ദം കേട്ടു കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഓണത്തിന് കുമ്പളങ്ങി നൈറ്റ്സിലെ 'ചെരാതുകൾ' എന്ന ഗാനത്തിന് പുതിയ മാനം കൊടുത്ത ജാനകിയുടെ വിഡിയോ ഗായിക സിതാര ഉൾപ്പടെയുള്ളവർ ഷെയർ ചെയ്യുകയും അര ലക്ഷത്തിലേറെ പേർ ഫേസ്ബുക്കിലൂടെ കാണുകയും ചെയ്തിരുന്നു.
മെൽബൺ ആസ്ഥാനമായ ക്യു4 പ്രൊഡക്ഷൻസിന്റെ ലേബലിൽ ഗ്രാമി ഓസ്കാർ അവാർഡ് ജേതാവായ ഗായിക ലേഡി ഗാഗയുടെ എ സ്റ്റാർ ഈസ് ബോൺ എന്ന മൂവിയിലെ ‘ഐ വിൽ നെവർ ലവ് അഗയ്ൻ’ എന്ന ഗാനത്തിന്റെ കവർ ഈയിടെ യൂട്യൂബിൽ റിലീസ് ചെയ്തത്തിനു പിന്നാലെയാണ് സാന്റ ഗാനം ജാനകിയെ തേടി എത്തുന്നത്.
മെൽബണിലെ ബാൾവിൻ നോർത്ത് പ്രൈമറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ജാനകി ഓസ്ട്രേലിയയിലെ പ്രശസ്ത സംഗീതാധ്യാപകൻ ഡേവിഡ് ജാൻസിന്റെയും കർണാടക സംഗീതജ്ഞ ആയ ശ്രീമതി ശോഭ ശേഖരന്റേയും ശിഷ്യയാണ്. കോഴിക്കോട് കക്കോടി അനൂപ് ദിവാകരന്റെയും ദിവ്യ രവീന്ദ്രന്റെയും മകളാണ്.