മത്സ്യമേഖല: കേരളത്തിന്റെ പദ്ധതികൾ എല്ലായിടത്തും നടപ്പാക്കണമെന്ന് കേന്ദ്രം
Mail This Article
തിരുവനന്തപുരം∙ സമുദ്ര മത്സ്യോത്പാദന, മത്സ്യസംരക്ഷണത്തിനായി കേരളം ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതികൾ കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ മറ്റു തീരദേശ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ. മത്സ്യോത്പാദനം, ഉപയോഗം, മത്സ്യത്തൊഴിലാളികളുടെ താൽപര്യം എന്നിവയെല്ലാം വിലയിരുത്തിയാണു ഫിഷറീസ് വകുപ്പ് പദ്ധതികൾ തയാറാക്കിയത്.
ദക്ഷിണേന്ത്യൻ ഫിഷറീസ് മന്ത്രിമാരുടെ യോഗത്തിൽ പദ്ധതികൾ അവതരിപ്പിച്ച മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വിശദമായ റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിച്ചിരുന്നു. വലയിൽ പിടിക്കുന്ന മത്സ്യങ്ങളുടെ മിനിമം വലുപ്പം, മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ ശാക്തീകരണം,
ഉൾക്കടൽ മത്സ്യബന്ധനത്തിനുള്ള പരിശീലനം, മത്സ്യങ്ങളുടെ വംശനാശത്തിനിടയാക്കുന്ന തരത്തിലുള്ള മത്സ്യബന്ധനം തടയൽ, കേന്ദ്ര ഫിഷറീസ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ശുപാർശ ചെയ്ത തരത്തിലുള്ള വലകളുടെ ഉപയോഗം, ബോട്ട് ബിൽഡിങ് യാർഡുകളുടെ റജിസ്ട്രേഷനും ലൈസൻസിങ്ങും, വലനിർമാണ യൂണിറ്റുകളുടെ നിർബന്ധിത റജിസ്ട്രേഷനും ലൈസൻസിങ്ങും, അനധികൃത മത്സ്യബന്ധനം ഇല്ലാതാക്കൽ, കടലിലെ പ്ലാസ്റ്റിക് മലിനീകരണ നിർമാർജനം, ഇതിനായുള്ള പ്രത്യേക ശുചിത്വ സാഗരം പദ്ധതിയുടെ നടപ്പാക്കൽ, മൺസൂൺ കാല ട്രോളിങ് നിരോധനം, ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണത്തിനായി ഹാച്ചറികൾക്ക് അക്രഡിറ്റേഷൻ തുടങ്ങിയ കേരളത്തിന്റെ പദ്ധതികളാണു മറ്റു തീരദേശ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്നു കേന്ദ്രം നിർദേശിച്ചിരിക്കുന്നത്.