തമിഴിൽ പിന്നണി പാടി ദുൽഖർ; ഹിറ്റായി ‘അച്ചമില്ലൈ അച്ചമില്ലൈ’

Mail This Article
തമിഴിൽ ആദ്യമായി പിന്നണി പാടി നടൻ ദുൽഖർ സൽമാൻ. താരം നായകനായെത്തുന്ന ‘ഹേ സിനാമിക’യിലെ ‘അച്ചമില്ലൈ അച്ചമില്ലൈ’ എന്ന പാട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് പാട്ടിന് ഈണമൊരുക്കിയത്. പാട്ടിന്റെ ടീസര്‍ ദുൽഖർ സൽമാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
‘അച്ചമില്ലൈ അച്ചമില്ലൈ’ ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ദുൽഖറിന്റെ ആലാപനമികവിനെ പ്രശംസിച്ചാണ് പ്രതികരണങ്ങൾ ഏറെയും. മുൻപും താരം പാടിയ പാട്ടുകളെല്ലാം ഏറെ പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു.
പ്രശസ്ത കൊറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേയ് സിനാമിക’. അദിതി റാവു ഹൈദരിയും കാജല്‍ അഗര്‍വാളുമാണ് നായികമാര്‍. റൊമാന്റിക് എന്റർടെയിനറായ ‘ഹേയ് സിനാമിക’ ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോസും ചേർന്നു നിർമിക്കുന്നു. ചിത്രം ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തും.