സ്കൂള് കാലത്ത് വെറുതെ എഴുതി; ഇപ്പോൾ നാട്ടിലെങ്ങും പാട്ടായി ഷെറിന്റെ വരികൾ
Mail This Article
18 വർഷങ്ങൾക്കു മുൻപ് എഴുതിയ കവിതകൾ തപ്പിയെടുത്തു ഫെയ്സ്ബുക്കിൽ പങ്കുവച്ചാൽ എന്തു സംഭവിക്കും? സംഗീത ആൽബം നിർമാതാക്കൾ വീട്ടിൽ തേടിയെത്തുമെന്നു ചെമ്മലമറ്റം സ്വദേശിനി ഷെറിൻ ജോയി പറയും. സ്കൂളിൽ പഠിക്കുമ്പോൾ പുസ്തകത്താളുകളിൽ കുറിച്ച കവിതകൾ ലോക്ഡൗൺ സമയത്താണു പ്ലാത്തോട്ടത്തിൽ ജോബി ജോസിന്റെ ഭാര്യ ഷെറിൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. അത് ആൽബമായി.
പ്ലസ് ടൂ പഠന കാലത്താണു ഷെറിൻ അക്ഷരങ്ങൾ കൂട്ടിയെഴുതി കവിതയാക്കിയത്. എന്നാൽ അതൊന്നും വെളിച്ചം കണ്ടില്ല. കോവിഡ് ലോക്ഡൗണിൽ വീട്ടിൽ അകപ്പെട്ടതോടെ വീണ്ടും കവിതകൾ എഴുതിത്തുടങ്ങി. അവ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കു വച്ചു.
ഫേസ്ബുക്കിൽ കോറിയിട്ട കവിതാ ശകലങ്ങളും പ്രാർഥനകളും കാവ്യാത്മകതയുടെ പുതുമഴ പെയ്യിച്ച് സംഗീത പ്രേമികളുടെ മനസ്സുകൾ കീഴടക്കിയപ്പോൾ അവസരങ്ങളുടെ വീഥി തുറന്ന് സംഗീത ആൽബം നിർമാതാക്കളെത്തി. ദൈവാനുഗ്രഹം വഴിഞ്ഞൊഴുകുന്ന മനോഹര ഗീതങ്ങൾ. അതിനു സംഗീതത്തിന്റെ മാധുര്യം കൂട്ടി ചേർത്തതോടെ ഷെറിൻ തിരക്കിലായി.
ആവണിപ്പുലരികളെ കുടപിടിച്ചാനയച്ചു ഷെറിൻ ജോബി രചിച്ച ഓണക്കാല കവിതകളും ശ്രോതാക്കളെ ഭക്തിയുടെ ഉന്നതിയിലെത്തിക്കുന്ന ഭക്തിഗാനങ്ങളും സംഗീത പ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു. അവസരങ്ങൾ ലഭിച്ചാൽ മലയാള സിനിമാ സംഗീത ലോകത്തിന് തനതായ കാവ്യഭാവനകൾ പകരാൻ ഷെറിൻ ജോബിക്കു കഴിയുമെന്ന് എല്ലാ പിന്തുണയും നൽകുന്ന സുഹൃത്തുക്കളും വീട്ടുകാരും പറയുന്നു.
ഐമ ക്ലാസിക്കിന്റെ ബാനറിൽ പുറത്തിറങ്ങിയ കുരിശിൻ ചുവട്ടിലെ സഹന പുത്രി എന്ന ആൽബത്തിലെ വി.അൽഫോൻസാമ്മയുടെ ഗാനമാണ് ആദ്യം പുറത്തിറങ്ങിയത്. പിന്നീട് ടിബി മാരിപ്പുറത്ത് സംവിധാനം ചെയ്ത് പ്രശസ്ത ഗായിക അന്ന ബേബി പാടിയ 'അമ്മേ മാതാവേ എന്ന ഗാനം.
കൂടാതെ ഓണപ്പുലരി എന്ന കവിതയും തിരുവോണ ദിവസം റിലീസ് ചെയ്തിരുന്നു. സംഗീത അധ്യാപികയായ ബിൻസി ബിനോയിയാണു കവിത ആലപിച്ചത്. ഷോർട്ട് ഫിലിമുകൾക്ക് വേണ്ടിയും നിരവധിപേർ ഗാനങ്ങൾ ആവശ്യപ്പെട്ട് ഷെറിനെ സമീപിച്ചിട്ടുണ്ട്. 40തിലേറെ കവിതകളും ഇതിനോടകം എഴുതിക്കഴിഞ്ഞു. ചെമ്മലമറ്റം എൽഎഫ്എച്ച്എസ് വിദ്യാർഥിയായ ഷാരോൺ മകനാണ്.